അമരാവതി: ആന്ധാപ്രദേശിലെ ഏലൂരില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തം. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പൊളളലേറ്റു.
പോറസ് ലാബ്‌സ് ലിമിറ്റഡ് എന്ന കെമിക്കല്‍ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. പശ്ചിമ ഗോദാവരി ജില്ലയിലെ അക്കിറെഡ്ഡിഗുഡെമിലാണ് ലാബ് സ്ഥിതി ചെയ്യുന്നത്.
ബുധനാഴ്ച രാത്രി വൈകിയാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
നൈട്രിക് ആസിഡ്, മോണോമീഥൈന്‍ എന്നിവയുടെ ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. മരിച്ച ആറ് പേരില്‍ നാല് പേരും ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണ്.
ഉദുരുപതി കൃഷ്ണയ്യ, ബി കിരണ്‍ കുമാര്‍, കാരു രവി ദാസ്, മനോജ് കുമാര്‍, സുവാസ് രവി ദാസ്, ഹബ്ദാസ് രവി ദാസ് എന്നിവരാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ധനസഹായം പ്രഖ്യാപിച്ചു. സാരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ധനസഹായം സര്‍ക്കാരില്‍ നിന്ന് ലഭിക്കും.
Content Highlights: 6 Killed, 12 Injured After Fire Breaks Out At Andhra Pradesh Pharma Unit