പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍; പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നോട്ടീസ്
Kerala News
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍; പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2024, 4:07 pm

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു.

സീറ്റ് പ്രതിസന്ധിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കം സമരം ശക്തമാക്കിയതിനിടെയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍. ദേശീയ ബാലാവകാശ കമ്മീഷന്‍ അംഗമായ ഡോ. ദിവ്യ ഗുപ്തയാണ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചത്.

പ്രതിസന്ധിക്കിടയായ കാരണം കാണിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഏഴ് ദിവസത്തിനകം നോട്ടീസില്‍ മറുപടി നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.

സീറ്റ് ലഭിക്കാത്തത് കുട്ടികളില്‍ മാനസിക സമ്മര്‍ദത്തിനടക്കം കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്‍ ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

അതിനിടെ, സീറ്റ് പ്രതിസന്ധിയില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ത്ഥികളെ തെരുവില്‍ നിര്‍ത്തിയിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നാട്ടിലിറങ്ങി നടക്കാമെന്ന് വിചാരിക്കേണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസ് പറഞ്ഞു. മാര്‍ച്ചിന് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.

Content Highlight: Child Rights Commission takes case over Plus One seat crisis