| Monday, 4th November 2019, 6:53 pm

യോഗി ആദിത്യനാഥിന്റെ പശു സ്‌നേഹം വാക്കില്‍ മാത്രം; ഒമ്പത് മാസത്തിനിടെ ബറേലിയില്‍ ചത്തത് 600 കന്നുകാലികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബറേലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പശുസ്‌നേഹം വാക്കില്‍ മാത്രമൊതുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ക്കിടെ ബറേലിയില്‍ മാത്രം ചത്തത് അറുന്നൂറിലധികം കന്നുകാലികളാണ്.

കന്നുകാലികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് സംസ്ഥാനത്തുണ്ടാവുന്നത്. എന്നാല്‍ ഇവയെ സംരക്ഷിക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ബറേലി മേയര്‍ ഉമേഷ് ഗൗതം ആരോപിച്ചു. ഉമേഷ് യോഗിക്കെഴുതിയ കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഒമ്പത് മാസത്തിനിടെ 600 കന്നുകാലികളാണ് ഗോസംരക്ഷണ ശാലകളില്‍ ചത്തത്. എന്നാല്‍, അവയുടെ ശവം പോലും ശരിയായി മറവുചെയ്യപ്പെട്ടിട്ടില്ല’, ഉമേഷ് കത്തില്‍ പറയുന്നു.

ഗോസംരക്ഷണ ശാലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മേയര്‍ യോഗി ആദിത്യനാഥിന് കത്തെഴുതിയത്. ‘300 കന്നുകാലികളെ മാത്രം പാര്‍പ്പിക്കാന്‍ കഴിയുന്ന ഈ ശാലകളില്‍ അറുന്നൂറിലധികം കന്നുകാലികളെയാണ് പാര്‍പ്പിച്ചിരുന്നത്. പശുക്കള്‍ക്ക് നല്‍കുന്ന കാലിത്തീറ്റയും ഗുണനിലവാരമില്ലാത്തതാണ്. പല കന്നുകാലികളുടെയും ആരോഗ്യനില വളരെ മോശമാണ്. ചത്ത പല കാലികളുടെയും ശവം ശരിയായ രീതിലല്ല മറവുചെയ്തിരിക്കുന്നതും’, മേയര്‍ കത്തില്‍ പറയുന്നു.

വിഷയത്തെക്കുറിച്ച് മറ്റൊരു ഗോശാലയുടെ നടത്തിപ്പുകാരനായ റാം ഗുലാം പറയുന്നതിങ്ങനെ, ‘പശു ഇവിടെ വോട്ട് ബാങ്കും രാഷ്ട്രീയ ഉപകരണവുമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പശു സംരക്ഷണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട്. പക്ഷേ, അത് യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ പശുക്കളുടെ അവസ്ഥയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല’.

കന്നുകാലികളെ പരിചരിക്കുന്നതില്‍ ഗുരുതര പിഴവ് കണ്ടെത്തിയ ബറേലിയിലെ കാമധേനു ഗോശാല ട്രസ്റ്റിനെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തി. കാലി സംരക്ഷണത്തിനായി ട്രസ്റ്റിന് ഫണ്ട് നല്‍കുന്നത് തടഞ്ഞിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more