അഭിമുഖം : നോം ചോംസ്‌കി / ഏലിയാഹു ഫ്രീഡ്മാന്‍ | പരിഭാഷ : വിഷ്ണു ശോഭന
ഏലിയാഹു ഫ്രീഡ്മാന്‍ : താങ്കള്‍ക്ക് ഏറെ പ്രിയങ്കരനായ പ്രവാചകന്‍ ആമോസ്, പൊറുക്കാന്‍ കഴിയുന്ന മൂന്ന് തെറ്റുകളെക്കുറിച്ചും പൊറുക്കാനാവാത്ത നാലാമത്തെ തെറ്റിനെക്കുറിച്ചും പറയുന്നുണ്ട്. താങ്കളുടെ അഭിപ്രായത്തില്‍ ഈ സമൂഹത്തില്‍ എന്തൊക്കെ പാപങ്ങളാണ് നിറഞ്ഞു കൊണ്ടിരിക്കുന്നത് ?
നോം ചോംസ്‌കി : നമുക്ക് അതിനെപ്പറ്റി വിലയിരുത്താനുള്ള അധികം സമയമൊന്നുമില്ല. ആണവശാസ്ത്രജ്ഞര്‍ പറയുന്ന ഡൂംസ്‌ഡേ ക്ലോക്ക് നിങ്ങള്‍ക്കറിയാമെന്ന് എനിക്കുറപ്പുണ്ട്. അതിപ്പോള്‍ അര്‍ദ്ധരാത്രിയിലേക്ക്, 90 സെക്കന്‍ഡ് മുന്നോട്ട് നീങ്ങിയിരിക്കുന്നു. ആണവ യുദ്ധങ്ങളുടെ ഭീഷണിയിലേക്ക് നീങ്ങുന്ന ഭൂമിയിലെ, മനുഷ്യാനുഭവങ്ങളുടെ ഉന്മൂലനത്തിന്റെ അടയാളപ്പെടുത്തലാണ് അര്‍ദ്ധരാത്രി എന്നത്.
കാലാവസ്ഥാധിഷ്ഠിതമായ ദുരന്തങ്ങള്‍ ഏറി വരികയാണ്. ഇസ്രാഈല്‍ ആയിരിക്കും അതിന്റെ ഏറ്റവും വലിയ ഒരു ഇര.
നമ്മുടെ നേതാക്കളുടെ പ്രധാന പാപം എന്താണെന്നു വെച്ചാല്‍ അവര്‍ ദുരന്തത്തിലേക്കുള്ള പാച്ചിലിലാണ്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ ഇരുപതാം വാര്‍ഷികത്തിലാണ് നമ്മള്‍ ഇപ്പോഴുള്ളത്, നൂറ്റാണ്ടിലെ ഏറ്റവും ക്രൂരമായ കുറ്റകൃത്യമായിരുന്നു അത്.
അടുത്തിടെ അമേരിക്കന്‍ നേവി തങ്ങളുടെ ഏറ്റവും പുതിയ ആയുധവാഹിനി കപ്പല്‍ കമ്മീഷന്‍ ചെയ്തിരുന്നു. യു.എസ്.എസ് ഫലൂജ എന്നായിരുന്നു അതിന്റെ പേര്. അമേരിക്കന്‍ ആക്രമണങ്ങളില്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കേണ്ടി വന്ന പ്രദേശമായിരുന്നു ഫലൂജ. അതൊരു മനോഹരമായ നഗരമായിരുന്നു. മറീനുകള്‍ അവിടേക്ക് കടന്നു കയറി, ആ പ്രദേശത്തെ ആകമാനം തകര്‍ത്തു കളഞ്ഞു.
ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. ഫോസ്ഫറസും യുറേനിയവുമുള്‍ച്ചേര്‍ന്നിരിക്കുന്ന രാസായുധങ്ങള്‍ യുദ്ധകാലത്ത് ഉപയോഗിച്ചതിന്റെ കെടുതികള്‍ ഇന്നും അവിടുത്തെ ജനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇത് ക്രൂരതയ്ക്കുമപ്പുറമാണ്, ഇതൊരു പ്രതീകമാണ്.
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ച് നോക്കൂ, മുഖ്യധാരയിലെവിടെയെങ്കിലും, അതിന്റെ പരിസരത്തെവിടെയെങ്കിലും ഇറാഖ് അധിനിവേശം ഒരു കുറ്റമായിരുന്നു എന്നുള്ള ഒരു വാക്ക് നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല, എന്നാല്‍ അത് 20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റകൃത്യമായിരുന്നു. അധിനിവേശവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുയര്‍ത്താന്‍ കഴിയുന്ന ഏറ്റവും മോശമായ വിമര്‍ശനം എന്താണെന്ന് വെച്ചാല്‍ അതൊരു അബദ്ധമായിരുന്നു എന്ന് പറയുകയെന്നതാണ്.
ഒരു ക്രൂരനായ ഏകാധിപതിയില്‍ നിന്ന് പാവപ്പെട്ട ഇറാഖി ജനതയുടെ വിമോചനത്തിനായി നടത്തപ്പെട്ട വിഫല ശ്രമമെന്ന പേരിലാണ് അമേരിക്കന്‍ അധിനിവേശം അവതരിപ്പിക്കപ്പെട്ടത്, പുന:ക്രമീകരിക്കപ്പെട്ടത്.
ഉദാരവാദികള്‍ പോലും അങ്ങനെയാണതിനെ കണ്ടത്. എന്തുകൊണ്ടാണ് യുദ്ധം ആരംഭിച്ചതെന്നതിന്റെ യഥാര്‍ത്ഥമായ കാരണം അതല്ലാതിരിക്കിലും.
സദ്ദാം ഹുസൈന്‍ തന്റെ ഏറ്റവും ഭയങ്കരമായ കുറ്റകൃത്യങ്ങള്‍ നടത്തിയ സമയങ്ങളില്‍ അമേരിക്ക അയാളെ പിന്തുണച്ചിരുന്നു എന്നതാണ് വാസ്തവം. സദ്ദാം ഹുസൈന്‍ ഇറാഖി ജനതക്കെതിരെ വിഷപ്രയോഗം നടത്തിയപ്പോഴും ഹലാബ്ജ കൂട്ടക്കൊലയുടെ* സമയത്തും അമേരിക്ക സദ്ദാം ഹുസൈനൊപ്പമായിരുന്നു. രാസായുധങ്ങള്‍ ഉപയോഗിച്ചപ്പോഴും ആയിരക്കണക്കിന് ഇറാന്‍ ജനങ്ങളെ കൊന്നൊടുക്കിയപ്പോഴും കലവറയില്ലാത്ത പിന്തുണ അമേരിക്ക അവര്‍ക്ക് നല്‍കി.
എന്നാല്‍ ചരിത്രം ഇപ്പോള്‍ പുനര്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. ഒരു കാലത്ത് നമ്മള്‍ വല്ലാതെ പിന്തുണച്ചിരുന്ന ഒരാളില്‍ നിന്ന് ‘ഇറാഖികളെ വിമോചിപ്പിക്കാനുള്ള’ ശ്രമങ്ങള്‍ നടത്തുന്നവരായി നമ്മളെ ചരിത്രത്തില്‍ പുനര്‍നിര്‍വചിക്കപ്പെട്ടിരിക്കുന്നു. 1990ല്‍ തങ്ങള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയ രാജ്യത്തോട്, ‘ഞങ്ങളെ രക്ഷിക്കൂ’എന്നാര്‍ത്തു വിളിച്ച് ഇറാഖി ജനത സഹായമഭ്യര്‍ത്ഥിച്ചിരുന്നില്ല.
