ഐ.സി.സി ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കുന്ന തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐ.പി.എല്‍ ഉദയം കൊള്ളുന്നത്. 2008ല്‍ ആരംഭിച്ച ഈ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് അതിന്റെ 17ാം സീസണിലേക്കാണ് ഇപ്പോള്‍ കാലെടുത്ത് വെക്കുന്നത്. ഇതിന് മുമ്പേ പിറന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് എന്ന ഐ.സി.എല്‍ ഉണ്ടാക്കിയ എല്ലാ കളങ്കവും കഴുകി കളഞ്ഞാണ് ഐ.പി.എല്‍ കുതിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സാണ് ആദ്യ സീസണില്‍ കിരീടം നേടിയത്. ഏക വിദേശ മാര്‍ക്വി പ്ലെയറായ ഷെയ്ന്‍ വോണ്‍ എന്ന അതികായന്റെ നേതൃത്വത്തിലും ശിക്ഷണത്തിലും ഒന്നുമല്ലെന്ന് എഴുതിത്തള്ളിയ രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്ലിന്റെ ആദ്യ ചാമ്പ്യന്‍മാരാകുന്നത് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ നോക്കിക്കണ്ടത്.
ഷെയ്ന്‍ വോണും ഷെയ്ന്‍ വാട്സണും പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ സൊഹൈല്‍ തന്‍വീറും അന്നത്തെ യുവതാരമായ രവീന്ദ്ര ജഡേജയുമടങ്ങുന്ന ഒരുപിടി മികച്ച താരങ്ങളാണ് രാജസ്ഥാനെ ഐ.പി.എല്ലിന്റെ രാജാക്കന്‍മാരാക്കിയത്.
എന്നാല്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടും ഒറ്റ മത്സരം പോലും കളിക്കാന്‍ സാധിക്കാതിരുന്ന താരങ്ങളും രാജസ്ഥാനൊപ്പമുണ്ടായിരുന്നു. ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും അന്ന് അവരും ചാമ്പ്യന്‍ പട്ടം തലയില്‍ ചൂടി.
ഓരോ സീസണ്‍ കഴിയുമ്പോഴും ഇത്തരത്തില്‍ നിരവധി താരങ്ങള്‍ ടീമിന് വേണ്ടി ഗ്രൗണ്ടിലിറങ്ങാന്‍ സാധിക്കാത്തവരായി ഓരോ ടീമിനൊപ്പവും ഉണ്ടായിരുന്നു.
അത്തരത്തില്‍ ടീമിന് വേണ്ടി കളിക്കാന്‍ സാധിച്ചില്ലെങ്കിലും ചാമ്പ്യന്‍മാരാവാന്‍ കഴിഞ്ഞ താരങ്ങളുമുണ്ട്. ഒരിക്കല്‍ ടീമിന് വേണ്ടി കളിക്കാന്‍ സാധിക്കാതെ പോയ പലരും പില്‍ക്കാലത്ത് സൂപ്പര്‍ താരങ്ങളാവുകയും ടീമിനെ നയിക്കുക പോലും ചെയ്തിട്ടുണ്ട്.
അത്തരത്തില്‍ ഒറ്റ മത്സരം പോലും കളിക്കാതെ ചാമ്പ്യന്‍മാരായ ആറ് ഇന്ത്യന്‍ താരങ്ങളെ പരിചയപ്പെടാം.
അഭിനവ് മുകുന്ദ് (ചെന്നൈ സൂപ്പര്‍ കിങ്സ് – 2011)
ആഭ്യന്തര ക്രിക്കറ്റ് കണ്ടെത്തിയ സൂപ്പര്‍ താരങ്ങളിലൊരാലാണ് അഭിനവ് മുകുന്ദ്. രഞ്ജി ക്രിക്കറ്റിലെ മാസ്മരിക പ്രകടനം താരത്തെ ഇന്ത്യന്‍ ടീം വരെ കൊണ്ടുചെന്നെത്തിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും പതിനായിരത്തിലധികം റണ്‍സുമുളള താരത്തിന്റെ 2011ലെ ഐ.പി.എല്‍ കിരീടനേട്ടം ഒറ്റ പന്തുപോലും നേരിടാതെയായിരുന്നു.
2008 മുതല്‍ അഭിനവ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമായി ഉണ്ടായിരുന്നു. എന്നാല്‍ മോശം പ്രകടനത്തിന് പിന്നാലെ 2011ല്‍ താരം സ്ഥിരം ബെഞ്ച് വാര്‍മറായിരുന്നു. ആ വര്‍ഷം സി.എസ്.കെ ഐ.പി.എല്ലിന്റെ രാജാക്കന്‍മാരായപ്പോള്‍ ഒരു കളി പോലും കളിക്കാതിരുന്ന അഭിനവ് മുകുന്ദും ചെന്നൈക്കൊപ്പം ചാമ്പ്യനായി.
