| Sunday, 31st July 2022, 3:52 pm

ഒന്നാം ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടിട്ട് 63 വര്‍ഷം; വിമോചന സമരമെന്ന പേരില്‍ കേരളം കണ്ട ഏറ്റവും വിധ്വംസക അട്ടിമറിയെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിമോചന സമരമെന്ന പേരില്‍ കേരളം കണ്ട ഏറ്റവും വിധ്വംസകവും പിന്തിരിപ്പനുമായ അട്ടിമറി സമരത്തിനൊടുവിലാണ് ഒന്നാം ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിട്ട ജനാധിപത്യധ്വംസനം അരങ്ങേറിയതെന്ന് സി.പി.ഐ.എം. ഒന്നാം ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതിന്റെ 63 വാര്‍ഷികത്തില്‍ സി.പി.ഐ.എമ്മിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഇതുസംബന്ധിച്ച പ്രതികരണം വന്നത്.

ഇ.എം.എസ് സര്‍ക്കാര്‍ കൈക്കൊണ്ട ജനോപകാരപ്രദമായ പല നടപടികളും അന്നത്തെ ജാതി-മത സംഘടനകളെയും, ഭൂപ്രഭുക്കന്മാരുടെയും ജന്മിമാരുടെയും പാര്‍ടിയായിരുന്ന കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നതായിരുന്നു. ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളെ ഇന്ത്യയും ലോകവും ആശ്ചര്യത്തോടെയാണ് ഉറ്റുനോക്കിയത്. സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷികബന്ധബില്ലിനെതിരായിരുന്ന ജന്മിമാരും വിദ്യാഭ്യാസബില്ലിന്റെ പേരില്‍ ജാതി-മത പ്രമാണിമാരും ‘വിമോചന സമരം’ നയിക്കുന്നതിലേക്കാണെത്തിയത്. ഇതിന് കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ പിന്തുണ നല്‍കിയെന്നും കുറിപ്പില്‍ പറഞ്ഞു.

സര്‍ക്കാരിനൊപ്പമുണ്ടായിരുന്ന സ്വതന്ത്ര എം.എല്‍.എമാരെ കൂറുമാറ്റാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണ് സര്‍ക്കാരിനെ അട്ടിമറിക്കാനായി കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന ദേവികുളം സീറ്റ് പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമവും പരാജയപ്പെട്ടതോടെ വിമോചനസമരമെന്ന പേരില്‍ അക്രമാസക്തമായ സമരം അവര്‍ ആരംഭിക്കുകയായിരുന്നു. ഇതിനനുകൂലമായി മലയാള മനോരമയും ദീപികയുമടക്കമുള്ള പത്രങ്ങള്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ച് അതിക്രമങ്ങള്‍ക്ക് പ്രേരണനല്‍കി, പ്രക്ഷോഭം പലയിടത്തും അതിരുവിട്ടു.

1959 ജൂലൈ 31ന് കേന്ദ്രം ഭരണഘടനയുടെ 356-ാം വകുപ്പുപയോഗിച്ച് മന്ത്രിസഭയെ പിരിച്ചുവിട്ടു. അപ്പോഴും നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാക്കളങ്കം ചാര്‍ത്തിയ ദിനം. കേരളത്തിലെ ഭൂമിക്കവകാശികളായ മഹാഭൂരിപക്ഷത്തെ ലക്ഷം വീടുകളിലും രണ്ടുസെന്റ് കോളനികളിലും ഒതുക്കിയിടാനും മറ്റൊരു വിഭാഗത്തെ ഭൂരഹിതരായി നിലനിര്‍ത്താനും കഴിഞ്ഞു എന്നതാണ് വിമോചനസമരത്തിന്റെ ഒരു ഒരുവശം. വിമോചനസമരമെന്ന അട്ടിമറി സമരത്തിന്റെ കണക്കെടുത്താല്‍ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമായിരിക്കും കാണാനാവുക.

