ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് എതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ പെണ്‍പടക്ക് തോല്‍വി. മൂന്ന് റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ രണ്ട് മത്സരവും വിജയിച്ച ഓസ്‌ട്രേലിയന്‍ പെണ്‍പട പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.
മുംബൈ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസീസ് ഓപ്പണര്‍ ഫോബ് ലിച്ച്ഫീല്‍ഡ് 98 പന്തില്‍ നിന്നും ആറ് ബൗണ്ടറികള്‍ അടക്കം 63 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൂടെ എല്ലിസ് പെറി 47 പന്തില്‍ നിന്നും ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയും അടക്കം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു.
ആലീസ ഹീലി 13 (24) റണ്‍സിനും, ബേത് മൂണി 10 (17) റണ്‍സിനും പുറത്തായതോടെ താലിയ മഗ്രാത് 32 പന്തില്‍ നിന്ന് 24 റണ്‍സ് നേടി മധ്യനിരയില്‍ പിടിച്ചുനിന്നു.
തുടര്‍ന്ന് അന്നബെല്‍ സതര്‍ലാന്‍ഡ് 23 (29), ജോര്‍ജിയ വേയര്‍ഹം 22 (20), അലന കിങ് 28 (17) റണ്‍സ് ടീമിനും നേടിക്കൊടുത്തപ്പോഴാണ് മികച്ച സ്‌കോറിലേക്ക് ഓസ്‌ട്രേലിയ എത്തിയത്. ഓസ്‌ട്രേലിയന്‍ വനിതകളെ അടക്കി നിര്‍ത്തിയത് ദീപ്തി ശര്‍മ്മ നേടിയ അഞ്ച് വിക്കറ്റിന്റെ നേട്ടമാണ്. 10 ഓവറില്‍ വെറും 38 റണ്‍സ് വഴങ്ങി 3.80 എന്ന ഇക്കണോമിയില്‍ ആയിരുന്നു ദീപ്തി ശര്‍മയുടെ മിന്നും പ്രകടനം.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് യാഷ്ടിക ഭാട്ടിയയെ തുടക്കത്തില്‍ തന്നെ 14 റണ്‍സിന് നഷ്ടമായി. സ്മൃതി മന്ദാന 38 പന്തില്‍ നിന്നും ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 34 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
എന്നാല്‍ അതിനുമുപരി റിച്ച ഘോഷിന്റെ മിന്നും പ്രകടനത്തിലാണ് ഇന്ത്യക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചത്. 117 പന്തില്‍ നിന്നും 13 ബൗണ്ടറികള്‍ അടക്കം 96 റണ്‍സിന്റെ മികച്ച പെര്‍ഫോമന്‍സ് ആണ് താരം നടത്തിയത്. വെറും നാലു റണ്‍സിനാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്.
ജേമിമ റോഡ്രിഗസ് 55 പന്തില്‍ മൂന്ന് ബൗണ്ടറി അടക്കം 44 റണ്‍സ് നേടി റിച്ചക്ക് മികച്ച കൂട്ടുകെട്ട് നല്‍കിയിരുന്നു. മധ്യനിരയിലെ അവസാന സാധ്യതയില്‍ ദീപ്തി ശര്‍മ 36 പന്തില്‍ നിന്ന് 24 റണ്‍സ് നേടി പൊരുതി നിന്നിട്ടും ഇന്ത്യ മൂന്ന് റണ്‍സിന് ഓസീസിനോട് തോല്‍ക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാരെ വരിഞ്ഞു മുറുക്കി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത് അന്നബെല്‍ ആയിരുന്നു. ജോര്‍ജിയ വരേഹം രണ്ടു വിക്കറ്റുകളും നേടി.
പൊരുതി നിന്നിട്ടും ഇന്ത്യക്ക് ഓസ്‌ട്രേലിയയോട് തോല്‍ക്കാന്‍ ആയിരുന്നു വിധി. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം ആയിരുന്നു ടീം നടത്തിയത്. ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ അവസാന ഏകദിന മത്സരം ജനുവരി രണ്ടിന് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും.
Content Highlight: Indian women’s lose against Australia