തെലങ്കാനയില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ച ആറ് കാരണങ്ങള്‍
India
തെലങ്കാനയില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ച ആറ് കാരണങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd December 2023, 2:02 pm

തെലങ്കാനയില്‍ ബി.ആര്‍.സിനെ അട്ടിമറിച്ച് വിജയത്തിലേക്ക് കുതിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് ചന്ദ്രശേഖര റാവു അധികാരത്തില്‍ നിന്ന് പുറത്താവുന്നത്. 2014 ന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും വലിയ വിജയമായിരുന്നു ബി.ആര്‍.എസ് നേടിയത്.

ഏകദേശം പകുതിയോളം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് മുന്നേറുകയാണ്. കോണ്‍ഗ്രസിന്റെ വിജയത്തില്‍ ഹൈദരാബാദിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളുമെല്ലാം വലിയ ആഘോഷത്തിലാണ്.

കെ. ചന്ദ്രശേഖര്‍ റാവുവിനെ അട്ടിമറിച്ച് അധികാരത്തിലേക്ക് നടന്നടുക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ച ആറ് ഘടകങ്ങള്‍ ഏതൊക്കെയാണ് നോക്കാം.

കെ.സി.ആറിനെതിരായ നിഷേധ വോട്ടുകള്‍

കെ. ചന്ദ്രശേഖര്‍ റാവുവിനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും ചുറ്റിപ്പറ്റിയുള്ള ഭരണ വിരുദ്ധത പരമാവധി മുതലെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. ബി.ആര്‍.എസിന്റെ പരമ്പരാഗത കോട്ടകളായ ഗ്രാമങ്ങളിലും അര്‍ദ്ധ നഗരങ്ങളിലും ഭൂരിഭാഗം വോട്ടുകളും കോണ്‍ഗ്രസ് നേടിയെടുത്തിട്ടുണ്ട്.

കോണ്‍ഗ്രസ് നല്‍കിയ ആറ് വാഗ്ദാനങ്ങള്‍

പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് ആറ് പ്രധാന വാഗ്ദാനങ്ങളായിരുന്നു ജനങ്ങള്‍ക്ക് നല്‍കിയത്. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ക്ഷേമ പരിപാടിയായ മഹാലക്ഷ്മി പദ്ധതി, അതുപോലെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ലക്ഷ്യമിട്ട് ഋതു ഭരോസ പദ്ധതി, പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വീട് വാഗ്ദാനം ചെയ്ത ഇന്ദിരാമ്മ പദ്ധതി, വൈദ്യുതി ബില്ലില്‍ സബ്സിഡി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഗൃഹജ്യോതി പദ്ധതി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും ആരോഗ്യ ഇന്‍ഷുറന്‍സും ഒപ്പം പെന്‍ഷന്‍ പദ്ധതിയും.

ഇത് വലിയ രീതിയില്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. മാത്രമല്ല ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള അതൃപ്തി മുതലെടുക്കാനും ഈ വാഗ്ദാനങ്ങള്‍ വഴി കോണ്‍ഗ്രസിന് സാധിച്ചു.

ന്യൂനപക്ഷ വോട്ടുകള്‍

സംസ്ഥാനത്തെ വലിയൊരു വിഭാഗം മുസ്‌ലിം വോട്ടുകളും കോണ്‍ഗ്രസിലേക്ക് എത്തിയതായാണ് സൂചന. പ്രത്യേകിച്ച് ന്യൂനപക്ഷ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നടത്തിയ ന്യൂനപക്ഷ പ്രഖ്യാപനങ്ങള്‍. മാത്രമല്ല എ.ഐ.എം.ഐ.എമ്മിന് തിരിച്ചടി നേരിട്ടിടത്ത് കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുകയും ചെയ്തു.

ദുര്‍ബലമായ ബി.ജെ.പി നേതൃത്വം

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ ബന്ദി സജ്ഞയ്ക്ക് പകരം ജി. കിഷന്‍ റെഡ്ഡിയ നിയമിച്ചത് പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഈ നടപടി പാര്‍ട്ടിയെ അസ്ഥിരപ്പെടുത്തിയാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുന്നതായിരുന്നു.

അഴിമതി ആരോപണങ്ങള്‍

ജൂലായ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍, ചില പദ്ധതികളുടെ നടത്തിപ്പിന്റെ പേരില്‍ കോണ്‍ഗ്രസ് ബി.ആര്‍.എസിനെ ലക്ഷ്യം വെച്ചിരുന്നു. മാത്രമല്ല മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന് അഴിമതി ആരോപണങ്ങളില്‍ നേരിട്ടു പങ്കുണ്ടെന്ന പ്രചരണവും കോണ്‍ഗ്രസ് നടത്തി. അത് പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. ഈ അഴിമതി ആരോപണങ്ങള്‍ തള്ളിക്കളയുന്നതില്‍ ബി.ആര്‍.എസ് നേതൃത്വം പരാജയപ്പെടുകയും ചെയ്തു.

സോഷ്യല്‍ മീഡിയ വഴി നടത്തിയ ശക്തമായ പ്രചാരണം

ജനങ്ങളിലേക്ക് ഇറങ്ങി നേരിട്ട് നടത്തിയ പ്രചാരണങ്ങള്‍ക്ക് സമാനമായി വലിയ രീതിയിലുള്ള പ്രചരണം സോഷ്യല്‍ മീഡിയ വഴിയും നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രജ്ഞനും സോഷ്യല്‍ മീഡിയ എക്‌സ്‌പേര്‍ട്ടുമായ സുനില്‍ കനുഗോലുവിന്റെ നേതൃത്വത്തിലായിരുന്നു പ്രചാരണം.

വീഡിയോകള്‍, മീമുകള്‍, ജിഫുകള്‍, പോസ്റ്ററുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ കാമ്പെയ്നിലൂടെ, ഭരണവിരുദ്ധ വികാരം മുതലെടുക്കാനും ജനങ്ങളിലേക്ക് അടുക്കാനും കോണ്‍ഗ്രസിന് സാധിച്ചു.

Content Highlight: 6 factors that helped Cong swing Telangana