ഹിമാചൽ രാഷ്ട്രീയ പ്രതിസന്ധി: കൂറുമാറിയ ആറ് കോൺ​ഗ്രസ് എം.എൽ.എമാരെയും അയോ​ഗ്യരാക്കി സ്പീക്കർ
India
ഹിമാചൽ രാഷ്ട്രീയ പ്രതിസന്ധി: കൂറുമാറിയ ആറ് കോൺ​ഗ്രസ് എം.എൽ.എമാരെയും അയോ​ഗ്യരാക്കി സ്പീക്കർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th February 2024, 12:09 pm

ഷിംല: ഹിമാചൽ പ്രദേശിൽ കൂറുമാറിയ കോൺ​ഗ്രസിന്റെ ആറ് എം.എൽ.എമാരെയും അയോ​ഗ്യരാക്കി സ്പീക്കർ കുൽദീപ് സിങ് പതാനിയ. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് എം.എൽ.എമാരെ അയോ​ഗ്യരാക്കിയതെന്ന് സ്പീക്കർ വ്യക്തമാക്കി.

അയോ​ഗ്യരാക്കാതിരിക്കണമെങ്കിൽ അതിനുള്ള കാരണം വിശദീകരിക്കണമെന്ന് സ്പീക്കർ ആറ് എം.എൽ.എമാരെയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എമാരെ അയോ​ഗ്യരാക്കി സ്പീക്കർ ഉത്തരവിറക്കിയത്. ബുധനാഴ്ച ധനബിൽ പാസാക്കുമ്പോൾ പോലും എം.എൽ.എമാർ സഭയിൽ ഉണ്ടായിരുന്നില്ലെന്നും സ്പീക്കർ ആരോപിച്ചു.

വിഷയത്തിൽ തീരുമാനം എടുക്കാൻ ഏഴ് ദിവസം സമയം നൽകണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയം നൽകാൻ സാധിക്കില്ലെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു.

സ്പീക്കറുടെ തീരുമാനം ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി മാറി. കോൺ​ഗ്രസിന്റെ ആറ് എം.എൽ.എമാരുടെ പിന്തുണയോടെ ഹിമാചൽ നിയമസഭയിൽ പാർട്ടിയുടെ അം​ഗ​ബലം 34 ആക്കാനായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. ആകെ 25 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്. അതിനോടൊപ്പം മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ബി.ജെ.പിക്കാണ്.

അതിനിടെ, മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച രാവിലെ നടന്ന യോ​ഗത്തിൽ കോൺ​ഗ്രസിന്റെ 31 എം.എൽ.എമാർ മാത്രമാണ് പങ്കെടുത്തത്. മൂന്ന് എം.എൽ.എമാർ യോ​ഗത്തിൽ നിന്ന് വിട്ട് നിന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ ആറ് എം.എൽ.എമാർ ബി.ജെ.പിക്ക് വോട്ട് ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ കോൺ​ഗ്രസിന് സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടന്നാരോപിച്ച് ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ സഭയിൽ പ്രതിഷേധിച്ചെന്ന കാരണത്താൽ പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂർ ഉൾപ്പെടെയുള്ള ബി.ജെപിയുടെ 15 എം.എൽ.എമാരെ സ്പീക്കർ ബുധനാഴ്ച സസ്പെൻഡ് ചെയ്തു.

Contant Highlight: 6 Himachal Congress MLAs, Who Cross-Voted In Rajya Sabha Polls, Disqualified