| Monday, 28th April 2014, 2:34 pm

ഈജിപ്തില്‍ 683 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കെയ്്‌റോ: പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസില്‍ ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് ബാദി ഉള്‍പ്പടെ 683 പേര്‍ക്ക് വധശിക്ഷ. ഈജിപ്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ നല്‍കുന്നത് ആദ്യമാണ്.

നേരത്തെ വധശിക്ഷ വിധിച്ചിരുന്ന 528 പേരുടെ കേസ് പുനഃപ്പരിശോധിച്ച് അതില്‍ 492 പേരുടെ ശിക്ഷ ജീവപര്യന്തം തടവായി കുറച്ചിരുന്നു. കൊലപാതകത്തിനും അക്രമത്തിനും പ്രേരണ ചെലുത്തിയെന്നതാണ് മുഹമ്മദ് ബാദിയ്‌ക്കെതിരെ ചുമത്തിയ കുറ്റം. അതേ സമയം വിധിക്കെതിരെ പ്രതികള്‍ക്ക് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. സുപ്രീംകോടതി ശിക്ഷ ഇളവ് ചെയ്യുകയോ പുനര്‍വിചാരണ നടത്താന്‍ നിര്‍ദേശിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ ഒരു പോലീസുകാരനെ കൊലചെയ്യുകയും വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്‌തെന്ന കേസിലാണ് ഈജിപ്ഷ്യന്‍ കോടതിയുടെ നടപടി. മിനിയയിലുണ്ടായ കലാപത്തില്‍ പങ്കെടുത്ത മുസ്ലീം ബ്രദര്‍ഹുഡ് അനുകൂലികള്‍ക്കെതിരെയാണ് വിചാരണ നടക്കുന്നത്.

കഴിഞ്ഞ ജൂലായില്‍ ഈജിപ്ഷ്യന്‍ സൈന്യം പുറത്താക്കിയ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്ന വിഭാഗമാണ് മുസ്ലീം ബ്രദര്‍ഹുഡ്.  ഈയിടെ ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.

ക്രമസമാധാനലംഘനം, കലാപമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ക്കാണ് തടവ് ശിക്ഷ. രാജ്യത്ത് അക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് 15,000ത്തോളം മുര്‍സി അനുകൂലികളെ സൈനിക പിന്തുണയോടെ ഈജിപ്ത് ഭരിക്കുന്ന ഇടക്കാല ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more