ആ കാലം വളരെ ക്രൂരവും ദുരന്താത്മകവുമായിരുന്നു. നിരവധി പേരാണ് അന്ന് കൊല്ലപ്പെട്ടത്. പല അന്താരാഷ്ട്ര നയതന്ത്രജ്ഞരും അവിടെ അക്കാലത്ത് നടന്നത് കൂട്ടക്കൊലയാണെന്ന് പറഞ്ഞ് പദവികളില്‍ നിന്ന് രാജി വെച്ചിരുന്നു. പക്ഷേ ഇങ്ങനെയാണ് ബുദ്ധിജീവികള്‍ രാജ്യത്തിന്റെ കുറ്റകൃത്യങ്ങളെ പുനര്‍നിര്‍വചിക്കുന്നത്. എന്നാല്‍ ചിലര്‍ ആ നീക്കങ്ങളെ കൃത്യമായും എതിര്‍ത്തിരുന്നു. നിങ്ങള്‍ അവരുടെ ശബ്ദം കേട്ടിട്ടുണ്ടാകില്ല, അവര്‍ അരികുവത്കരിക്കപ്പെട്ടു പോയവരാണ്.
നിങ്ങള്‍ക്ക് യു.എസ്.എസ് ഫലൂജയെപ്പറ്റി അറിയണമെന്നുണ്ടോ? ഒരിക്കലും ഒരു അമേരിക്കന്‍ പത്രത്തില്‍ നിങ്ങളതിനെക്കുറിച്ച് വായിക്കില്ല. എന്നെപ്പോലുള്ള ആളുകള്‍ ഇതിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ നിങ്ങള്‍ക്ക് അമേരിക്കന്‍ പത്രങ്ങളിലല്ല മറിച്ച് അല്‍ ജസീറയിലേ വായിക്കാന്‍ കഴിയൂ.
ഏലിയാഹു ഫ്രീഡ്മാന്‍ : 1996ല്‍ നെതന്യാഹു തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് ലിക്കുഡ് പാര്‍ട്ടിയിലേക്കുള്ള മാറ്റം കാതലായ ഒന്നാണെന്നും, അമേരിക്കന്‍ സ്വാധീനത്തിലുള്ള നെതന്യാഹു അമേരിക്കക്കാര്‍ക്ക് കൂടുതല്‍ സ്വീകാര്യമായ ഒരു ശൈലി സ്വീകരിക്കുമെന്നും താങ്കള്‍ പ്രവചിച്ചിരുന്നു. നെതന്യാഹുവിന്റെ ഇടപെടലുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ താങ്കള്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തോന്നുന്നുണ്ടോ?
നോം ചോംസ്‌കി : കുറച്ച് വര്‍ഷത്തേക്ക് അതങ്ങനെയായിരുന്നു. പക്ഷേ രണ്ടായിരത്തിലേക്കെത്തുമ്പോള്‍ ഇസ്രാഈല്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റമാണുണ്ടായത്, നെതന്യാഹു കൂടുതല്‍ തീവ്രമായ വലതു നിലപാടുകളിലേക്ക് പോകുകയുണ്ടായി. അമേരിക്കയില്‍ തന്നെ പിന്തുണയ്ക്കുന്ന ആളുകളോട് എങ്ങനെ സംസാരിക്കണമെന്നുള്ളതിനെക്കുറിച്ച് നെതന്യാഹുവിന് വളരെ വ്യക്തമായി അറിയാം.
ഇസ്രാഈലിനോടുള്ള അമേരിക്കന്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടെന്ന കാര്യം നിങ്ങള്‍ക്ക് ഓര്‍മ വേണം. ലിബറല്‍ അമേരിക്കന്‍ ജൂത സമൂഹത്തിനിടിയില്‍ ഇസ്രാഈല്‍ വളരെ പ്രിയങ്കരമായിരുന്നു. അതില്‍ മാറ്റം വന്ന് തുടങ്ങുന്നുണ്ട്.
തീവ്ര വലതുപക്ഷക്കാരായ ഇവാഞ്ചലിക്കലുകളാണ് ഇപ്പോഴത്തെ ഇസ്രാഈലിന്റെ ഏറ്റവും വലിയ പിന്തുണക്കാര്‍.
കഴിഞ്ഞ 20-30 വര്‍ഷങ്ങള്‍ക്കിടെ വലിയ രീതിയില്‍ രാഷ്ട്രീയവത്കരിക്കപ്പെട്ട സമൂഹമാണവരുടേത്. എന്നാല്‍ ലിബറലുകളും ലിബറല്‍ ഡെമോക്രാറ്റുകളും അവരില്‍ നിന്നകന്നു പോയിട്ടുണ്ട്. നിങ്ങള്‍ അവസാനത്തെ തെരഞ്ഞെടുപ്പ് ശ്രദ്ധിക്കൂ, ഡെമോക്രാറ്റുകള്‍ക്കിടയില്‍ ഇപ്പോള്‍ ഇസ്രാഈലിനോടുള്ളതിനേക്കാള്‍ ആഭിമുഖ്യം ഫലസ്തീനികളോടാണ് . ഇത് ജൂതരുള്‍പ്പെടെയുള്ള യുവജനങ്ങള്‍ക്കിടയില്‍ ഇത് കുറേക്കൂടി പ്രകടവും വ്യക്തവുമാണ്.
നെതന്യാഹുവിന് അമേരിക്കയെക്കുറിച്ച് ധാരണയുണ്ട്. അതിനാല്‍ തന്നെ വലതു പക്ഷത്തിന് വേണ്ടി, തീവ്ര വലതു പക്ഷത്തിന് വേണ്ടിയാണയാള്‍ വാദിക്കുന്നത്. ഇറാനുമായുള്ള ആണവ കരാര്‍ വിഷയത്തില്‍ ഒബാമയുടെ നീക്കത്തെ അപലപിക്കാന്‍ ചേരുന്ന കോണ്‍ഗ്രസിന്റെ ജോയിന്റ് സെഷനില്‍ സംസാരിക്കുമ്പോള്‍, വാസ്തവത്തില്‍ അയാള്‍ അഭിസംബോധന ചെയ്യുന്നത്, അയാളെ പിന്തുണക്കുന്ന അമേരിക്കക്കാരെയാണ്. അതായത് വലതുപക്ഷത്തെ, തീവ്ര വലതുപക്ഷത്തെ, ഒപ്പം ഇവാഞ്ചലിക്കലുകളെയും.
നെതന്യാഹു ഒരു തന്ത്രശാലിയായ രാഷ്ട്രീയക്കാരനാണ്, അയാള്‍ തന്റെ തന്ത്രങ്ങളില്‍ മാറ്റം കൊണ്ടു വന്നിരിക്കുന്നു.
