ഗായിക റിമി ടോമി തനിക്കൊരു പ്രചോദനം ആയിട്ട് തോന്നിയിട്ടുണ്ടെന്ന് കെ.എസ് ചിത്ര. റിമി പാടുന്നതിനിടയിൽ എങ്ങനെയാണ് ഓഡിയൻസിനെ കയ്യിലെടുക്കുന്നതെന്ന് താൻ ഓർക്കാറുണ്ടെന്നും അത് തനിക്ക് വളരെ അത്ഭുതമായി തോന്നിയിട്ടുണ്ടെന്നും ചിത്ര പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചിത്ര.
‘നമുക്ക് ഇപ്പോഴത്തെ കുട്ടികളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഉദാഹരണത്തിന് റിമി. റിമി എന്നേക്കാൾ എത്രയോ ജൂനിയറാണ്. ഒരു സ്റ്റേജ് പരിപാടിയിൽ എങ്ങനെയാണ് ഓഡിയൻസിനെ കയ്യിലെടുക്കുന്നതെന്നും അവരുമായി ഇടപഴകുന്നതെന്നും എനിക്ക് തോന്നാറുണ്ട്. റിമിയുടെ പരിപാടി കണ്ട ഞാൻ അന്തംവിട്ട് നിന്നിട്ടുണ്ട്. ഇങ്ങനെയൊക്കെ ഓഡിയൻസിനോട് സംസാരിക്കാമല്ലേ എന്നൊക്കെ തോന്നിയിട്ടുണ്ട്. അങ്ങനെയൊക്കെ ചെയ്യാമല്ലേ അല്ലെങ്കിൽ അങ്ങനെയൊക്കെ ഇടപെട്ടാൽ അവർ തെറ്റായിട്ടെടുക്കുമോ എന്നൊക്കെ പണ്ട് തോന്നിയിട്ടുണ്ട്.
നമ്മുടെ വീട്ടിൽ നിന്നും പണ്ട് അടങ്ങി ഒതുങ്ങി ഇരിക്കുക എന്നൊക്കെയാണ് പറഞ്ഞ് തന്നിട്ടുള്ളത്. എന്നെ അങ്ങനെ വളർത്തിയതിനെ ഒരു വളർത്ത് ദോഷം എന്നാണോ പറയേണ്ടതെന്ന് എനിക്കറിയില്ല. ദാസേട്ടൻ അവിടെ ഇരിപ്പുണ്ടെങ്കിൽ പോലും റിമി ദാസേട്ടനോട് പാടുന്നതിനിടയിൽ സംസാരിക്കും. അതെനിക്കൊരു അതിശയമായിരുന്നു. അത് ഒരു പ്രചോദനമായിട്ട് തോന്നിയിട്ടുമുണ്ട്. കൊച്ചു കുട്ടികൾ പാടുമ്പോൾ അതിൽ നിന്നും നമുക്ക് പഠിക്കാൻ പറ്റുന്ന കാര്യങ്ങൾ എന്തായാലും നമ്മൾ പഠിക്കണം,’ ചിത്ര പറഞ്ഞു.
തന്റെ ശബ്ദത്തിന്റെ സാംപിൾ മാത്രം ശേഖരിച്ചിട്ട് പാട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ചിത്ര പറഞ്ഞു. ഒരേ സാമ്പിൾ തന്നെ പല ഗാനങ്ങൾക്കായി ഉപയോഗിച്ചിരുന്നെന്നും താൻ അത് അറിഞ്ഞിരുന്നില്ലെന്നും ചിത്ര പറഞ്ഞു.
‘എന്റെ ശബ്ദത്തിന്റെ സാമ്പിൾ ഉപയോഗിച്ചിട്ട് ഒരിക്കൽ ഗാനം ഒരുക്കിയിട്ടുണ്ട്. ശ്യാം സാറിന്റെ റീ റെക്കോർഡിങ് ഉണ്ടായിരുന്നു. അതിൽ ദാസേട്ടൻ പാടിയ പാട്ടിൽ എനിക്കൊരു ഹമ്മിങ് ഉണ്ട്. അന്ന് അവിടെ വെച്ച് എനിക്കൊരു മൈക്ക് തന്നു. അതൊരു കീ ബോർഡുമായി കണക്ട് ചെയ്‌തു. ആ കീ ബോർഡിൽ ഏതൊക്കെ കീയിൽ തൊട്ടാലും അതേ ടോണിൽ എന്റെ ശബ്ദം ഒരു കോറസ് എഫക്ട് പോലെ വരും.
അതിന് ശേഷം ഒന്ന് രണ്ട് സിനിമകൾ കണ്ടപ്പോൾ അതിലെ ഒരു ഗാനത്തിൽ എന്റെ ശബ്ദത്തിലുള്ള ഹമ്മിങ് കേട്ടു. എനിക്കറിയാം ഈ ഗാനത്തിനായി ഞാൻ പാടിയിട്ടില്ലെന്ന്. അപ്പോൾ ഞാൻ ആലോചിച്ചു എന്റെ ശബ്ദം എങ്ങനെ ഇതിൽ വന്നതെന്ന്. എന്റെ ശബ്ദത്തിന്റെ സാംപിൾ ആ കീബോർഡിൽ ഉണ്ട്, അതാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നതെന്ന് പിന്നീടാണ് എന്നോട് പറഞ്ഞത്. ഇത് ഒത്തിരി നാൾ മുൻപ് സംഭവിച്ചതാണ്,’ ചിത്ര പറഞ്ഞു.
Content Highlights: K.S Chithra on Rimi Tomy