പതിനെട്ട് വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ മാത്രമാണോ റേപ്പിന്റെ പരിതിയില്‍ വരുന്നത്. ബാക്കിയുള്ളവര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളുടെ ഉത്തരവാദി അവരവര്‍ തന്നെയാണോ.
ഈ ചോദ്യങ്ങള്‍ ചോദിക്കാനുള്ള കാരണം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ നടന്‍ ബൈജു സന്തോഷ് നടത്തിയ ചില സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം. സിനിമയിലും രാഷ്ട്രീയത്തിലും എന്തിനേറെ ലോകത്ത് എല്ലായിടത്തും മോശക്കാരായ പുരുഷന്മാരുണ്ട്, അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കോഴികളുണ്ട്.
അവര്‍ പലതരത്തിലും മോശമായി സ്ത്രീകളോട് പെരുമാറും, അവരുടെ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കും, സ്ത്രീകള്‍ക്ക് വേണമെങ്കില്‍ പ്രതികരിക്കാം, പ്രതികരിക്കാതിരിക്കാം, ഇവിടെയാരും എന്നെ റേപ്പ് ചെയ്തുവെന്നൊന്നും പരാതി നല്‍കിയിട്ടില്ലല്ലോ. സ്ത്രീകള്‍ക്കെതിരെ തൊഴിലിടത്തിലും അല്ലാതെയുമൊക്കെയുണ്ടാകുന്ന അതിക്രമങ്ങളെ എത്ര എളുപ്പത്തിലാണയാള്‍ നോര്‍മലൈസ് ചെയ്യുന്നത്.
സ്ത്രീകളെ ശല്യം ചെയ്യുന്നതും അവരുടെ പ്രൈവസിക്ക് അകത്തേക്ക് ഇടിച്ച് കയറുന്നതൊന്നും ഒരു പ്രശ്‌നമേയല്ല. അതൊക്കെ ചെയ്യാന്‍ ആണുങ്ങള്‍ക്ക് കഴിയുമെന്ന തികഞ്ഞ ആണ്‍ബോധത്തില്‍ നിന്നുമാണ് ബൈജുവിനെ പോലൊരു നടന്‍ ഇങ്ങനെ സംസാരിക്കുന്നത്. നമ്മള്‍ വാതില്‍ തുറന്ന് കൊടുക്കുന്നതാണ് അതിക്രമങ്ങളുണ്ടാകുന്നതിന്റെ പ്രധാന കാരണമെന്ന് അടുത്തിടെ ഒരു പ്രമുഖ നടി പറഞ്ഞിരുന്നു. ഈ രണ്ട് പ്രസ്താവനകളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് നിസംശയം പറയാന്‍ സാധിക്കും.
സാമാന്യബോധത്തിന് വിരുദ്ധമായ ചില കാര്യങ്ങളും വളരെ ആധികാരികമായി അദ്ദേഹം സംസാരിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിക്കെതിരെയാണ് ഇത്തരത്തില്‍ മോശമായി പെരുമാറുന്നതെങ്കില്‍ അതിനെ റേപ്പ് എന്നൊക്കെ പറയാം. പ്രായപൂര്‍ത്തിയായവര്‍ക്ക് നേരെയാണെങ്കില്‍ എന്ത് പറയും. ആഹാ നല്ല ചോദ്യം. ലൈംഗീകാതിക്രമം മാത്രമാണ് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നമെന്ന് മിഥ്യാധാരണയില്‍ നിന്നുമാണ് ഇത്തരത്തിലുള്ള പ്രസ്താവനയിലേക്ക് ഒരാള്‍ എത്തിപ്പെടുന്നത്.
ഇത്തരത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്തം സ്ത്രീകളിലേക്ക് അടിച്ചേല്‍പ്പിച്ച് വിക്ടിം ബ്ലെയിമിങ് നടത്തുകയാണ് യഥാര്‍ത്ഥത്തില്‍ ബൈജു. അതോടൊപ്പം സ്ത്രീകളെല്ലാം ബോള്‍ഡാണ് പുരുഷന് നേരെ നിന്ന് എന്താടാ എന്ന് ചോദിച്ചാല്‍ തന്നെ പുരുഷന്‍ ഇല്ലാതെയാകുമെന്ന വാദങ്ങളും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്.