ഏലിയാഹു ഫ്രീഡ്മാന്‍ : ഇസ്രാഈലിന്റെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അമേരിക്കന്‍ പിന്തുണയുള്ളതു കൊണ്ട് സാധ്യമാകുന്നതാണെന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ടല്ലോ. നെതന്യാഹു 2015ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പരസ്യമായി അവഹേളിച്ച് സംസാരിച്ചതും 2018 പൊതു തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചതും അടുത്തിടെ പ്രസിഡന്റ് ജോ ബൈഡനുമായുണ്ടായ വാക്‌പോരുമെല്ലാം നമ്മള്‍ കണ്ടതാണല്ലോ? ആഗോള തലത്തില്‍ അമേരിക്കയുടെ സ്വാധീനം കുറയുന്നോ എന്നതിനെക്കുറിച്ച് നമുക്കറിയാവുന്നതിനപ്പുറത്ത് എന്തെങ്കിലും ധാരണ നെതന്യാഹുവിന് ഉണ്ടായിരിക്കുമോ ? അതോ ഇരു പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുന്ന അമേരിക്കയില്‍ അയാള്‍ ഒരു ചൂതാട്ടം നടത്തുകയാണോ ?
നോം ചോംസ്‌കി : അമേരിക്കയില്‍ വല്ലാതെ വിഭജനങ്ങള്‍ സംഭവിച്ചിട്ടുണ്ട്, ഇസ്രാഈലിലും അത് തന്നെയാണ് അവസ്ഥ.ഇതാദ്യമായാണ് ഇസ്രാഈല്‍ നേതൃത്വം അമേരിക്കന്‍ ഭരണകൂടവുമായി ഇത്രത്തോളം എതിരില്‍ വരുന്നത്. സ്‌മോട്രിച്ചും ബെന്‍ ഗ്വിറും ചിലപ്പോഴൊക്കെ നെതന്യാഹുവും പരസ്യമായും നിര്‍ഭയത്തോടെയും അമേരിക്കയോട് പറഞ്ഞു, ‘നിങ്ങളുടെ ആവശ്യങ്ങളെ ഞങ്ങള്‍ നിഷേധിക്കാന്‍ പോവുകയാണ്’ എന്ന്. അത് തികച്ചും പുതിയ ഒരു സംസാരമായിരുന്നു, തികച്ചും പുതിയ ഒരു സംഗതിയായിരുന്നു.
സമീപകാലത്തെ പല അമേരിക്കന്‍ നയങ്ങളിലും ഇസ്രാഈലിന് വലിയ താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അമേരിക്ക ആവശ്യപ്പെട്ട സമയങ്ങളില്‍ അവര്‍ ചില കാര്യങ്ങള്‍ ചെയ്തു കൊടുത്തു. ഒബാമ വരെയുള്ള എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരുടെയും കാര്യത്തില്‍ ഇത് സത്യമായിരുന്നു. ട്രംപിന്റെ കാര്യമെടുത്താല്‍ ഇസ്രാഈല്‍ ആവശ്യപ്പെടുന്നതെന്തും നല്‍കാന്‍ അയാള്‍ തയ്യാറായിരുന്നു. ഇസ്രാഈല്‍ ഭരണകൂടത്തോടും അവര്‍ നടത്തുന്ന അക്രമങ്ങളോടും അടിച്ചമര്‍ത്തലുകളോടും വളരെയധികം പിന്തുണ പുലര്‍ത്തിയ ആളായിരുന്നു ട്രംപ്. ഗോലാന്‍ കുന്നുകളുടെ പിടിച്ചെടുക്കലും ജറുസലേം പിടിച്ചെടുക്കലുമെല്ലാം അംഗീകരിക്കപ്പെട്ടത് അന്താരാഷ്ട്ര നിയമങ്ങളുടെ മാത്രമല്ല അമേരിക്കന്‍ നയങ്ങളുടെയും ലംഘനമായിരുന്നു.
ഗോലാന്‍ കുന്നുകളുടെയും ജറുസലേമിന്റെയും പിടിച്ചെടുക്കലുകള്‍ക്കെതിരായ പ്രമേയങ്ങളെ യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്ക പിന്തുണച്ചിരുന്നു. എന്നാല്‍ ട്രംപ് അതിനെയെല്ലാം തകിടം മറിച്ചു. ഇതു തന്നെയാണ് വെസ്റ്റേണ്‍ സഹാറയെ പിടിച്ചെടുത്ത മൊറോക്കന്‍ നടപടിയെ അംഗീകരിച്ചതിലൂടെയും ട്രംപ് ചെയ്തത്. ഏതാണ്ട് ഫലസ്തീന്റെ സാഹചര്യത്തിന് സമാനമാണത്.
എന്നാല്‍ ബെന്‍ ഗ്വിറും ബെസാലല്‍ സ്‌മോട്രിച്ചുമടങ്ങുന്ന പുതിയ ഇസ്രാഈല്‍ ഭരണകൂടം വളരെ നിസാരമായി അമേരിക്കയോട് പറയുകയാണ് ‘ഇറങ്ങിപ്പോകൂ’ എന്ന്. നെതന്യാഹു നേരത്തേതിനേക്കാള്‍ കുറേക്കൂടി ശക്തമായി പറയുന്നു, ‘ഞങ്ങള്‍ സ്വതന്ത്രമായ പരമാധികാര രാഷ്ട്രമാണ്, ഞങ്ങള്‍ക്കെന്താണോ വേണ്ടത് അത് ഞങ്ങള്‍ ചെയ്യും’ എന്ന്.
ഇതാദ്യമായാണ് ഇത്തരത്തിലൊരു അഭിപ്രായ ഭിന്നതയും ഏറ്റുമുട്ടലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടാകുന്നത്.
അമേരിക്ക ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ച് ഒരു വ്യക്തതയില്ല. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.എസ് പ്രതിനിധി സഭയിലെ ഒരംഗമായ ബെറ്റി മക്കല്ലം ഒരു ബില്ല് അവതരിപ്പിച്ചിരുന്നു. രാജ്യത്തെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്ക ഇസ്രാഈലിന് നല്‍കുന്ന സൈനിക സഹായം പുന:പരിശോധിക്കണമെന്നായിരുന്നു ബെറ്റിയുടെ ആവശ്യം.
ഇസ്രാഈലിന് സഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുറച്ച് ദിവസങ്ങള്‍ മുമ്പ് ബേര്‍ണി സാന്‍ഡേഴ്‌സ് ഒരു ബില്ല് അവതരിപ്പിച്ചിരുന്നു. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന രാജ്യങ്ങള്‍ക്ക് സൈനിക സഹായം നല്‍കരുത് എന്ന അമേരിക്കന്‍ നിയമങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ വിഷയത്തില്‍ പുനരാലോചന നടത്തണമെന്നായിരുന്നു സാന്‍ഡേഴ്‌സിന്റെ ആവശ്യം.
ഇസ്രാഈല്‍ സൈന്യം നിരന്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നവരാണ്. ഇതില്‍ ഒരു അന്വേഷണം നടക്കുകയാണെങ്കില്‍, ഇസ്രാഈലിന് സഹായം നല്‍കുന്ന അമേരിക്കന്‍ നയത്തിന്റെ നിയമസാധുതയെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നേക്കാം. ഇക്കാര്യങ്ങളെല്ലാം തന്നെ ഭാവിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം. പൊതുജനാഭിപ്രായത്തില്‍ പ്രത്യക്ഷമായേക്കാവുന്ന വലിയ വ്യതിയാനങ്ങളെ അടിസ്ഥാനമാക്കിയാകും ഈ മാറ്റം.
എനിക്ക് വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇതു പറയാന്‍ കഴിയും, ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ എഴുതാറുണ്ട്, സംസാരിക്കാറുണ്ട്. എനിക്ക് ഈ വിഷയത്തില്‍ ഒരു ക്യാമ്പസിലോ മറ്റോ സംസാരിക്കേണ്ട സാഹചര്യം വരുമ്പോള്‍, ഇസ്രാഈല്‍ അനുകൂല സംഘങ്ങളുടെ അക്രമാസക്തമായ സ്വഭാവം കാരണം പൊലീസ് സംരക്ഷണത്തോടെയാണ് അടുത്തിടെ വരെ പരിപാടികളില്‍ ഞാന്‍ പങ്കെടുത്തിരുന്നത്.
