ന്യൂദല്‍ഹി: രാജ്യത്തെ പുതിയ സൈനിക സ്‌കൂളുകളില്‍ 62 ശതമാനവും സംഘപരിവാറിന് ആനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ബി.ജെ.പി നേതാക്കള്‍ക്കും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും സ്‌കൂള്‍ നടത്താനുള്ള അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇതില്‍ ഏഴ് സ്‌കൂളുകളുടെ നടത്തിപ്പവകാശം ലഭിച്ചിരിക്കുന്നത് ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ ശാഖയായ അഖില്‍ ഭാരതീയ ശിക്ഷാ സന്‍സ്ഥാന്‍ എന്നറിയപ്പെടുന്ന വിദ്യാഭാരതിക്കാണ്.
ഇവ മധ്യപ്രദേശ്, പഞ്ചാബ്, കേരളം, ദാദ്ര, നഗര്‍ ഹവേലി എന്നീ സംസ്ഥാനങ്ങളിലും മൂന്നെണ്ണം ബീഹാറിലുമാണ്. 1978ല്‍ ആര്‍.എസ്.എസിന്റെ അധികാരപരിധിയില്‍ വരുന്ന സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കാന്‍ സ്ഥാപിച്ച സംഘടനയാണ് വിദ്യാഭാരതി.
സ്‌കൂളുകളുടെ നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ അനുമതി കൊടുത്തവരില്‍ ആര്‍.എസ്.എസിന്റെ ബാഹ്യ സംഘടനയായ രാഷ്ട്രീയ സേവാ ഭാരതിയുടെ ശാഖയായ ഭൗസാഹബ് ഭുസ്‌കുതേ സ്മൃതി ലോക് ന്യാസുമുണ്ട്.
റിപ്പോര്‍ട്ടുകളനുസരിച്ച് 2022 മെയ് മുതല്‍ 2023 ഡിസംബര്‍ വരെയുള്ള സമയത്തിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ 40 പുതിയ സൈനിക സ്‌കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ചുമതല ലഭിച്ചവരില്‍ ഭൂരിഭാഗവും ബി.ജെ.പിയുടെ സഖ്യകക്ഷികളാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിവരാവകാശം മുഖേന ലഭിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ശശി തരൂര്‍ രംഗത്തെത്തി. അഗ്‌നിവീര്‍ പദ്ധതി ഇതിനകം തന്നെ ഇന്ത്യയുടെ സായുധ സേനയുടെ പ്രൊഫഷണലിസത്തിന് നേരെയുള്ള ആക്രമണമായി മാറിയെന്നും ഇതിനുപിന്നാലെയാണ് സൈനിക സ്‌കൂളുകളിലെ കാവിവത്കരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിലും ദേശീയ സുരക്ഷയിലും കേന്ദ്ര സര്‍ക്കാരിന് എങ്ങനെയാണ് ഇത്തരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കുന്നതെന്നും ശശി തരൂര്‍ ചോദിച്ചു.
Content Highlight: 62% of the new military schools in the country have been granted to the Sangh Parivar by the central government