69-ാമത് ബോളിവുഡ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗുജറാത്ത് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത നടനുള്ള അവാര്‍ഡ് രണ്‍ബീറിനും, ക്രിട്ടിക്‌സ് തെരഞ്ഞെടുത്ത നടനുള്ള അവാര്‍ഡ് വിക്രാന്ത് മാസേയ്ക്കും ലഭിച്ചു. അനിമലിലെ അഭിനയമാണ് രണ്‍ബീറിനെ അവാര്‍ഡിനര്‍ഹനാക്കിയത്. 12th ഫെയിലിലെ പ്രകടനമാണ് വിക്രാന്തിനെ മികച്ച നടനാക്കിയത്.
നടിമാരില്‍ ക്രിട്ടിക്‌സ് അവാര്‍ഡ് റാണി മുഖര്‍ജിക്കും (മിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ), ഷെഫാലി ഷായ്ക്കും ( ത്രീ ഓഫ് അസ്), പ്രേക്ഷകര്‍ തെരഞ്ഞടുത്ത നടിക്കുള്ള അവാര്‍ഡ് ആലിയ ഭട്ടിനും (റോക്കി ഓര്‍ റാണി കീ പ്രേം കഹാനി) ലഭിച്ചു.
വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12th ഫെയിലാണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള അവാര്‍ഡ് വിധു വിനോദ് ചോപ്രക്ക് (12th ഫെയില്‍) ലഭിച്ചു. ഡങ്കിയിലെ അഭിനയത്തിന് വിക്കി കൗശല്‍ മികച്ച നടനായും, റോക്കി ഓര്‍ റാണി കീ പ്രേം കഹാനിയിലെ അഭിനയത്തിന് ഷബാന ആസ്മി മികച്ച സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു.
അനിമലും 12th ഫെയിലും അഞ്ച് അവാര്‍ഡുകള്‍ വീതം നേടി. മികച്ച എഡിറ്റിങ്, തിരക്കഥ എന്നിവയാണ് 12th ഫെയിലിന് ലഭിച്ച മറ്റ് അവാര്‍ഡുകള്‍. മികച്ച ഗായകന്‍, സംഗീതം, പശ്ചാത്തല സംഗീതം, സൗണ്ട് ഡിസൈന്‍ എന്നിവയിലാണ് അനിമല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്.
വസ്ത്രാലങ്കാരം, പ്രൊഡകഷന്‍ ഡിസൈന്‍, സൗണ്ട് ഡിസൈന്‍ എന്നീ മേഖലകളില്‍ സാം ബഹാദൂറിനും അവാര്‍ഡുകള്‍ ലഭിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗിഫ്റ്റ് സിറ്റിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.