ക്യാപ്റ്റന്റെ റോളില്‍ ഐ.പി.എല്‍ കിരീടം സ്വപ്നം കാണുന്നതിന് ഒരു പതിറ്റാണ്ട് മുമ്പ്, രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലേക്ക് നയിക്കുന്നതിന് എത്രയോ മുമ്പ് തന്നെ സഞ്ജു സാംസണ്‍ ഐ.പി.എല്‍ ചാമ്പ്യനായിട്ടുണ്ടായിരുന്നു. 2012ല്‍ കൊല്‍ക്കത്ത ക്യാമ്പിലുണ്ടായിരുന്നിട്ടും ഒറ്റ മത്സരം പോലും കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ആ സീസണില്‍ കൊല്‍ക്കത്ത ‘കോര്‍ബോ ലോര്‍ബോ’ പാടി കപ്പുയര്‍ത്തുകയും ചെയ്തിരുന്നു.
തൊട്ടടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലേക്കുള്ള കൂടുമാറ്റമാണ് സഞ്ജുവിന്റെ കരിയറിലും ജീവിതത്തിലും ഒരുപോലെ വഴിത്തിരിവായത്. രാജസ്ഥാനിലെ സ്ഥിരം വിക്കറ്റ് കീപ്പര്‍ പരിക്കേറ്റ് പുറത്തായതോടെയാണ് സഞ്ജു പിങ്ക് സിറ്റിയുടെ ഭാഗമാവുന്നത്. ലഭിച്ച അവസരം കൃത്യമായി മുതലാക്കിയ താരം 11 മത്സരത്തില്‍ നിന്നും 206 റണ്‍സാണ് സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമാവാനും (2013 വരെയുള്ള സീസണുകളിലെ കണക്ക്) ആ സീസണിലെ എമേര്‍ജിങ് പ്ലെയറാവാനും സഞ്ജുവിന് സാധിച്ചിരുന്നു.
പിന്നീട് ദല്‍ഹിയിലേക്ക് കളം മാറിയങ്കിലും വീണ്ടും രാജസ്ഥാനിലേക്ക് തന്നെ തിരിച്ചെത്തി. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി 2022ല്‍ ടീമിനെ ഫൈനല്‍ വരെ എത്തിച്ചെങ്കിലും ഗുജറാത്തിനോട് തോല്‍ക്കുകയായിരുന്നു.
വര്‍ത്തമാന ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രാധാന്യമുള്ള പേരാണ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്റെത്. രഞ്ജി ട്രോഫിയിലെ മാസ്മരിക പ്രകടനമാണ് താരത്തെ 2013ല്‍ മുംബൈ ഇന്ത്യന്‍സില്‍ എത്തിച്ചത്. എന്നാല്‍ ആ വര്‍ഷം ഗ്രൗണ്ടിലിറങ്ങാനോ ഒരു പന്ത് എറിയാനോ നേരിടാനോ താരത്തിന് അവസരമുണ്ടായിരുന്നില്ല. എങ്കിലും ആ സീസണില്‍ ചാമ്പ്യനാകാന്‍ പട്ടേലിന് സാധിച്ചിരുന്നു.
2013ല്‍ ഐ.പി.എല്‍ കിരീടം നേടിയെങ്കിലും താരത്തിന്റെ കരിയറില്‍ തന്നെ ബ്രേക്ക് ത്രൂ നല്‍കിയത് തൊട്ടടുത്ത വര്‍ഷമായിരുന്നു. 2014ല്‍ കിങ്സ് ഇലവന്‍ പഞ്ചാബിലെത്തിയതോടെയാണ് അക്സറിന്റെ കരുത്തും ‘കുത്തിത്തിരിപ്പും’ ഇന്ത്യന്‍ ക്രിക്കറ്റ് അറിഞ്ഞത്.
17 വിക്കറ്റായിരുന്നു താരം അന്ന് പിഴുതത്. പഞ്ചാബിന് വേണ്ടിയുള്ള ആ പ്രകടനം താരത്തെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരത്തിനും അര്‍ഹനാക്കി.
2019ലാണ് താരം പഞ്ചാബില്‍ നിന്നും ദല്‍ഹിയിലേക്ക് കളിത്തട്ടകം മാറ്റുന്നത്. തുടര്‍ന്നുള്ള സീസണിലെല്ലാം തന്നെ ദല്‍ഹിയുടെ തുറുപ്പ് ചീട്ടുകളിലൊന്നായ അക്സര്‍ 2022ല്‍ 100ാം വിക്കറ്റും നേടി. ഇതോടെ ഐ.പി.എല്ലില്‍ 1000 റണ്‍സും 100 വിക്കറ്റും സ്വന്തമാക്കുന്ന നാലാമത് താരമാവാനും അക്സറിനായി.
