ഇറാനു മേല്‍ യു.എന്‍ ചുമത്തിയ ആയുധ വ്യാപാര വിലക്ക് അവസാനിക്കാന്‍ രണ്ടു മാസം ബാക്കി നില്‍ക്കെ വിലക്കിന്റെ സമയ പരിധി നീട്ടാന്‍ യുഎന്നിനോട് ആവശ്യപ്പെട്ട് ജി.സി.സി രാജ്യങ്ങള്‍.
ഇറാന്‍ ഇപ്പോഴും അയല്‍ രാജ്യങ്ങളിലേക്ക് വിവിധ ഗ്രൂപ്പുകള്‍ വഴിയും നേരിട്ടും ആക്രമണം നടത്തുന്നുണ്ടെന്നാണ് സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റിന്‍, കുവൈറ്റ് എന്നീ ആറംഗ ജി.സി.സി രാജ്യങ്ങള്‍ യു.എന്നിനയച്ച കത്തില്‍ ജി.സി.സി പറയുന്നത്.
ഇറാന്‍ മേഖലയില്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും തീവ്രവാദ, വര്‍ഗീയ സംഘടനകള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കുകയും ചെയ്യുന്നതു വരെ വിലക്ക് നീക്കുന്നത് അനുചിതമാണെന്ന് ജി.സിസി പ്രസ്താവനയില്‍ പറയുന്നു.
യുഎന്നിന്റ ഇറാന്‍ പ്രതിനിധി ജി.സി.സി നീക്കത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.
2010 ലാണ് ഇറാനു മേല്‍ യുഎന്‍ ആയുധം വാങ്ങുന്നതിന് വിലക്ക് ചുമത്തിയത്. ആണവായുധ പ്രവര്‍ത്തനങ്ങളിലെ ആശങ്കകളെ തുടര്‍ന്നായിരുന്നു നീക്കം. ഇതിനിയില്‍ 2015 ലെ ആണവകരാര്‍ ഇറാനു മേലുള്ള വിലക്ക് നീങ്ങാന്‍ സാധ്യത തുറന്നിട്ടപ്പോഴാണ് അമേരിക്ക കരാറില്‍ നിന്നും പിന്‍മാറിയത്.
ജി.സി.സി സംയുക്ത കത്തില്‍ ഖത്തറും ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. 2017 ല്‍ ഖത്തറിനു മേലുള്ള സൗദി-ഈജിപ്ത്-ബഹ്‌റിന്‍-യു.എ.ഇ വിലക്ക് സമയത്ത് ഇറാനും ഖത്തറും തമ്മില്‍ അടുത്തിരുന്നു.