തിരുവനന്തപുരം: അനധികൃത അവധിയില്‍ തുടരുന്ന നഴ്‌സുമാരെ പിരിച്ചുവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി. 61 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും അഞ്ച് വര്‍ഷമായി ഡ്യൂട്ടിക്കെത്താതെ സ്റ്റാഫുകള്‍ക്കെതിരെയാണ് നടപടി. ശ്യൂനവേതന അവധി പൂര്‍ത്തിയായിട്ടും തിരികെ ഡ്യൂട്ടിയില്‍ പ്രവേശിക്കാത്തവരെയാണ് പിരിച്ചുവിട്ടത്.
അനധികൃത അവധിയില്‍ തുടരുന്നവര്‍ പ്രൊബേഷനിലാണെങ്കില്‍ പ്രൊബേഷന്‍ അവസാനിപ്പിച്ച് പിരിച്ചുവിടാന്‍ നിയമം അനുവദിക്കുന്നുണ്ട്. നിലവില്‍ പിരിച്ചിട്ടുവിട്ട 61 നഴ്‌സുമാരും പ്രൊബേഷനിലാണ്.
നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ സേവനത്തെ ജീവനക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി.
നേരത്തെ സമാനമായി 36 ഡോക്ടര്‍മാരെ പിരിച്ചുവിട്ടിരുന്നു. അവധിയില്‍ പ്രവേശിച്ച ശേഷം വിദേശ യാത്രകള്‍ നടത്തുകയും അവധി പൂര്‍ത്തിയായിട്ടും വിശദീകരണം നല്‍കാതിരുന്നതുമായ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
നവംബറില്‍ മെഡിക്കല്‍ കോളേജുകളിലെ അനധികൃത അവധിയില്‍ നടപടിയെടുക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് പിരിച്ചുവിടല്‍ നടപടി.
2016 മുതലുള്ള അനധികൃത അവധികളില്‍ നടപടിയെടുക്കാനാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചിരുന്നത്. ജോലിയില്‍ പുനര്‍പ്രവേശിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് തിരികെ വരാമെന്നും ഇനിയൊരു അവസരം ലഭിച്ചെന്ന് വരില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
തുടര്‍ന്ന് 2016 മുതല്‍ അനധികൃത അവധിയിലുള്ളവരെ സംസ്ഥാന സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിരുന്നു. ഈ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ വിശദീകരണം നല്‍കണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
കണക്കുകള്‍ പ്രകാരം 216 നഴ്സുമാരാണ് അനധികൃത അവധിയിലുള്ളത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, തിരുവനന്തപുരം എസ്.എ.ടി ആശുപത്രി ഉള്‍പ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നഴ്സിങ് ജീവനക്കാരുടെ കുറവ് തുടരുന്ന സാഹര്യത്തിലാണ് 84 പേര്‍ അനധികൃത അവധിയിലുള്ളത്.
Content Highlight: 61 nurses who took illegal leave were dismissed