1957ലെ സര്‍ക്കാരിന്റെ ജനോപകാരപ്രദങ്ങളായ നിയമങ്ങളുടെ തുടര്‍ച്ചയായി പിണറായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ദീര്‍ഘദൃഷ്ടിയുള്ള നടപടികളോട് യു.ഡി.എഫ്- ബി.ജെ.പി കൂട്ടുകെട്ടും അവരെ പിന്തുണയ്ക്കുന്ന മാധ്യമമേലാളന്മാരും തികഞ്ഞ അസഹിഷ്ണുത കാണിക്കുകയാണ്. ‘വിമോചനസമരം’ കാലയളവിലെന്നവണ്ണം അസത്യങ്ങളും അര്‍ധസത്യങ്ങളും തുടര്‍ച്ചയായി എഴുന്നള്ളിക്കുകയും ചെയ്യുന്നു. 1959 ജൂലൈ 31ല്‍ നടന്ന കേരളചരിത്രത്തിലെ ഏറ്റവും ഭയാനകമായ ജനാധിപത്യ അട്ടിമറി, ഇടതുപക്ഷശക്തികള്‍ക്കെതിരായ ഈ കാലത്തെ ബഹുമുഖങ്ങളായ കടന്നാക്രമണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള കരുത്തുപകരുന്നുവെന്നും സി.പി.ഐ.എം കുറിപ്പില്‍ പറഞ്ഞു.

കോര്‍പ്പറേറ്റുകളുടേയും വര്‍ഗീയകക്ഷികളുടേയും പിന്തിരിപ്പന്മാരുടെയും കേന്ദ്രഭരണ കക്ഷിയുടെയും കൂട്ടുമുന്നണിയുടെ കുഴലൂത്താണ് കേരളത്തിലെ മാധ്യമങ്ങള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഉദാരവല്‍ക്കരണത്തിന്റെ ഈ കാലത്ത് സാമൂഹ്യ സുരക്ഷാ മേഖലയിലും അടിസ്ഥാന വികസന മേഖലയിലും ഒരുപോലെ മുന്നേറുന്ന ഒരു ഇടതുപക്ഷ ബദല്‍ ഭരണ സംവിധാനത്തെ വച്ചുപൊറുപ്പിക്കില്ല എന്ന ധാര്‍ഷ്ട്യമാണ് അവരെ നയിക്കുന്നത്. ഇതുമൂലം കേരളത്തില്‍ ഇടതുപക്ഷം പിന്നോട്ട് പോയാല്‍ ആര്‍ക്കാണ് നഷ്ടം എന്ന് ചിന്തിക്കാനാകണം.

ആട്ടിമറിക്കപ്പെട്ടെങ്കിലും ഒന്നാം ജനകീയ സര്‍ക്കാരിന്റെ നേരും നന്മകളും ഇന്നും കേരളം അനുഭവിക്കുന്നു. കേരളത്തിന്റെ അനന്യമായ സാമൂഹ്യപുരോഗതിയെ അട്ടിമറിക്കാന്‍ പിന്നീട് ഓരോ ഘട്ടത്തിലും വന്ന വലതുപക്ഷ സര്‍ക്കാരുകള്‍ ശ്രമിച്ചെങ്കിലും ഇന്ന് കാണുന്ന കേരളം നിലനില്‍ക്കുന്നത് ആദ്യ മന്ത്രിസഭയുടെ അടിത്തറയില്‍ത്തന്നെയാണ്. നാടിന്റെ വികസനവും, ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കി മുന്നേറുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിനെതിരായി പ്രതിലോമ-വര്‍ഗീയ- ജനാധിപത്യവിരുദ്ധ ശക്തികളെ അണിനിരത്തി രണ്ടാം വിമോചനസമരത്തിന് ബി.ജെ.പിയുമായി കൈകോര്‍ക്കുന്ന കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും സംഘടിത നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഈ ജനാധിപത്യ അട്ടിമറിയുടെ ഓര്‍മകള്‍ കരുത്താകണമെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: 63 years since the dissolution of the first EMS government; CPI(M) called the most destructive coup that Kerala has seen in the name of liberation struggle

We use cookies to give you the best possible experience. Learn more