മഥുരയിലെ വ്യാജ അധ്യാപക നിയമന വിവാദം: 60 പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ സസ്‌പെന്‍ഷനില്‍
National
മഥുരയിലെ വ്യാജ അധ്യാപക നിയമന വിവാദം: 60 പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ സസ്‌പെന്‍ഷനില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th June 2018, 11:15 am

മഥുര: വ്യാജ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസിനെത്തുടര്‍ന്ന് മഥുര ജില്ലാ ഭരണകൂടം 60 പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകരെ സസ്‌പെന്റ് ചെയ്തതായി അധികൃതര്‍. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ സസ്‌പെന്റ് ചെയ്ത പ്രധാനാധ്യാപകരുടെ എണ്ണം 80 ആയി.

“വ്യാഴാഴ്ച 20 പ്രധാനാധ്യാപകരെ സസ്‌പെന്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ 60 പേരെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.” മഥുര ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് പ്രിന്‍സിപ്പാളായ മുകേഷ് അഗര്‍വാള്‍ പറഞ്ഞു.


Also Read: മുത്തലാഖ് വിഷയത്തില്‍ തുറന്ന സമീപനം; സോണിയ ഗാന്ധി, മായാവതി, മമതാ ബാനര്‍ജി എന്നിവരുടെ പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍


മതിയായ രേഖകളില്ലാതെ വ്യാജ അധ്യാപകരെ അവരവരുടെ സ്‌കൂളുകളില്‍ നിയമിച്ചതിനാണ് പ്രധാനാധ്യാപകരെ പുറത്താക്കിയിട്ടുള്ളത്. സസ്‌പെന്‍ഡ് ചെയ്തിട്ടുള്ള അധ്യാപകരെല്ലാം കുറ്റക്കാരാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്നാണ് മുകേഷ് അഗര്‍വാളിന്റെ വിശദീകരണം.

” രേഖകള്‍ പരിശോധിക്കാനായി പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടര്‍ അയച്ച സംഘത്തിന് മതിയായ വിവരങ്ങള്‍ കൈമാറാന്‍ സസ്‌പെന്‍ഷനിലുള്ള പ്രധാനാധ്യാപകര്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.” മുകേഷ് പറയുന്നു.

ഒന്‍പതു വ്യാജ അധ്യാപകരെയും, നാല് ഇടനിലക്കാരെയും പ്രാഥമിക ശിക്ഷാധികാരി ഓഫീസിലെ രണ്ട് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരെയും ഓഫീസ് ക്ലാര്‍ക്കായ മഹേഷ് ശര്‍മയുമടക്കം 16 പേരെയാണ് ഇതിനോടകം ഈ വിഷയത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റു ചെയ്തിട്ടുള്ളത്.


Also Read: സുഷമാ സ്വരാജിനെതിരെ സൈബര്‍ ആക്രമണം; ട്വീറ്റുകള്‍ക്കൊണ്ട് ചിലര്‍ തന്നെ ബഹുമാനിച്ചിരിക്കുകയാണെന്ന് മന്ത്രിയുടെ പ്രതികരണം


പ്രാഥമിക ശിക്ഷാധികാരി, നാലു ഖാണ്ഡ് ശിക്ഷാധികാരികള്‍, ഒരു വനിതാ ഡെസ്പാച്ച് ക്ലര്‍ക്ക് എന്നിവരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ നടന്നിട്ടുള്ള 29,340 അധ്യാപക നിയമനങ്ങളില്‍ 107 എണ്ണം വ്യാജമാണെന്നും ഇവര്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ഉണ്ടെന്നും ആരോപണങ്ങളുണ്ട്.

മഥുരയിലെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തു നടക്കുന്ന സാരമായ നിയമലംഘനങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത് ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് പ്രിന്‍സിപ്പല്‍ സ്വമേധയാ അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.