മോസ്‌കോ: റഷ്യയില്‍ സംഗീത നിശക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ നടന്ന സംഗീത നിശക്കിടെയാണ് ഭീകരമാക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം. ഐ.എസ്.ഐ.എല്‍ എന്ന സംഘടന ഏറ്റെടുത്തതായി റഷ്യന്‍ സുരക്ഷ ഏജന്‍സികളെ ഉദ്ധരിച്ച് കൊണ്ട് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തോക്ക്ധാരികളായ അഞ്ച് പേര്‍ പരിപാടി നടക്കുന്ന ഹാളിനകത്തേക്ക് പ്രവേശിപ്പിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് സ്‌ഫോടനവും തീപിടുത്തവുമുണ്ടായി. തിപിടുത്തത്തില്‍ ഹാളിനുള്ളില്‍ ആളുകള്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
വലിയ പൊലീസ് സേന സ്ഥലത്തെത്തിയാണ് ഹാളില്‍ നിന്നും ജനങ്ങലെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെയും മരണപ്പെട്ടവരെയും ആശുപത്രികളിലേക്ക് മാറ്റുന്നതിനായി നിരവധി ആംബുലന്‍സുകളും സ്ഥലത്തെത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് ജനങ്ങള്‍ ഓടിരക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു.
മോസ്‌കോ ഗവര്‍ണര്‍ ആന്ദ്രേ വോറോബിയോവ് ആക്രമണം നടന്ന സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടു. ആക്രമികളെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
അതേ സമയം ആക്രമണത്തെ കുറിച്ച് യു.എസ്. എംബസി തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയരുന്നതായാണ് വിവരം. അടുത്ത 48 മണിക്കൂറിനുള്ളില്‍ വലിയ കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ യു.എസ് എംബസി തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരാക്രമണത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രേമോദിയും അപലപിച്ചു. ഭീകരാക്രമണത്തിന് ഇരകളായവരുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും റഷ്യന്‍ ഫെഡറേഷനിലെ സര്‍ക്കാറിനോടും ജനങ്ങളോടും ഇന്ത്യ ഐക്യപ്പെടുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.
CONTENT HIGHLIGHTS: 60 killed, over 100 injured in terrorist attack in Russia; Condemned India