ഭീഷണി കാരണം ഒരു തവണ സംസാരം കഴിഞ്ഞ ഉടന്‍ തന്നെ കാറിലേക്ക് മടങ്ങിപ്പോകാന്‍ പൊലീസ് എന്നോട് ആവശ്യപ്പെട്ടു. എന്റെ ക്യാമ്പസില്‍ പോലും, ഞാന്‍ സംസാരിക്കുന്ന സമയത്ത് സിറ്റി പൊലീസും ക്യാമ്പസ് പൊലീസും സന്നിഹിതരായിരിക്കും. ഇപ്പോള്‍ അതില്‍ വ്യക്തമായ മാറ്റങ്ങള്‍ പ്രകടമാണ്. ഓപ്പറേഷന്‍ കാസ്റ്റ് ലീഡുമായി ബന്ധപ്പെട്ട് ഈ മാറ്റത്തെ നമുക്ക് കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ കഴിയും.
ഓപ്പറേഷന്‍ കാസ്റ്റ് ലീഡ് വളരെ ക്രൂരവും അക്രമാസക്തവുമായ നടപടിയായിരുന്നു, യുവജനങ്ങള്‍ ഇനിയും ഇത്തരം കാര്യങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകില്ല. അത് വാസ്തവത്തില്‍ ഒരു ടിപ്പിങ് പോയിന്റ് തന്നെയായിരുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ പ്രസംഗങ്ങളുടെയും പ്രതിഷേധങ്ങളുടെയും രൂപത്തില്‍ പല ക്യാമ്പസുകളിലും നമുക്ക് കാണാന്‍ കഴിയുമായിരുന്നു.
ഇസ്രാഈല്‍ അനുഭാവം ശക്തമായ ബ്രാന്‍ഡേയിസ് ഉള്‍പ്പെടെയുള്ള യൂണിവേഴ്‌സിറ്റിയിലും ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നു. വളരെ കൃത്യമായ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. യുവജനങ്ങളുടെ ഈ മനോഭാവം ഭാവിയില്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. അതായത് ആശയപരമായ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ടതൊന്നും നയങ്ങളില്‍ ഇപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകണമെന്നില്ല, എന്നാല്‍ മാറ്റങ്ങളുടെ തുടക്കമായി ഇതിനെ കാണാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്.
ഏലിയാഹു ഫ്രീഡ്മാന്‍ : ഇസ്രാഈലിനെ അവിടുത്തെ ജനങ്ങളുടെ രാജ്യം എന്നു പറയുന്നതിന് പകരം ജൂത ജനതയുടെ പരമാധികാര രാജ്യം എന്ന് പ്രഖ്യാപിച്ച ഇസ്രാഈല്‍ സുപ്രീംകോടതിയെ താങ്കള്‍ വിമര്‍ശിച്ചിരുന്നല്ലോ. അതേ സമയം ഫലസ്തീനികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നടത്തിയ ചില ഇടപെടലുകളെക്കുറിച്ചും താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഇസ്രായേലിന് വേണ്ടി ജൂത ഏജന്‍സി നിര്‍മിച്ച കത്‌സിര്‍ സെറ്റില്‍മെന്റില്‍ നിന്ന്, ഫലസ്തീന്‍ ദമ്പതികളെ പുറത്താക്കുള്ള നീക്കത്തെ 2000ത്തില്‍ കോടതി എതിര്‍ത്തിരുന്നു. കോടതിയെക്കുറിച്ചുള്ള താങ്കളുടെ ഒരു പൊതുവായ കാഴ്ചപ്പാട് എന്താണ്?
നോം ചോംസ്‌കി :
ഇസ്രാഈലിലെ ജൂത ജനതയെ സംബന്ധിച്ചിടത്തോളം സുപ്രീംകോടതിയുടെ ഇടപെടലുകള്‍ മെച്ചപ്പെട്ടതാണ്. എന്നാല്‍ ഇസ്രാഈലിലെ ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം അതത്ര നല്ല അവസ്ഥയിലല്ല.
ശരിയാണ്, താങ്കള്‍ പറഞ്ഞ കത്‌സിറിലേതു പോലെയുള്ള ചില കേസുകളുണ്ട്. പക്ഷേ ശ്രദ്ധിച്ച് നോക്കൂ അത് രണ്ടായിരാമാണ്ടിലാണ്. ഫലസ്തീനികളായ ഇസ്രാഈല്‍ പൗരന്മാരെ സെറ്റില്‍മെന്റുകളില്‍ നിന്ന് ഒഴിവാക്കരുതെന്ന് കോടതി ആദ്യമായി ആവശ്യപ്പെട്ടത് രണ്ടായിരത്തിലാണ്. അങ്ങനെയൊരു തീരുമാനത്തിലേക്കെത്താന്‍ അത്രത്തോളം കാലതാമസമുണ്ടായി എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.
എന്നാല്‍ കത്‌സിറിലെ സമൂഹം ആ തീരുമാനത്തെ മറികടക്കാനുള്ള മാര്‍ഗം കണ്ടെത്തിയിരുന്നു. അടുത്ത ആറ് വര്‍ഷത്തേക്ക് ആ ഫലസ്തീന്‍ ദമ്പതികള്‍ക്ക് അവിടേക്ക് വരാന്‍ കഴിഞ്ഞില്ല എന്ന് തന്നെയാണ് ഞാന്‍ മനസിലാക്കുന്നത്. കോടതിയുടെ തീരുമാനം അട്ടിമറിക്കുന്നതിനായുള്ള പല ശ്രമങ്ങളും അവിടെ നടന്നിട്ടുണ്ട്.
എന്നിരുന്നാലും അവിടെ കോടതി, വിമര്‍ശനത്തിന് അതീതമായ ഒരു അവസ്ഥയിലല്ല ഉള്ളത്. കോടതിക്ക് ഒരു മാന്യമായ നിലവാരമുണ്ട്. അവിടെ വിമര്‍ശനങ്ങളുണ്ട്, അതെനിക്കുറപ്പാണ്. നിയമ വിഷയങ്ങളില്‍ പ്രാഗത്ഭ്യമുള്ള മാധ്യമപ്രവര്‍ത്തകനാണ് മോഷെ നെഗ്ബി. അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെങ്കിലും ഫലസ്തീനിയന്‍ പ്രശ്‌നങ്ങള്‍ എങ്ങനെ ഇസ്രാഈലിനുള്ളില്‍ കൈകാര്യം ചെയ്യപ്പെടുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്യാറുണ്ട്.
അധിനിവേശ പ്രവേശങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയുടെ ഇടപെടലുകള്‍ വളരെ മോശമാണ്.
അവിടെ അധിനിവേശം നടന്നിട്ടുണ്ടെന്ന് ഉള്‍ക്കൊള്ളാത്ത ലോകത്തെ ഏക ജുഡീഷ്യല്‍ ബോഡി ഇസ്രാഈല്‍ സുപ്രീംകോടതി മാത്രമാണ്, അതിനെ ഭരണ പ്രദേശങ്ങളായാണ് അവര്‍ പരിഗണിക്കുന്നത്.
