വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകാത്തതില്‍ പരിഹസിച്ച് യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെണ്ണലില്‍ എണ്ണി തീര്‍ത്തത് 640 ദശലക്ഷം വോട്ടുകള്‍ ആണെന്നും മസ്‌ക് പറഞ്ഞു. യു.എസില്‍ പ്രസിഡന്റിനെ തെരഞ്ഞെടുത്ത് 19 ദിവസം കഴിഞ്ഞിട്ടും കാലിഫോര്‍ണിയയിലെ വോട്ട് എണ്ണി കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് മസ്‌കിന്റെ പ്രതികരണം.
24 മണിക്കൂറിനുള്ളില്‍ 600 ദശലക്ഷത്തിലധികം വോട്ടുകള്‍ എണ്ണാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞതെങ്ങനെയെന്ന് കാണിക്കുന്ന ഒരു ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ട് എക്‌സില്‍ മസ്‌ക് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
യു.എസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് കാലിഫോര്‍ണിയ. 39 ദശലക്ഷമാളുകളാണ് ഇവിടെ താമസിക്കുന്നത്. 2021ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ 16 ദശലക്ഷം ആളുകള്‍ ആണ് വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി കാലിഫോര്‍ണിയയിലെ വോട്ടുകള്‍ എണ്ണാനും റിപ്പോര്‍ട്ടുചെയ്യാനും കുറെ ദിവസങ്ങള്‍ എടുക്കാറുണ്ട്.
സംസ്ഥാനത്ത് ഇനിയും 300,000 വോട്ടുകള്‍ എണ്ണാന്‍ ബാക്കിയുണ്ടെന്ന് ഇലക്ടറല്‍ ഓഫീസര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എന്നാല്‍ സംസ്ഥാനത്തിന്റെ വലുപ്പവും തപാല്‍ വഴി വോട്ട് രേഖപ്പെടുത്തുന്നവരുടെ എണ്ണം കൂടുതലായതുമാണ് ബാലറ്റുകളും എണ്ണാന്‍ ആഴ്ചകളെടുക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. 2020ലെയും 2022ലെയും തെരഞ്ഞെടുപ്പുകളിലെ അന്തിമ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാലിഫോര്‍ണിയ ഏതാനും ആഴ്ചകള്‍ എടുത്തിരുന്നു.
ഇതുവരെ എണ്ണിയ വോട്ടുകള്‍ പ്രകാരം കാലിഫോര്‍ണിയയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് കമല് ഹാരിസ് ആണെന്നാണ് സൂചന. ഡെമോക്രാറ്റിക് സ്ഥാനാര്‍തഥിയായ കമല ഹാരിസ് കാലിഫോര്‍ണിയയില്‍ 58.6 ശതമാനം വോട്ടുകള്‍ നേടിയതയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിയുക്ത പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് 38.3 ശതമാനം വോട്ടുകളും നേടിയിട്ടുണ്ട്.
അതേസമയം ഇന്ത്യയിലെ ഇ.വി.എമ്മുകളെക്കുറിച്ച് മസ്‌ക് പലപ്പോഴും സംശയം ഉന്നിച്ചിരുന്നു. താന്‍ ഒരു കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ആണെന്നും ഇ.വി.എം സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നായിരുന്നു മസ്‌ക് അന്ന് പറഞ്ഞത്.
Content Highlight: 640 million votes were counted in one day in India; California, on the other hand, has not yet counted says Elon Musk