കനത്ത മഴ തുടരുന്നു; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala News
കനത്ത മഴ തുടരുന്നു; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th July 2023, 9:57 pm

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് അവധി നല്‍കിയത്.

കോട്ടയം, എറണാകുളം, കണ്ണൂര്‍, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. അങ്കണവാടികള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കണ്ണൂര്‍ സര്‍വകലാശാലയും എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയും നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്‌കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അവധിയുള്ളത്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ‘നാളെ രാത്രി മുതല്‍ ഇടുക്കിയിലെ മലയോര മേഖലകളില്‍ അനാവശ്യ യാത്ര പാടില്ല. ഡാമുകളിലെ ജലനിരപ്പ് അപകടകരമല്ലെന്നും അനാവശ്യ ആശങ്ക വേണ്ട. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കും’ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മിക്ക ജില്ലകളിലും നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

Content Highlights: 6 districts in kerala announced holiday for schools