അന്താരാഷ്ട്ര കോടതി പോലും നിഷേധിച്ച വാദമാണത്. ഈ ഭരണവുമായി മുന്നോട്ട് പോകാനുള്ള ഇസ്രാഈലിന്റെയും സുപ്രീംകോടതിയുടെയും തീരുമാനത്തോട് എല്ലാവര്‍ക്കും എതിര്‍പ്പാണ്. അനധികൃത സെറ്റില്‍മെന്റുകളെ നിരന്തരമായി കോടതി സാധൂകരിച്ച് കൊണ്ടിരിക്കുന്നു, അവിടെ ഫലസ്തീനികള്‍ക്ക് നേരെ ക്രൂരമായ അടിച്ചമര്‍ത്തലുകളാണ് നടക്കുന്നത്, എല്ലാ ദിവസവും ആക്രമണങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പലപ്പോഴും നടപടിയെടുക്കുന്നതില്‍ അവര്‍ കാലതാമസമുണ്ടാക്കാറുണ്ട്. പൊതുവില്‍ വിലയിരുത്തുമ്പോള്‍ അവസ്ഥ വളരെ മോശമാണ്.
ഏലിയാഹു ഫ്രീഡ്മാന്‍ : അന്താരാഷ്ട്ര സമവായത്തിന്റെ അടിസ്ഥാനത്തിലുള്ള ദ്വിരാഷ്ട്രമെന്നതാണ് ഇസ്രാഈല്‍-ഫലസ്തീന്‍ പ്രശ്‌നത്തിന് താങ്കള്‍ പലപ്പോഴായി പറയുന്ന പരിഹാരം, ഇപ്പോഴും കരുതുന്നുണ്ടോ അതു തന്നെയാണ് പരിഹാര മാര്‍ഗമെന്ന് ?
നോം ചോംസ്‌കി : അന്താരാഷ്ട്ര സമവായത്തിലൂടെയുള്ള ഇരുരാഷ്ട്ര വാദത്തിനും ഒരു രാഷ്ട്ര ബദല്‍ എന്ന സങ്കല്‍പത്തിനുമിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഏകരാഷ്ട്ര ബദല്‍ എന്ന സങ്കല്‍പത്തിന് ഇന്ന് പലരില്‍ നിന്നും വലിയ പിന്തുണ ഉയരുന്നുണ്ട്. ഇയാന്‍ ലസ്റ്റിക്കിനെ പോലെയുള്ളവര്‍ പോലും ആ വാദത്തെ പിന്താങ്ങുന്നുണ്ട്.
എന്നാല്‍ ആ സംവാദങ്ങളില്‍ ചെറിയ പ്രശ്നങ്ങളുണ്ട്. അറുപതുകളുടെ അവസാന കാലം മുതല്‍ ഇസ്രാഈല്‍ തന്നെ വളരെ ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടു വന്ന ഒരു പരിഹാര പദ്ധതിയായ ഗ്രേറ്റര്‍ ഇസ്രാഈല്‍ എന്ന സങ്കല്‍പത്തെ പുറന്തള്ളുന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ഇസ്രാഈല്‍ മൂല്യവത്തായി കല്‍പിക്കുന്നതെന്തും ഫലസ്തീന്‍ ജനതയ്ക്ക് എതിരെയുള്ളതായിരിക്കും.
അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഗ്രേറ്റര്‍ ഇസ്രാഈല്‍ എന്ന സങ്കല്‍പത്തിനുള്ളില്‍ നാബ്ലസിനെ ഉള്‍പ്പെടുത്താന്‍ ഇസ്രാഈല്‍ തയ്യാറാകില്ല. അവര്‍ക്ക് ജൂതവംശീയതയുടെ മേല്‍ക്കോയ്മ അവിടെ നിലനിര്‍ത്തേണ്ടതുണ്ട്. അതായത് ജനങ്ങളെ പുറത്താക്കിക്കൊണ്ട് ജോര്‍ദാന്‍ താഴ്വര ഏറ്റെടുക്കുക എന്ന പദ്ധതിയാണത്. അവര്‍ കയ്യടക്കിയ വെസ്റ്റ് ബാങ്കിനുള്ളിലെ മലെ അദുമിം പോലെയുള്ള പട്ടണങ്ങളില്‍ നിന്ന് ടെല്‍ അവീവിലുള്ള നിങ്ങളുടെ ജോലിയിടങ്ങളിലേക്ക് പോകുന്നതിനിടയില്‍ ഒരു ഫലസ്തീനി പോലും അവിടെയുള്ളതായി നിങ്ങള്‍ക്ക് അനുഭവപ്പെടില്ല.
ഇസ്രാഈല്‍ കൂട്ടിച്ചേര്‍ക്കാനും പിടിച്ചെടുക്കാനും പദ്ധതിയിടുന്ന മേഖലയിലെ അവശേഷിക്കുന്ന ഫലസ്തീനികള്‍, സൈന്യത്താല്‍ ചുറ്റപ്പെട്ട ചെറു ചെറു എന്‍ക്ലേവുകളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ വിളകളെയും കന്നുകാലികളെയും പരിപാലിക്കാനോ അവരുടെ ജീവിതമാര്‍ം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന അവസ്ഥയില്ല ഫലസ്തീനികളുള്ളത്.
അടിസ്ഥാനപരമായി അവര്‍ തടവിലാണ്, അതാണ് വാസ്തവം. അവരെ എങ്ങനെയെങ്കിലും ഈ അസഹനീയമായ അവസ്ഥകളില്‍ നിന്ന് പുറത്ത് കൊണ്ടുവരാന്‍ കഴിയുമോ എന്ന കാര്യം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കുറച്ച് ദിവസം മുമ്പ് തീവ്ര വലതുപക്ഷ ഗവണ്‍മെന്റ്, തങ്ങള്‍ പടിഞ്ഞാറന്‍ സമരിയ എന്ന് വിളിക്കുന്ന വടക്ക് പടിഞ്ഞാറന്‍ വെസ്റ്റ് ബാങ്കിലേക്ക് കൂടി ഇസ്രാഈലി സെറ്റില്‍മെന്റുകളെ വ്യാപിപ്പിക്കുകയുണ്ടായി. അധിനിവേശ പ്രദേശങ്ങളില്‍ തങ്ങള്‍ താത്പര്യപ്പെടുന്നതെന്തും തങ്ങളോട് കൂട്ടിച്ചേര്‍ക്കുക എന്ന ഇസ്രാഈല്‍ പദ്ധതിയാണത്.
ചരിത്രപരമായി പരിശോധിക്കുകയാണെങ്കില്‍ ജറുസലേം അതിന്റെ അഞ്ചിരട്ടിയോളമാവും ഇപ്പോള്‍, ജൂത ഭൂരിപക്ഷം ഉറപ്പിക്കാന്‍ അവയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളെല്ലാം ഏറ്റെടുക്കപ്പെടുകയുണ്ടായി. അവിടെയൊരു ആസൂത്രിതമായ സംവിധാനം നിലനില്‍ക്കുന്നുണ്ട്, ഔദ്യോഗികമായിട്ടുള്ള ഒന്നല്ല, എന്നാല്‍ പതുക്കെ, ഘട്ടം ഘട്ടമായി പ്രവര്‍ത്തിക്കുന്ന ഒന്ന്.