2017ന് ശേഷം മലയാള സിനിമയിലുണ്ടായ ചില സംഭവങ്ങളുടെയും പ്രശ്‌നങ്ങളുടെയും തുടര്‍ച്ചയായി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് രൂപീകൃതമായ ഒന്നാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന. അത്തരം സംഘടനകളുടെയൊന്നും ആവശ്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.
പത്ത് പേരുടെ മുന്നില്‍ വെച്ച് സ്ത്രീ ഒരു ചോദ്യം ചോദിച്ചാല്‍ പുരുഷന്‍ തീര്‍ന്നു. പക്ഷെ അത് ചോദിക്കാനുള്ള തന്റേടം വേണം. തന്റേടം കാണിക്കേണ്ടയിടത്ത് അത് കാണിക്കണം. പിന്നല്ലാതെ എന്തിനാണ് അങ്ങനെയൊരു വാക്ക്. അത് സ്ത്രീ കാണിക്കാന്‍ പാടില്ല പുരുഷനെ കാണിക്കാന്‍ പാടുള്ളു എന്നൊന്നുമില്ല. അവര്‍ ബോള്‍ഡായി നിന്നാല്‍ അവരുടെയടുത്ത് ആരു മോശമായി പെരുമാറില്ല.
പഴയ കാലത്തെ കഥയൊന്നും ഇനി പറഞ്ഞ് നടന്നിട്ട് കാര്യമില്ല. കഴിഞ്ഞതൊക്കെ കഴിഞ്ഞു. വ്യക്തിപരമായി നമ്മള്‍ ശക്തരാവുക എന്നതാണ് പ്രധാനം. എന്തെങ്കിലും പ്രശ്നം പറ്റി കഴിഞ്ഞിട്ട് സംഘടനയില്‍ പോയി പറയുന്നതിലും നല്ലത് അതല്ലേ. അങ്ങന ആകുമ്പോള്‍ പ്രശ്നങ്ങളെ മുളയിലെ നുള്ളാന്‍ കഴിയുമല്ലോ.
നമുക്ക് ഇഷ്ടമില്ലാത്ത കാര്യം വേറൊരാള്‍ ആവശ്യപ്പെടുകയാണെങ്കില്‍ പ്രതികരിക്കാനുള്ള അധികാരമുണ്ട്. എന്തെങ്കിലും സംഭവിക്കാതെ നോക്കേണ്ടത് അവരവരുടെ ഉത്തരാവദിത്തമാണ്. സംഭവിച്ച് കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമുണ്ടോ. അപ്പോള്‍ തന്നെ ചെറുത്ത് നില്‍ക്കാന്‍ പഠിക്കണം, ബൈജുവിന്റെ വാക്കുകളാണിവ.
ഞങ്ങള്‍ സ്ത്രീകളെ ഉപദേശിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ ഏതെങ്കിലുമൊരു സ്ത്രീ അഭിപ്രായ പ്രകടനം നടത്തിയാല്‍ ആ അഭിപ്രായത്തെ ഞങ്ങള്‍ കണ്ണുംപൂട്ടി തിരസ്‌കരിക്കുകയും ചെയ്യും. ഇത്തരത്തില്‍ സിനിമാ താരങ്ങളേയും മറ്റും അഭിമുഖം ചെയ്യുമ്പോള്‍ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ് സ്ത്രീകള്‍ക്കായി ഒരു സംഘടനയുടെ ആവശ്യമുണ്ടോയെന്ന്. ആ ചോദ്യത്തില്‍ തന്നെ അത്തരം ചെറുത്ത് നില്‍പ്പുകളോടുള്ള അസഹിഷ്ണുത വ്യക്തമാണ്.
content highlight: actor baiju about crimes against women