ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദ മന്ത് നോമിനേഷനില്‍ ഓസീസ് താരങ്ങള്‍ക്കൊപ്പം ഷമിയും
Sports News
ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദ മന്ത് നോമിനേഷനില്‍ ഓസീസ് താരങ്ങള്‍ക്കൊപ്പം ഷമിയും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th December 2023, 5:59 pm

നവംബറിലെ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡിനുള്ള നോമിനികളെ ഡിസംബര്‍ 7ന് ബോര്‍ഡ് വെളിപ്പെടുത്തിയിരുന്നു. 2023 ഐ.സി.സി ലോകകപ്പ് അവസാനിച്ചതോടെ ആറാം കിരീടം സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ കളിക്കാരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് മുഹമ്മദ് ഷമിയും ഓസീസില്‍ നിന്നും ട്രാവിസ് ഹെഡും ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് പട്ടികയില്‍ ഉള്ളത്.

2023 ലോകകപ്പില്‍ നാല് മത്സരങ്ങള്‍ നഷ്ടപ്പെട്ട് ടീമിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് ഷമിയാണ് പട്ടികയിലെ മറ്റൊരു പ്രധാനി. ഏഴു മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകളാണ് ഷമി എറിഞ്ഞു വീഴ്ത്തിയത്. നിര്‍ണ്ണായകഘട്ടത്തില്‍ ഇന്ത്യന്‍ വിജയക്കുതിപ്പില്‍ പ്രധാന പങ്കാണ് ഷമി വഹിച്ചത്. ലോകകപ്പില്‍ രണ്ട് ഫൈഫറും അതിലുപരി ന്യൂസിലാന്‍ഡിനെതിരെ ഏഴു വിക്കറ്റ് നേടിയ ചരിത്ര നേട്ടവും ഷമി സ്വന്തമാക്കിയിരുന്നു. ഏകദിന ലോകകപ്പില്‍ ഏറ്റവും പെട്ടെന്ന് 50 വിക്കറ്റ് തികക്കുന്ന താരം കൂടിയാണ് ഷമി.

2023 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഡബിള്‍ സെഞ്ച്വറി അടിച്ച് ഓസ്‌ട്രേലിയയെ വിജയിപ്പിച്ചുകൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഗ്ലെന്‍ മാക്‌സ് വെല്ലിനെ ഒരു ക്രിക്കറ്റ് ആരാധകനും മറന്നു കാണില്ല. നിര്‍ണായക മത്സരത്തില്‍ തോല്‍ക്കുമെന്ന ഘട്ടത്തില്‍ മികച്ച പോരാട്ടമാണ് മാക്‌സ്‌വെല്‍ കാഴ്ചവച്ചത്. കാലിന് വലിയ രീതിയില്‍ പരിക്ക് പറ്റി ഓടാന്‍ പോലും കഴിയാതെയാണ് താരം ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. 128 പന്തില്‍ നിന്നും 21 റണ്‍സ് ആണ് മാക്‌സി അടിച്ചെടുത്തത്. 10 സിക്‌സറുകളും 21 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഇന്നിങ്‌സ്.

ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ട്രാവല്‍സ് ഹെഡ് ആണ് നോമിനേഷന്‍ പട്ടികയിലെ മറ്റൊരാള്‍. 2023 ഐ.സി.സി ലോകകപ്പിലെ ഫൈനലില്‍ ഇന്ത്യക്കെതിരെ പൊരുതി നിന്ന് തന്റെ സെഞ്ച്വറി മികവില്‍ ഓസീസിന് ആറാം കിരീടം നേടിക്കൊടുക്കാന്‍ ഹെഡിന് കഴിഞ്ഞു. 120 പന്തില്‍ നാല് സിക്‌സറുകളും 15 ബൗണ്ടറികളും ഉള്‍പ്പെടെ 137 റണ്‍സ് ആണ് ഹെഡ് ടീമിന് നേടിക്കൊടുത്തത്. ഫൈനല്‍ മത്സരത്തില്‍ അതിശയകരമായ പ്രകടനമായിരുന്നു ട്രാവിസ് ഹെഡ് കാഴ്ചവച്ചത്.

 

Content Highlight: Shami joins ICC Player of the Month nominations