ഇതിന്റെയൊക്കെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഫലങ്ങളെക്കുറിച്ചാണെങ്കില്‍, നിങ്ങള്‍ ഏരകാഷ്ട്ര, ദ്വിരാഷ്ട്ര പദ്ധതികളെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. ഗ്രേറ്റര്‍ ഇസ്രാഈലിന് എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് സംസാരിക്കണം. ഏകരാഷ്ട്രവാദക്കാരുടെ ന്യായങ്ങളെ ഞാന്‍ മനസിലാക്കുന്നു, ഫലസ്തീന്‍ ജനതയാണ് പ്രസ്തുത പ്രദേശങ്ങളിലേത് എന്ന് വ്യക്തമാക്കപ്പെടുമ്പോള്‍ പോലും തങ്ങളെ സ്വയം നശിപ്പിച്ച് കൊണ്ട്, ജൂത ജനതയെ ഒരു ന്യൂനപക്ഷമാക്കിക്കൊണ്ട്, ഫലസ്തീന്‍ മേല്‍ക്കൈ ഉള്ള ഒരു സങ്കല്‍പ്പത്തോട് ഇസ്രാഈല്‍ യോജിക്കുമെന്നത് അസംഭവ്യമാണ്.
അതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുണ്ടാവുകയുമില്ല. എനിക്ക് തോന്നുന്നത് ഗ്രേറ്റര്‍ ഇസ്രാഈലോ ഇരു രാഷ്ട്രങ്ങള്‍ക്കായുള്ള നീക്കമോ ആണ് യഥാര്‍ഥത്തില്‍ അവശേഷിക്കുന്നെന്നാണ്. എന്നാല്‍ സെറ്റില്‍മെന്റ് പദ്ധതികള്‍ ഇത്രത്തോളമായ സാഹചര്യത്തില്‍ അത് അസാധ്യമാണെന്നാണ് പറയപ്പെടുന്നത്. അമേരിക്ക ആവശ്യപ്പെടുകയാണെങ്കില്‍, മറ്റ് ലോകരാഷ്ട്രങ്ങള്‍ ഇരു രാഷ്ട്രവാദ വാദത്തെ പിന്തുണക്കുകയാണെങ്കില്‍, വെറുതെ വാചോടോപമായി മാറാതെ, തീര്‍ത്തും ഉപാധികളില്ലാതെ പിന്തുണക്കുകയാണെങ്കില്‍ ഗൗരവതരമായി ഒരു തീരുമാനമെടുക്കാന്‍ ഇസ്രാഈല്‍ നിര്‍ബന്ധിതരാകും എന്നതാണ് വാസ്തവം.
കഴിഞ്ഞ അമ്പത് വര്‍ഷങ്ങളായുള്ള ഇസ്രാഈലിന്റെ നയങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കൂ. 1970കളെ നോക്കൂ, അന്നാണ് അടിസ്ഥാനപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളപ്പെട്ടത്. ഇരു രാഷ്ട്രപദ്ധതി സ്ഥാപിക്കുന്നതിനായുള്ള പ്രമേയത്തിന്മേല്‍ 1970കളില്‍ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ചെറിയ ചില പുന:ക്രമീകരണങ്ങളൊക്കെ നടത്തേണ്ടി വരുമായിരുന്നിരിക്കാം, എന്നാല്‍ അതിര്‍ത്തികള്‍ക്കുള്ളില്‍ സമാധാനത്തിലും സുരക്ഷിതത്വത്തിലും തുടര്‍ന്നു പോകാനുള്ള ഇരു രാജ്യങ്ങളുടെയും അവകാശത്തെ ഉറപ്പ് നല്‍കുന്ന വിധത്തിലുള്ള ആലോചനകളായിരുന്നു അവിടെ നടന്നത്. ഇസ്രാഈലിന് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് അന്ന് തീവ്രമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. തുടര്‍ന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രാഈല്‍ പ്രതിനിധി ഇസ്ഹാക്ക് റാബിന്‍ ഈ എതിര്‍പ്പുകളെ തള്ളിക്കളഞ്ഞു.
ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പോലും അവര്‍ തയ്യാറായില്ല. സമാനമായ യു.എന്‍ പ്രമേയം സഭയില്‍ മൂന്നിനെതിരെ നൂറ്റിയന്‍പത് എന്ന ഭൂരിപക്ഷത്തില്‍ പാസായ ചരിത്രവുമുണ്ട്. അമേരിക്കയും ഇസ്രാഈലുമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. 1970കളില്‍ സുരക്ഷയ്ക്കുമപ്പുറം അതിര്‍ത്തികളുടെ വിപുലീകരണത്തിനാണ് ഇസ്രാഈല്‍ മുന്‍ഗണന കൊടുത്തത്. സ്വാഭാവികമായും സുരക്ഷ ഉറപ്പു വരുത്താനായി ഈസ്രാഈലിന് അമേരിക്കയെ ആശ്രയിക്കേണ്ടി വന്നു. അതൊരു വിലപേശലാണ്.
സുരക്ഷക്കുമപ്പുറം അതിര്‍ത്തികളുടെ വിപുലീകരണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒരു വളരെ ശക്തമായ രാജ്യത്തെ ആശ്രയിക്കേണ്ടി വരും. അമേരിക്ക തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്തുകയാണെങ്കില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ ഇസ്രാഈല്‍ ബുദ്ധിമുട്ടേണ്ടി വരും.
ഏലിയാഹു ഫ്രീഡ്മാന്‍ : ചോംസ്‌കിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ അത്രത്തോളം വലിയ വിവാദമുണ്ടാക്കിയ ബുദ്ധിജീവികള്‍ ചുരുക്കമാണ്. താങ്കളെടുത്ത അല്ലെങ്കില്‍ എടുക്കാത്ത പോയ ഏതെങ്കിലും നിലപാടുകളെപ്പറ്റി എന്തെങ്കിലും പ്രയാസമുണ്ടോ?
നോം ചോംസ്‌കി : ഉണ്ട്, ഞാന്‍ എടുക്കാതിരുന്ന ചില നിലപാടുകളുടെ പേരില്‍ എനിയ്ക്ക് ഇപ്പോള്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ട്.
എടുത്ത നിലപാടുകളെ പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്നാല്‍ ചെയ്യാതിരുന്ന ചില കാര്യങ്ങള്‍ ഞാന്‍ ചെയ്യേണ്ടതുള്ളതായിരുന്നു.
അമേരിക്കയിലുയര്‍ന്ന പ്രതിരോധങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തിയാല്‍, വിയറ്റ്‌നാം യുദ്ധത്തെ ആദ്യം എതിര്‍ത്ത ആളുകളില്‍ ഒരാളാണ് ഞാന്‍. 1960കളുടെ തുടക്കത്തില്‍ തന്നെ യുദ്ധവിരുദ്ധ നിലപാട് ഞാന്‍ സ്വീകരിച്ചിരുന്നു, എന്നാല്‍ അത് വളരെ വൈകിപ്പോയി എന്നാണ് എനിക്ക് തോന്നുന്നത്. അതിനും പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പേ ചെയ്യണമായിരുന്നു.
