| Tuesday, 9th April 2019, 2:08 pm

തെരഞ്ഞെടുപ്പു കമ്മീഷന്റെ വിമര്‍ശനത്തിനുശേഷവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ റെയ്ഡിനെ ന്യായീകരിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിമര്‍ശനത്തിനിപ്പുറവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ആദായ നികുതി റെയ്ഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് പണം നല്‍കി വോട്ടുവാങ്ങാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞാണ് മോദി റെയ്ഡിനെ ന്യായീകരിച്ചത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന റെയ്ഡില്‍ വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ രംഗത്തുവന്നിരുന്നു. റവന്യൂ സെക്രട്ടറിയോടും പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാനോടും ഹാജരാകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിനു മുമ്പ് എതിരാളികളെ അവഹേളിക്കാനും മോശക്കാരായി ചിത്രീകരിക്കാനും മോദി സര്‍ക്കാര്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ബി.എസ്.പി നേതാവ് മായാവതി, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് എന്നിവരുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.

രാഷ്ട്രീയ പക്ഷപാതിത്വമില്ലാതെയായിരിക്കണം നികുതിയുമായി ബന്ധപ്പെട്ട റെയ്ഡുകളെന്ന് ഞായറാഴ്ച ആദായ നികുതി വകുപ്പിന് നല്‍കിയ നോട്ടീസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇത്തരം റെയ്ഡുകള്‍ നടത്തുന്നതിനു മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിക്കാനും നിര്‍ദേശിച്ചിരുന്നു.

ഇതിന് മറുപടിയായി ആദായ നികുതി വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം മാനിക്കുന്നുവെന്നും തെറ്റു ചെയ്യുന്നവരെ പുറത്തുകൊണ്ടുവരുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ റെയ്ഡിനു മുമ്പ് കമ്മീഷനെ വിവരം അറിയിക്കണമെന്ന നിര്‍ദേശത്തിന്റെ കാര്യത്തില്‍ യാതൊരു പ്രതികരണവും ആദായ നികുതി വകുപ്പ് നടത്തിയിരുന്നില്ല.

ഇതിനു പിന്നാലെയും ഇത്തരം റെയ്ഡുകള്‍ തുടര്‍ന്നതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more