ഒരു ടി-20 മത്സരത്തില്‍ പറന്ന 18 സിക്‌സറുകള്‍; ആറ് വര്‍ഷത്തിനിപ്പുറവും ഒരുത്തനും വട്ടം വെക്കാന്‍ സാധിക്കാത്ത ഗെയ്ല്‍ മാജിക്
Sports News
ഒരു ടി-20 മത്സരത്തില്‍ പറന്ന 18 സിക്‌സറുകള്‍; ആറ് വര്‍ഷത്തിനിപ്പുറവും ഒരുത്തനും വട്ടം വെക്കാന്‍ സാധിക്കാത്ത ഗെയ്ല്‍ മാജിക്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th December 2023, 5:27 pm

ഒരു ടി-20 മത്സരത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരം എന്ന റെക്കോഡ് ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന ക്രിസ് ഗെയ്ല്‍ തന്റെ പേരില്‍ കുറിച്ചിട്ട് ഇന്നേക്ക് ആറ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2017 ഡിസംബര്‍ 12ന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലാണ് ഗെയ്ല്‍ സ്റ്റോമിന് കായികലോകം സാക്ഷ്യം വഹിച്ചത്.

2017 ബി.പി.എല്‍ ഫൈനലില്‍ ധാക്ക ഡോമിനേറ്റേഴ്‌സിനെതിരെയാണ് രംഗ്പൂര്‍ റൈഡേഴ്‌സിനായി ക്രിസ് ഗെയ്ല്‍ ഒരിക്കല്‍ക്കൂടി തന്റെ വിശ്വരൂപം പുറത്തെടുത്തത്. അഞ്ച് ഫോറും 18 സിക്‌സറും അടക്കം 69 പന്തില്‍ പുറത്താകാതെ 146 റണ്‍സാണ് ഗെയ്ല്‍ സ്വന്തമാക്കിയത്. 211.59 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ഗെയ്ല്‍ റണ്ണടിച്ചുകൂട്ടിയത്.

വെസ്റ്റ് ഇന്‍ഡീസിലെ തന്റെ സഹതാരമായ കെയ്‌റോണ്‍ പൊള്ളാര്‍ഡ് അടക്കമുള്ളവര്‍ ഗെയിലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞിരുന്നു. പൊള്ളാര്‍ഡ് രണ്ട് ഓവറില്‍ 33 റണ്‍സാണ് വഴങ്ങിയത്.

രണ്ട് ഓവറില്‍ 39 റണ്‍സ് വഴങ്ങിയ ഖലീല്‍ അഹമ്മദ്, രണ്ട് ഓവറില്‍ 26 റണ്‍സ് വഴങ്ങിയ അബു ഹൈദര്‍, മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 10.67 എക്കോണമിയില്‍ 32 റണ്‍സ് വിട്ടുകൊടുത്ത മൊസാദെക് ഹൊസൈന്‍ എന്നിവരും ഗെയ്ല്‍ സ്റ്റോമില്‍ പറന്നുപോയി.

ഗെയ്‌ലിന്റെ വെടിക്കെട്ടില്‍ റൈഡേഴ്‌സ് നിശ്ചിത ഓവറില്‍ ഒരു വിക്കറ്റിന് 206 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

 

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ധാക്ക ഡോമിനേറ്റേഴ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ റൈഡേഴ്‌സ് 57 റണ്‍സിന്റെ വിജയം തങ്ങളുടെ പേരില്‍ കുറിച്ചു. 38 പന്തില്‍ 50 റണ്‍സ് നേടിയ ജാഹ്‌റുള്‍ ഇസ്‌ലാമാണ് ധാക്കയുടെ ടോപ് സ്‌കോറര്‍.

റൈഡേഴ്‌സിനായി നാസ്മുല്‍ ഇസ്‌ലാം, ഇസുരു ഉഡാന, സോഹഗ് ഗാസി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ മഷ്‌റാഫെ ബിന്‍ മൊര്‍ത്താസ, റൂബെല്‍ ഹൊസൈന്‍, രവി ബൊപ്പാര എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഒരു ഓവര്‍ പന്തെറിഞ്ഞ ഗെയ്‌ലിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും രണ്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

 

Content highlight: 6 years of Chris Gayle’s 18 sixes against Dhaka Dominators