ന്യൂയോര്‍ക്ക്: യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് സിഖ് വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച് ന്യൂയോര്‍ക്ക് സിറ്റി മേയര്‍. ന്യൂയോര്‍ക്കില്‍ വിദ്വേഷം അനുവദിക്കില്ലെന്നും സിഖ് സമൂഹത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ ആഴ്ച നഗരത്തില്‍ നടന്ന ആക്രമണത്തില്‍ വൃദ്ധനായ സിഖ് മനുഷ്യന്‍ മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തുന്നു. ജസ്മര്‍ സിങ് ന്യൂയോര്‍ക്ക് സിറ്റിയെ സ്‌നേഹിച്ചു അദ്ദേഹത്തിന് ഇത്തരമൊരു ദാരുണ മരണം ഉണ്ടാകാന്‍ പാടില്ലായിരുന്നു ‘ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഏറിക് ആദംസ് എക്‌സില്‍ കുറിച്ചു.
‘ന്യൂയോര്‍ക്ക് ജനതയ്ക്ക് വേണ്ടി, സിഖ് സമൂഹത്തോട് ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. നിരപരാധിയുടെ ജീവനെടുത്ത വെറുപ്പിനെ ഞങ്ങള്‍ തള്ളി പറയുന്നു. ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കും,’ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സിഖ് സമൂഹം പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ തന്റെ പ്രതിനിധികള്‍ സിഖ് നേതാക്കളെ കാണുമെന്ന് അദ്ദേഹം അറിയിച്ചു.
ന്യൂയോര്‍ക്കില്‍ ഒരു വാഹനാപകടത്തെ തുടര്‍ന്ന് നടന്ന തര്‍ക്കത്തില്‍ 30 വയസ്സുള്ള ഒരാള്‍ സിങിന്റെ തലയ്ക്ക് ആവര്‍ത്തിച്ച് അടിച്ചതിനാലാണ് അദ്ദേഹം മരണപ്പെട്ടതെന്ന് സിറ്റിയിലെ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു. തലയ്ക്ക് സാരമായ പരിക്കുകളോടെ ജമൈക്ക ഹോസ്പിറ്റല്‍ മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഒക്ടോബര്‍ 20 ന് ആക്രമി ഗില്‍ബര്‍ട്ട് ആഗസ്റ്റിനെ അറസ്റ്റ് ചെയ്തു. നരഹത്യ, ആക്രമണം മറ്റ് വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസെടുത്തതായി ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്ക് സിറ്റിയില്‍ 19 വയസ്സുള്ള സിഖ് ബാലനെതിരെ ആക്രമണം നടന്നിരുന്നു. ഒരു വ്യക്തി തലപ്പാവും മാസ്‌കും ധരിച്ചതിന് അവന്റെ തലയ്ക്ക് പുറകിലും മുഖത്തും ആവര്‍ത്തിച്ചടിച്ചു. തലപ്പാവ് അഴിക്കാന്‍ ആവശ്യപ്പെട്ട് ‘ഞങ്ങള്‍ ഇത് രാജ്യത്ത് ധരിക്കില്ലെന്ന്’ പറഞ്ഞാണ് ഇയാള്‍ കുട്ടിയെ ആക്രമിച്ചത്.
മോഷണ കുറ്റത്തിന് രണ്ട് വര്‍ഷത്തിലേറെ തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം പുറത്തിങ്ങിയ ക്രിസ്റ്റഫര്‍ ഫിലിപ്പോക്‌സ് ആണ് പ്രതി. ഇയാളെ വിദ്വേഷക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
content highlight : 66 year old sikh man repeatedly punched and dies in Newyork, Mayor says reject hatred