തങ്ങളുടെ കോളനിയായിരുന്ന രാജ്യത്തെ വീണ്ടും കീഴടക്കാനുള്ള ഫ്രാന്‍സിന്റെ ശ്രമങ്ങളെ അമേരിക്ക പിന്തുണച്ചിരുന്നു, ഫ്രാന്‍സ് പരാജയപ്പെട്ടപ്പോള്‍ ജനീവ ഉടമ്പടിയെ അട്ടിമറിച്ചു കൊണ്ട് അമേരിക്ക തന്നെ നേരിട്ടിറങ്ങി, എഴുപതിനായിരത്തോളം മനുഷ്യരാണ് അവിടെ കൊല്ലപ്പെട്ടത്. അപ്പോഴായിരുന്നു പ്രതിഷേധങ്ങള്‍ തുടങ്ങേണ്ടിയിരുന്നത്. 1960കളുടെ അവസാനം വരെ അവിടെ ഒരു സംഘടിതമായ പ്രതിപക്ഷമുണ്ടായിരുന്നില്ല. അതില്‍ തെറ്റു പറ്റിയിട്ടുണ്ട്. ഞാന്‍ നേരത്തെ പ്രതികരിക്കേണ്ടിയിരുന്നു.
ഇസ്രാഈലിന്റെ കാര്യമെടുക്കാം, കുട്ടിക്കാലം മുതല്‍ക്കേ എനിക്ക് അതിനെക്കുറിച്ച് ഏതാണ്ട് ധാരണയുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ അത് എന്റെ മുന്നിലെ ഒരു പ്രധാന വിഷയമായിരുന്നു. ഇസ്രാഈലിന്റെ ക്രിമിനല്‍ സ്വഭാവങ്ങള്‍ക്കെതിരെ പൊതുവേദികളില്‍ 1969ല്‍ തന്നെ ഞാന്‍ സംസാരിച്ചിരുന്നു. ഇസ്രാഈലില്‍ ഫലസ്തീന്‍ ജനത നേരിടുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതെനിക്ക് നേരിട്ട് അറിയാവുന്നതാണ്.
1953ല്‍ ഇസ്രാഈലിലെ കിബ്ബുത്സില്‍ രണ്ട് മൂന്ന് മാസം ഞാന്‍ താമസിച്ചിട്ടുണ്ട്. അറബ് സമൂഹത്തിലേക്കും ഫലസ്തീന്‍ സമൂഹത്തിലേക്കും എത്തിച്ചേരുന്നതിനുള്ള എന്റെ സാധ്യതകളുടെ തുടക്കം അതായിരുന്നു. എനിക്ക് അറബിക് ഭാഷ കുറച്ച് വശമുണ്ടായിരുന്നു. അതിനാല്‍ അവരുടെ സംസാരം എനിക്ക് അല്‍പ സ്വല്‍പം മനസിലാകുമായിരുന്നു. ഞാന്‍ പുറത്തേക്കിറങ്ങി, യാത്ര ചെയ്തു.
ഫലസ്തീന്‍ ജനതയ്ക്ക് സഹായങ്ങള്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്ന ഒരു കേന്ദ്രമായിരുന്നു അന്ന് കിബ്ബുത്സ്. അവിടെയുള്ള ഒരാള്‍ക്കൊപ്പമാണ് ഞാന്‍ സഞ്ചരിച്ചത്. അയാള്‍ക്കൊപ്പം ഞാന്‍ ഗ്രാമങ്ങളിലേക്ക് പോയി. ഗ്രാമത്തിലെ ജനങ്ങളുടെ പരാതികളും പ്രയാസങ്ങളും കേട്ടു. പ്രതിഷേധങ്ങളും പോരാട്ടങ്ങളും നടത്താതെ, തെരുവുകള്‍ കടന്ന് പോയി, റോഡുകള്‍ കടന്നു പോയി മറ്റ് മനുഷ്യരോട് സൗഹാര്‍ദ്ദത്തോടെ സംസാരിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.
അടിച്ചമര്‍ത്തലിന്റെ ഭീകരത അതിന്റെ പാരമ്യതയില്‍ ഞാന്‍ മനസിലാക്കിയിട്ടുണ്ട്. നോണ്‍-ആഷ്‌കെനാസി മൊറോക്കന്‍ ജൂത ജനത അപമാനിക്കപ്പെടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഇവയെല്ലാം സംസാരിക്കപ്പെടേണ്ട വിഷയങ്ങളായിരുന്നു. 1967ലെ യുദ്ധത്തിന് ശേഷമുള്ള കാലത്തും പ്രശ്നങ്ങളില്‍ എന്റെ ഇടപെടലുകള്‍ അത്ര തന്നെ ഉണ്ടായിരുന്നില്ല. ഇസ്രാഈല്‍ അവരുടെ സെറ്റില്‍മെന്റ് നയങ്ങളുടെ തുടക്കം കുറിക്കുന്നതും അധിനിവേശ പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ സമയമായിരുന്ന് അത്.
ആ നയങ്ങളുടെ തുടര്‍ച്ചയാണ് ഇന്ന് നാം കാണുന്നത്. അവിടെയൊക്കെ എന്റെ വിമര്‍ശനങ്ങള്‍ മൃദുവും പരിമിതപ്പെട്ടതുമായി. വളരെയേറെ വൈകുകയും ചെയ്തു.
ഏലിയാഹു ഫ്രീഡ്മാന്‍ : വിയറ്റ്‌നാമിലെ യുദ്ധത്തെ ശക്തമായി എതിര്‍ത്ത അബ്രഹാം ജോഷ്വ ഹെസ്‌കല്‍, നവിയെ (പ്രവാചകന്‍) നിര്‍വചിച്ചത് ‘തന്റെ ജീവനും ആത്മാവും അപകടത്തിലാകുമ്പോഴും മനുഷ്യരുടെ പ്രയാസങ്ങളെ, അവരുടെ നിശബ്ദമായ തേങ്ങലുകളെ മനസ്സിലാക്കാന്‍ കഴിയുന്ന വേദനിക്കുന്ന ഒരാള്‍’ എന്നാണ്. മറ്റുള്ളവര്‍ താങ്കളുടെ ഇടപെടലുകളെ മുന്‍നിര്‍ത്തി നോം ചോംസ്‌കിയെ ഒരു നവിയായി വിശേഷിപ്പിക്കുന്നത് ഉചിതമാണോ?
നോം ചോംസ്‌കി : എന്താണ് നവി. അത് ഉത്ഭവ കേന്ദ്രം അവ്യക്തമായ, തീര്‍ത്തും വ്യക്തതയില്ലാത്ത ഒരു പദമാണ്. അത് അക്കാഡിയനില്‍ (ഭാഷയില്‍) നിന്നുള്ള ഒരു കടമെടുപ്പായിരിക്കാനാണ് സാധ്യത, ആര്‍ക്കും അതിനെപ്പറ്റി വലിയ ധാരണയില്ല. ഈ കാലത്ത് വിമത ബുദ്ധിജീവികള്‍ എന്ന് അവതരിപ്പിക്കപ്പെടുന്ന ആളുകള്‍ക്ക് സമാനരായിരുന്നിരിക്കണം അന്ന് നവിയന്‍ എന്നു വിളിക്കപ്പെട്ടിരുന്നവര്‍.
അതിര്‍ത്തികളെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ വിശകലനങ്ങളെ തള്ളിക്കളയുന്നവരായിരുന്നു അവര്‍, തിന്മയുടെ സ്വരൂപങ്ങളായ രാജാക്കന്മാര്‍ ജൂത ജനതയെ ദുരന്തങ്ങളിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ അവര്‍, രാജാക്കന്മാരുടെ ക്രൂരതകളെ നിശിതമായി വിമര്‍ശിച്ചിരുന്നു. വിധവകളോടും അനാഥരോടും കരുണയുള്ളവരായിരിക്കാന്‍ അവര്‍ ആവശ്യപ്പെടുമായിരുന്നു. വിമത സ്വഭാവമുള്ള ബൗദ്ധിക അഭിപ്രായമായി അവ പരിഗണിക്കപ്പെട്ടു.
