| Sunday, 19th May 2024, 1:00 pm

സ്മാര്‍ട്ടായി കേരളം; സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ വൈദ്യുതി ബില്‍ അടക്കുന്നത് 67 ശതമാനം പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ വൈദ്യുതി ബില്‍ അടക്കുന്നത് 67 ശതമാനം ഉപയോക്താക്കളെന്ന് കെ.എസ്.ഇ.ബി. ക്യൂ നില്‍ക്കാതെയും കെ.എസ്.ഇ.ബി ഓഫീസിലെത്താതെയും ഓണ്‍ലൈനിലൂടെ സ്മാര്‍ട്ടായി ബില്‍ അടക്കുന്നവരുടെ എണ്ണം വര്‍ധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ മാസം വൈദ്യുതി ബില്ലടച്ച 71.48 ലക്ഷം ഉപയോക്താക്കളില്‍ 47.85 പേരും വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയാണ് പണമടച്ചത്. ഇത്തരത്തില്‍ പണമടച്ചവരില്‍ കൂടുതലും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന പല ഉള്‍പ്രദേശങ്ങളിലും 80 ശതമാനത്തിലധികം പേരാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി വൈദ്യുതി ബില്‍ അടച്ചിരിക്കുന്നത് ഇടുക്കിയിലാണ്. ഇടുക്കി പീരുമേട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ 87.9 ശതമാനം ആളുകളാണ് ഓണ്‍ലൈന്‍ വഴി പണമടച്ചത്.

ഏറ്റവും കൂടുതല്‍ ആളുകള്‍ വൈദുതി ബില്‍ അടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തിയ നഗരം എറണാകുളമാണ്. എറണാകുളം ഇടപ്പള്ളി സെക്ഷനില്‍ 84.73 % പേരും പാലാരിവട്ടം സെക്ഷനില്‍ 83.26 % പേരും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി.

കോഴിക്കോട് പന്തീരാങ്കാവ് സെക്ഷനില്‍ 84 .87% പേര്‍ ഓണ്‍ലൈന്‍ വഴി പണമടച്ചപ്പോള്‍ മൂന്നാര്‍ ചിത്തിരപുരം സെക്ഷനില്‍ 83.72 % പേരാണ് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് പണമടച്ചത്.

2023 ജൂലൈ മുതല്‍ ഓരോ ബില്ലിങ് കാലയളവിലും രണ്ട് ശതമാനത്തിന് മുകളിലാണ് ഓണ്‍ലൈനിലൂടെ വൈദ്യുതി ബില്‍ അടക്കുന്നവരുടെ വര്‍ധന. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ആപ്പ് വഴിയും, ഗൂഗിള്‍പേ, ഫോണ്‍പേ തുടങ്ങിയ ആപ്പുകള്‍ വഴിയുമാണ് ജനങ്ങള്‍ പണമടക്കുന്നത്.

ഇടപാടുകളുടെ ഭാഗമായി ആപ്പുകള്‍ക്ക് ട്രാന്‍സാക്ഷന്‍ ഫീസ് നല്‍കേണ്ടതുണ്ട്, എന്നാല്‍ ഈ പണം അടക്കുന്നത് കെ.എസ്.ഇ.ബി തന്നെയാണ്. ഓണ്‍ലൈന്‍ വഴിയുള്ള ആളുകളുടെ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്.

Content Highlight: 67% people using  online payment in electrical section

We use cookies to give you the best possible experience. Learn more