ആദിപുരുഷ് എന്തുകൊണ്ട് ദുരന്തമായി; ആറ് കാരണങ്ങള്‍
Film News
ആദിപുരുഷ് എന്തുകൊണ്ട് ദുരന്തമായി; ആറ് കാരണങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st June 2023, 9:50 pm

അടുത്ത കാലത്ത് ഇന്ത്യന്‍ സിനിമയില്‍ ചര്‍ച്ചാവിഷയമായ ചിത്രമാണ് ആദിപുരുഷ്. ഓം റൗട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ രാമനെ പ്രഭാസും സീതയെ കൃതി സനണും രാവണനെ സെയ്ഫ് അലി ഖാനുമാണ് അവതരിപ്പിച്ചത്.

700 കോടി ചെലവിട്ട് നിര്‍മിച്ച ചിത്രത്തിന് റിലീസ് ദിനം മുതല്‍ ശക്തമായ വിമര്‍ശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രേക്ഷക പ്രതീക്ഷകളെ തൃപ്തിപ്പെടുത്താനും രാമായണം എന്ന പുരാണ കഥയോട് നീതി പുലര്‍ത്താനും ചിത്രത്തിനായില്ല.

ആദിപുരുഷ് എന്തുകൊണ്ട് ഇത്രയധികം വിമര്‍ശിക്കപ്പെട്ടു എന്ന് പരിശോധിച്ചാല്‍ നിരവധി കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഒന്നാമതായി പ്രഭാസ് എന്ന താരത്തെയാണ് ആദിപുരുഷില്‍ സംവിധായകന്‍ ഉപയോഗിക്കാന്‍ ശ്രമിച്ചത്. രാമനെയല്ല, പലപ്പോഴും പുരാണ വേഷം കെട്ടിയ പ്രഭാസിനേയോ ബാഹുബലിയെയോ ആണ് ആദിപുരുഷില്‍ കണ്ടത്.

കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്ക് കണക്ഷന്‍ ലഭിക്കണമെങ്കില്‍ അത് ആദ്യം സിനിമയില്‍ എസ്റ്റാബ്ലിഷ് ചെയ്യണം. അത്തരത്തിലൊരു എസ്റ്റാബ്ലിഷ്‌മെന്റ് ആദിപുരുഷില്‍ നടന്നിട്ടില്ല. രാമനെ പ്രേക്ഷകര്‍ക്ക് അറിയാമല്ലോ എന്ന തിരക്കഥാകൃത്തിന്റെ കടന്ന ചിന്തയാവാം ഇതിന് കാരണം. ചിത്രത്തിലെ ഒരു കഥാപാത്രത്തിനും ഇത് ഇല്ലാത്തതിനാല്‍ ആരോടും പ്രേക്ഷകര്‍ക്ക് കണക്ഷന്‍ കിട്ടിയില്ല.

സിനിമയുടെ ബജറ്റാണ് പ്രേക്ഷകരെ പ്രകോപിതരാക്കിയ മറ്റൊരു ഘടകം. 700 കോടി മുടക്കിയ ചിത്രം കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കിലോ പോഗോയിലോ കൊച്ചു ടി.വിയിലോ ഉള്ള കാര്‍ട്ടൂണുകളുടെ നിലവാരം മാത്രമാണ് പുലര്‍ത്തിയത്. ബജറ്റ് പുറത്ത് വിട്ടില്ലായിരുന്നെങ്കില്‍ ഇത്രയും പരിഹാസം ഒരുപക്ഷേ ഉയരില്ലായിരുന്നു.

കോപ്പിയടിയാണ് മറ്റൊരു വിഷയം. ജംഗിള്‍ ബുക്ക്, അവഞ്ചേഴ്‌സ്, കിങ് കോങ്, ദി ലെജന്‍ഡ് ഓഫ് ടാര്‍സന്‍, ജംഗിള്‍ ബുക്ക് തുടങ്ങിയ പത്തിലധികം സിനിമകളിലെ രംഗങ്ങളും ക്യാമറ ആംഗിളുകളും ചിത്രത്തില്‍ കാണാനാവും. കോപ്പിയടിക്കുന്നത് പ്രേക്ഷകര്‍ പിന്നേയും സഹിക്കും. എന്നാല്‍ വികലമായ അനുകരണമാണെങ്കില്‍ അത് പരിഹാസം വിളിച്ചുവരുത്തും.

രാവണന് വന്ന മാറ്റങ്ങളാണ് മറ്റൊന്ന്. പ്രേക്ഷകര്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത രാവണനായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. രാവണന്റെ ലുക്കും വിചിത്രമായ വാഹനവും ലങ്കക്ക് വന്ന മോഡേണ്‍ മാറ്റങ്ങളും പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. ഇത്രയും സാധ്യതകളുള്ള ഒരു പുരാണ കഥാപാത്രത്തെ ആദിപുരുഷ് അക്ഷരാര്‍ത്ഥത്തില്‍ കോമഡി പീസാക്കി മാറ്റി.

ഹനുമാന്റെ ഗയലോഗും ആദിപുരുഷിന് തിരിച്ചടി ഉണ്ടാക്കി. ‘എണ്ണ നിന്റെ പിതാവിന്റേത്, തീയും നിന്റെ പിതാവിന്റേത്,’ എന്ന ഹനുമാന്റെ ഡയലോഗിനെതിരെയാണ് വിമര്‍ശനം ശക്തമായത്. ഒരു പഞ്ച് കിട്ടാനാവും തിരക്കഥാകൃത്ത് ഇത്തരം ഡയലോഗ് ഹനുമാന് നല്‍കിയത്. മരക്കാറിന് ‘നീ ചെരക്കും,’ എന്ന ഡയലോഗ് വരുത്തിവെച്ച ആഘാതത്തിന് സമാനമായിരുന്നു ഇതും.

നിരവധി വ്യാഖ്യാനങ്ങള്‍ക്കും ഇമേജറികള്‍ക്കും സാധ്യതയുള്ള വലിയൊരു പ്രപഞ്ചം തന്നെയാണ് രാമായണം. അതൊന്നും ഉപയോഗിക്കാന്‍ ശ്രമിക്കാതെ കോടികള്‍ ഉപയോഗിച്ച് ഒരു വികല സൃഷ്ടി ഉണ്ടാക്കുകയായിരുന്നു ആദിപുരുഷിലൂടെ നിര്‍മാതാക്കള്‍.

Content Highlight: 6 REASONS FOR ADIPURUSH’