വിജയ് ശങ്കര്‍ (സണ്‍റൈസേഴ്സ് ഹൈദരാബാദ് – 2016)
2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഓസ്‌ട്രേലിയന്‍ ബുള്‍ ഡേവിഡ് വാര്‍ണര്‍ കിരീടമണിയിച്ചപ്പോള്‍ ഒറ്റ മത്സരം പേലും കളിക്കാതെയാണ് വിജയ് ശങ്കര്‍ രാജകുമാരനായി മാറിയത്. ഒറ്റ മത്സരം പോലും കളിക്കാനായില്ലെങ്കിലും ഐ.പി.എല്ലില്‍ തന്റെ ഭാവി കെട്ടിയുയര്‍ത്തുന്നതിനുള്ള അടിത്തറ താരം പടുത്തുയര്‍ത്തിയത് ഹൈദരാബാദിനൊപ്പമായിരുന്നു.
തൊട്ടടുത്ത വര്‍ഷവും സണ്‍റൈസേഴ്സിനൊപ്പം മോശമല്ലാത്ത പ്രകടനം തുടര്‍ന്ന താരത്തെ 2018ല്‍ ദല്‍ഹിയിലേക്ക് പറിച്ചുനട്ടു.
ശേഷം 2022ല്‍, ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കിരീടം നേടിയപ്പോള്‍ ടീമിന് വേണ്ടി പലതും ചെയ്യാനായി എന്ന ആത്മാഭിമാനത്തോടെ കിരീടമുയര്‍ത്താനും വിജയ് ശങ്കറിനായി.
ഗുര്‍കിരാത് സിങ് മന്‍ (ഗുജറാത്ത് ടൈറ്റന്‍സ് – 2022)
ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന്റെ സൂപ്പര്‍ താരമായിരുന്ന മന്‍ 2012ലാണ് ഐ.പി.എല്‍ അരങ്ങേറ്റം കുറിക്കുന്നത്. ആ വര്‍ഷം തന്നെ ഒരു മത്സരത്തില്‍ 12 പന്തില്‍ നിന്നും 29 അടിച്ച് ഈ വാലറ്റക്കാരന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു.
2013ലും ടീമിനൊപ്പമുണ്ടായിരുന്ന മന്‍ ഓടിയെടുത്ത ഒരു ക്യാച്ചായിരുന്നു ടൂര്‍ണമെന്റിലെ ക്യാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2017 വരെ കിങ്സ് ഇലവന്‍ പഞ്ചാബിലെ സ്ഥിരസാന്നിധ്യമായിരുന്നു മന്‍.
2018ല്‍ ദല്‍ഹിക്കൊപ്പം കളിച്ചെങ്കിലും താരത്തിന് കാര്യമായി ഒന്നും ചെയ്യാനാവാതെ പോയി. 2019ല്‍ ആര്‍.സി.ബി ലേലത്തില്‍ വിളിച്ചെടുത്തെങ്കിലും മുന്‍ സീസണിലെ അവസ്ഥയില്‍ മാറ്റമുണ്ടായിരുന്നില്ല. പിന്നീട് കൊല്‍ക്കത്തക്കൊപ്പവും താരം കളിച്ചിരുന്നു.
2022ലെ മെഗാലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സായിരുന്നു 31കാരനെ ടീമിലെത്തിച്ചത്. എന്നാല്‍ ഗുജറാത്ത് കളിച്ച 16 കളിയില്‍ ഒന്നില്‍ പോലും കളത്തിലിറങ്ങാന്‍ സിങ്ങിന് സാധിച്ചിരുന്നില്ല. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിച്ച് ടൈറ്റന്‍സ് ചാമ്പ്യന്‍മാരായപ്പോള്‍ ഒപ്പം കിരീടം ചൂടാനും മന്നിനായി.
സിമര്‍ജീത് സിങ് (ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2023)
ഈ കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ സ്ഥാനം നേടിയ താരമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വലംകയ്യന്‍ പേസറായ സിമര്‍ജീത്തിന്റെത്. 2022ലാണ് താരം ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. ധോണിക്ക് കീഴില്‍ ആറ് മത്സരം കളിച്ച താരം നാല് വിക്കറ്റും ഏഴ് റണ്‍സും നേടിയിരുന്നു.
തൊട്ടടുത്ത സീസണില്‍ ഒറ്റ മത്സരത്തില്‍ പോലും കളിക്കാന്‍ സിങ്ങിന് അവസരമുണ്ടായിരുന്നില്ല. എങ്കിലും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായിരുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ച് ചെന്നൈ റെക്കോഡ് സെറ്റിങ് ഈക്വലൈസര്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ ആ നേട്ടത്തിനുടമയാകാനും സിങ്ങിനും സാധിച്ചിരുന്നു.
2024ലും സിങ് ടീമിന്റെ ഭാഗമാണ്. ഈ സീസണില്‍ താരത്തിന്റെ ഭാവി എന്തെന്ന് കണ്ടുതന്നെ അറിയണം.
Content highlight: 6 Stars who won IPL trophy without playing a single match