| Monday, 16th October 2023, 1:32 pm

അമേരിക്കയില്‍ ആറ് വയസ്സുകാരനെ ഭൂവുടമ കുത്തികൊന്നു; ഫലസ്തീന്‍ വിരുദ്ധതയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇല്ലിനോയിസ് : അമേരിക്കയിലെ ഇല്ലിനോസില്‍ ആറു വയസുകാരനായ ഫലസ്തീന്‍ അമേരിക്കന്‍  മുസ്‌ലീം ആണ്‍കുട്ടിയെ ഭൂവുടമ കുത്തിക്കൊന്നു.ഇവര്‍ ഫലസ്തീന്‍ മുസ്‌ലീങ്ങളായതാണ് പ്രതി ഇവരെ ലക്ഷ്യമിട്ടതിന് കാരണമെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.71 വയസ്സുകാരനായ ജോസഫ് സുബയാണ് കുട്ടിയെയും അമ്മയെയും മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്. കുട്ടി മരിക്കുകയും അമ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലുമാണ്.

ഇയാള്‍ക്കെതിരെ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും വിദ്വേഷ ആക്രമണത്തിനും കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

നിലവിലെ ഇസ്രഈല്‍ -ഹമാസ് യുദ്ധമാണ് അക്രമി ഇവരെ ലക്ഷ്യമിട്ടതിന് പിന്നിലെന്ന് വില്‍ കൗണ്ടിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആക്രമണത്തെ അപലപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ഫലസ്തീന്‍-അമേരിക്കക്കാരയ അമ്മയ്ക്കും മകനും നേരെയുണ്ടായ ആക്രമണം തന്നെ തളര്‍ത്തിയെന്ന് ബൈഡന്‍ പറഞ്ഞു.

അമേരിക്കയില്‍ ഇത്തരം ഭയാനകമായ വിദ്വേഷ പ്രവര്‍ത്തികള്‍ക്ക് സ്ഥാനമില്ല, ഇത് നമ്മളുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരാണ്. നമ്മള്‍ ആരാണ്, എന്താണ് വിശ്വസിക്കുന്നത്, എങ്ങനെ പ്രാര്‍ത്ഥിക്കുന്നു തുടങ്ങി ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ആവശ്യം.

മതഭ്രാന്തിനെയും, വിദ്വേഷത്തെയും ഇസ്‌ലാമോഫാബിയയെയും അമേരിക്കക്കാര്‍ ഒറ്റക്കെട്ടായി ചെറുക്കണം.

ശനിയാഴ്ച ഒരു സ്ത്രീ തന്റെ ഭൂവുടമ തന്നെയും മകനെയും ആക്രമിക്കുന്നതായി പറഞ്ഞ് വിളിക്കുകയും, ഓഫീസര്‍മാര്‍ അവിടെ എത്തുമ്പോള്‍ സ്ത്രീയും കുട്ടിയും ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നതാണ് കണ്ടതെന്നും വില്‍ കൗണ്ടിയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൂട്ടിയെ രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തില്‍ ആഴത്തിലുള്ള 26 ഓളം മുറിവുകള്‍ ഉണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു.

ആക്രമി സുബയെ വീടിനു മുന്നില്‍ നിന്നുള്ള ഗാര്‍ഡനില്‍ നിന്നും പൊലീസ് കണ്ടെത്തി.

ഇവര്‍ ഫലസ്തീന്‍ മുസ്‌ലീങ്ങളായതാണ് പ്രതി ഇവരെ ലക്ഷ്യമിട്ടതിന് കാരണമെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിലവില്‍ നടക്കുന്ന ഇസ്രഈല്‍ – ഹമാസ് യുദ്ധമാണ് ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

content highlight: Anti-palastine hate 6 year boy killed in America

We use cookies to give you the best possible experience. Learn more