കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ സാധാരണക്കാരായ ജനങ്ങള്‍. രാജ്യം വിടാനായി ജനക്കൂട്ടം ഇരച്ചെത്തിയതോടെ വലിയ തിരക്കാണ് ഞായറാഴ്ച മുതല്‍ വിമാനത്താവളങ്ങളില്‍ അനുഭവപ്പെടുന്നത്.
കാബൂളില്‍ നിന്ന് പുറപ്പെട്ട യു.എസ് എയര്‍ ഫോഴ്സ് വിമാനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 150ല്‍ താഴെ പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ അനുവാദമുള്ള ഈ വിമാനത്തില്‍ കഴിഞ്ഞ ദിവസം 640 പേരാണ് യാത്ര ചെയ്തത്.
യാത്രക്കാരുടെ അമിതഭാരത്തെതുടര്‍ന്ന് വിമാനത്തിന്റെ ക്യാപ്റ്റന്‍ ആദ്യം ആശങ്കപ്പെട്ടെങ്കിലും പിന്നീട് യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 134 സൈനികര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ തയാറാക്കിയിട്ടുള്ളതാണ് ഈ യു.എസ് എയര്‍ ഫോഴ്‌സ് വിമാനമെങ്കിലും 77,546 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ഈ കാര്‍ഗോ ജെറ്റിന് സാധിക്കും.
അതേസമയം രാജ്യം വിടുന്നതിനായി യു.എസ് വിമാനത്തിന്റെ ചക്രത്തില്‍ സ്വയം ബന്ധിച്ച് യാത്ര ചെയ്ത 2 പേരാണ് കഴിഞ്ഞ ദിവസം വിമാനത്തില്‍ നിന്ന് വീണ് മരണപെട്ടത്്. 16ഉം 17ഉം വയസുള്ള രണ്ട് കുട്ടികളാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
താല്‍ക്കാലികമായി അമേരിക്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് അഫ്ഗാനിലെ വിമാനത്താവങ്ങളെല്ലാം. തിരക്ക് വര്‍ധിച്ചതിന് പിന്നാലെ അമേരിക്കന്‍ സൈന്യം കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ ആകാശത്തേക്ക് വെടിവെച്ചിരുന്നു.
ഇതിനിടെ തങ്ങള്‍ക്ക് ആക്രമണത്തിന് ഉദ്ദേശ്യമില്ലെന്നും നഗരത്തില്‍ നിന്ന് പുറത്തുകടക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിന് അനുവദിക്കുമെന്നും താലിബാന്‍ പ്രസ്താവനയിറക്കിയിരുന്നു.
അഫ്ഗാന്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്നും അവരെ സുരക്ഷിതമായി പോകാന്‍ അനുവദിക്കണമെന്നും 60 രാജ്യങ്ങള്‍ ചേര്‍ന്ന് പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഫ്ഗാനില്‍ താലിബാന്‍ ഇസ്ലാമിക് നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍. നേരത്തെ താലിബാന്‍ അധികാരത്തിലുണ്ടായിരുന്ന സമയത്തുണ്ടായിരുന്ന കര്‍ക്കശ നിയന്ത്രണങ്ങള്‍ മടങ്ങിവരുമെന്ന ഈ പേടിയിലാണ് ജനങ്ങള്‍ പലായനത്തിനൊരുങ്ങുന്നത്.
താലിബാന്‍ അധികാരത്തിലെത്തുന്നതോടെ പെണ്‍കുട്ടികളും സ്ത്രീകളും കടുത്ത നിയന്ത്രണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും വിധേയമാകുമെന്ന് അഫ്ഗാനിലെ സാമൂഹ്യപ്രവര്‍ത്തകരെല്ലാം ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം, അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചുകഴിഞ്ഞു. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റികഴിഞ്ഞു. ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.
രാജ്യം വിട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഘാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ അയല്‍രാജ്യമായ തജിക്കിസ്ഥാനിലാണ് അഭയം തേടിയിരിക്കുന്നത്.