റിബലുകള്‍ പൊതുവെ എത്രത്തോളം മോശമായാണോ ആക്രമിക്കപ്പെടുന്നത് അതു തന്നെ നവിയനുകള്‍ക്കും സംഭവിച്ചു. അവര്‍ തടവിലാക്കപ്പെട്ടു, മരുഭൂമികളിലേക്ക് ആട്ടിയോടിക്കപ്പെട്ടു. ഏലിയാഹുവിന് ഇസ്രാഈലിനെ വെറുക്കുന്നവന്‍ എന്ന പട്ടം ചാര്‍ത്തി നല്‍കി, കാരണം ദുഷ്ട രാജാക്കന്‍മാരുടെ ചെയ്തികളെ ചോദ്യം ചെയ്തു എന്നതായിരുന്നു. അത് നമുക്ക് പരിചിതമാണ്, ചരിത്രത്തില്‍ എല്ലാക്കാലത്തും അതിന്റെ അനുരണനങ്ങളുണ്ട്. ഇത് തീര്‍ച്ചയായും 2,500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതല്ല, മറ്റൊരു ലോകമാണ്, പക്ഷേ ചില സംഗതികള്‍ സമാനമാണുതാനും
ഏലിയാഹു ഫ്രീഡ്മാന്‍ : ഫലസ്തീനിലേക്കും ഇസ്രാഈലിലേക്കും നടത്തിയ യാത്രകളുടെ എന്തെങ്കിലും അവശേഷിപ്പുകള്‍ താങ്കളുടെ പക്കല്‍ ഉണ്ടോ?
നോം ചോംസ്‌കി : അതെ, ഒന്നുണ്ട്. അത് ഞാന്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നെടുത്തതാണ്, അന്ന് ഒന്നാം ഇന്റിഫാദയുടെ സമയമായിരുന്നു. അന്ന് ആ ക്യാമ്പ് മിലിട്ടറി കര്‍ഫ്യൂവിന് കീഴിലായിരുന്നു. ഇസ്രാഈലില്‍ നിന്നും ഫലസ്തീനില്‍ നിന്നുമുള്ള സുഹൃത്തുക്കള്‍ക്കൊപ്പം കര്‍ഫ്യൂവിനിടയിലും ഞാന്‍ ക്യാമ്പിന് പിന്നിലുള്ള റോഡിലൂടെ നടക്കുകയായിരുന്നു. ഇസ്രാഈലി പട്രോള്‍ സംഘത്തിന്റെ കണ്ണില്‍ പെടുന്നതു വരെ ഞങ്ങള്‍ക്ക് ക്യാമ്പിന് ചുറ്റും നടക്കാന്‍ കഴിഞ്ഞു.
അതിനിടെ ഞങ്ങള്‍ വേലിക്കെട്ടുകള്‍ കടന്ന് വീടുകള്‍ക്കുള്ളില്‍ അടച്ചിരിക്കുന്ന ജനങ്ങള്‍ക്കരികിലേക്ക് ചെന്ന് അവരോട് സംസാരിച്ചു. അവിടെ നിന്ന് ഒരു കാനിസ്റ്റര്‍ ഞാന്‍ കയ്യിലെടുത്തു. അത് എന്താണെന്ന് കൃത്യമായി വിശദീകരിക്കാന്‍, ഞാനൊരു മിലിട്ടറി എക്‌സ്‌പെര്‍ട്ടൊന്നുമല്ല. അതൊരു കണ്ണീര്‍ വാതകത്തിന്റെ കാനിസ്റ്റര്‍ ആകുമെന്നാണ് ഞാന്‍ കരുതുന്നത്. ഇസ്രാഈല്‍ സൈന്യം ആക്രമണത്തിനായി ഉപയോഗിച്ചതാണത്. അതാണ് ഒരു ഓര്‍മപ്പണ്ടം, ഏറ്റവും അസ്വസ്ഥമായിരുന്ന കാലത്തിന്റെ അവശേഷിപ്പായ ഓര്‍മപ്പണ്ടം.
ഏലിയാഹു ഫ്രീഡ്മാന്‍ : അതെന്തിനെയാണ് പ്രതിനിധീകരിക്കുന്നത് ?
നോം ചോംസ്‌കി : അത് ഏറ്റവും ക്രൂരവും നിര്‍ദയവുമായ അടിച്ചമര്‍ത്തലിന്റെ പ്രതീകമാണ്. കഴിഞ്ഞ അമ്പത് വര്‍ഷങ്ങളായി അധിനിവേശ പ്രദേശങ്ങളില്‍ അക്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അവിടെ നിന്ന് എല്ലാ ദിവസവും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയിലുള്ള ഭീഷണികളുടെയും മര്‍ദ്ദനങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും വാര്‍ത്തകളാണ് വരുന്നത്. ഇസ്രാഈല്‍ സേന ചിലപ്പോള്‍ അത് കണ്ടു കൊണ്ടിരിക്കും, ഇടയ്ക്കൊക്കെ അക്രമികളുടെ ഭാഗമാകും. നിങ്ങള്‍ ഹെബ്രോണ്‍ പോലുള്ള സ്ഥലങ്ങളിലേക്ക് പോയി നോക്കൂ, വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചകളാണവിടെ.
ഗാസയിലെ സ്ഥിതി ഇതിലും വളരെ മോശമാണ്. ഇസ്രാഈലി ആക്രമണങ്ങളുടെ ഒരു കാലത്ത് ഞാന്‍ ഗാസയില്‍ ഉണ്ടായിരുന്നു. ഇത് വളരെ ഭീകരമായ കുറ്റമാണ്, ഇരുപത് ലക്ഷത്തിലധികം ആളുകള്‍ വാസ്തവത്തില്‍ അവിടെ തടവിലാണ്. കുടിക്കാന്‍ വെള്ളമില്ല, വൈദ്യുതി സംവിധാനങ്ങളും സീവേജ് സംവിധാനങ്ങളുമെല്ലാം ഇസ്രാഈല്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് മലിനമായ ജലമേഖല കടന്ന് കുറച്ചധികം ദൂരം മീന്‍ പിടുത്തത്തിനായി പോകാന്‍ കഴിയില്ല, ഇസ്രാഈലിന്റെ സൈനിക ബോട്ടുകള്‍ അതിനവരെ അനുവദിക്കില്ല.
അത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്നാണ്. ഗോലാന്‍ കുന്നുകളുടെ കാര്യമാണെങ്കില്‍, ഇപ്പോള്‍ അധികമാരും അതിനെക്കുറിച്ച് സംസാരിക്കാറു പാലുമില്ല. ഐക്യരാഷ്ട്ര സഭയിലെ രക്ഷാസമിതി ഏകകണ്‌ഠേനയെടുത്ത തീരുമാനമാനം ലംഘിച്ചു കൊണ്ടാണ് ആ പിടിച്ചെടുക്കല്‍, ആ അധിനിവേശം നടന്നത്. ഇതെല്ലാം ചേര്‍ന്നതാണ് ഇന്നത്തെ ഇസ്രാഈല്‍.
അല്‍ജസീറയില്‍ നോം ചോംസ്‌കിയുമായി ഏലിയാഹു ഫ്രീഡ്മാന്‍ നടത്തിയ അഭിമുഖം
CONTENT HIGLIGHTS; Translation of Noam Chomsky’s interview with Eliyahu Friedman in Aljazeera