ന്യൂദല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
വിസ്താ പദ്ധതിക്ക് ചെലവാക്കുന്ന 20,000 കോടിയുണ്ടെങ്കില്‍ 62 കോടി വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കാമായിരുന്നില്ലേ എന്ന് പ്രിയങ്കാ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
20,000 കോടി ഉണ്ടായിരുന്നെങ്കില്‍ 62 കോടി വാക്‌സിന്‍ 22 കോടി റെംഡിസിവര്‍ 3 കോടി 10 ലിറ്റര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ 1200 ബെഡുകളോടു കൂടി 13 എയിംസ് എന്നിവ രാജ്യത്തിന് നല്‍കാന്‍ സാധിക്കുമായിരുന്നില്ലേ എന്നാണ് പ്രിയങ്ക ചോദിച്ചത്. എന്തിനാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയെന്നും പ്രിയങ്കാ ചോദിച്ചു.
രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്രയധികം രൂപ ചെലവിട്ട് വിസ്ത പദ്ധതി നടപ്പാക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ക്രിമിനല്‍ പാഴ്ച്ചെലവെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പദ്ധതിയെ വിശേഷിപ്പിച്ചത്.
അതേസമയം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാനുള്ള അന്തിമസമയം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. അവശ്യ സര്‍വീസായി പരിഗണിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
2022 ഡിസംബറില്‍ പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. നേരത്തെ കൊവിഡ് ഒന്നാം തരംഗത്തിലെ ലോക്ക്ഡൗണിലും പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നില്ല. ആദ്യം പണി പൂര്‍ത്തിയാക്കേണ്ട പ്രധാന കെട്ടിടങ്ങളില്‍ ഒന്നാമതായാണ് പ്രധാനമന്ത്രിയുടെ വസതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്കായുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണവും ഇതിനൊപ്പം പൂര്‍ത്തിയാക്കും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മാണം നടക്കുന്നത്. 13450 കോടി രൂപയുടെ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക