| Friday, 21st July 2023, 7:18 pm

ലോക ജനസംഖ്യയിലെ 60 ശതമാനവും സോഷ്യല്‍ മീഡിയയില്‍; ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ലോക ജനസംഖ്യയിലെ 60 ശതമാനം പേരും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമെന്ന് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ അഡൈ്വസറി കമ്പനിയായ കെപിയോസാണ് അഞ്ച് ബില്യണിലധികം ജനങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് പഠനത്തിലൂടെ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.7 ശതമാനം കൂടുതലാണിതെന്നാണ് പഠനത്തില്‍ പറയുന്നത്. ലോക ജനസംഖ്യയുടെ 5.19 ബില്യണ്‍ അല്ലെങ്കില്‍ 64.5 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തില്‍ സ്ഥലങ്ങള്‍ തമ്മില്‍ വ്യത്യാസം നില്‍ക്കുന്നുണ്ട്. മധ്യ, കിഴക്ക് ആഫ്രിക്കയില്‍ 11ല്‍ ഒരാളാണ് സാമൂഹ്യ മാധ്യമം ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ മൂന്നില്‍ ഒരാളാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സമയത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഏകദേശം രണ്ട് മണിക്കൂര്‍ 26 മിനിറ്റാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നത്. ഇവിടെയും സ്ഥലങ്ങള്‍ മാറുന്നതിനനുസരിച്ചുള്ള അസമത്വങ്ങള്‍ കാണാം. ബ്രസീലുകാര്‍ പ്രതിദിനം ശരാശരി മൂന്ന് മണിക്കൂറും 49 മിനിറ്റുമാണ് ഉപയോഗിക്കുന്നത്. ജപ്പാനുകാര്‍ ഒരു മണിക്കൂറില്‍ താഴെയാണ് ഉപയോഗിക്കുന്നത്.

വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ഏഴ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത്.

വീചാറ്റ്, ടിക് ടോക് എന്നീ ചൈനീസ് ആപ്ലിക്കേഷനും ട്വിറ്റര്‍, മെസഞ്ചര്‍, ടെലിഗ്രാം എന്നിവയും ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുന്നുണ്ട്.

CONTENT HIGHLIGHTS: 60 percent of the world’s population is on social media; One in three in India; Report

We use cookies to give you the best possible experience. Learn more