മുപ്പതുകളുടെ അവസാനത്തിലും ഫുട്‌ബോളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. കൃത്യമായി പിന്തുടരുന്ന വ്യായാമവും ഭക്ഷണ ക്രമീകരണവുമാണ് ഈ പ്രായത്തിലും ഇരുവരുടെയും ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ സഹായിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇരുതാരങ്ങളുടെയും ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അമേരിക്കന്‍ ഗവേഷകനും ന്യൂട്രീഷനിസ്റ്റുമായ ജെയിംസ് ഇ ജിഫ്. മെസിയും ക്രിസ്റ്റ്യാനോയും തങ്ങളുടെ ഡയറ്റില്‍ കടല്‍ പായല്‍ (Seaweed) ന്റെ അംശം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ജിഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ക്കും ഔഷധ ഗുണങ്ങള്‍ക്കുമപയോഗിക്കുന്ന കടല്‍ പായലില്‍ ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനും വൈറ്റമിന്‍ എ, ബി1, ബി2, സി, ഡി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. കടല്‍ പായലിന്റെ ഉപയോഗം കായിക താരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുമെന്നും കളത്തില്‍ ദീര്‍ഘ നേരം ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കുമെന്നും ജിഫിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനുപുറമെ ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്ന കടല്‍ പായല്‍ മെസിയും റോണോയും തങ്ങളുടെ ദിനേനയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിഹാസങ്ങളുടെ ഡയറ്റ് രഹസ്യമറിഞ്ഞ അമേരിക്കന്‍ ജനത തങ്ങളുടെ ഭക്ഷണത്തില്‍ കടല്‍ പായലിന്റെ അംശം ഏഴ് ശതമാനത്തോളം വര്‍ധിപ്പിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കടലില്‍ വളരുന്ന ഈ പായലില്‍ നിന്ന് ഭക്ഷ്യ യോഗ്യമായവ കണ്ടെത്തി ഉപയോഗിക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ഏഷ്യന്‍ സമുദ്രങ്ങളിലാണ് കടല്‍ പായല്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.
അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. 200 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന മൂല്യം നല്‍കിയാണ് 38കാരനായ താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്. അറേബ്യന്‍ മണ്ണില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. തുടര്‍ന്ന് താരം തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
ബാഴ്‌സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമി, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവരാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരിക്കുന്നത്.
പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നാണ് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ദരിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.