ആറ് രാജ്യങ്ങള്‍ കൂടി ബ്രിക്‌സില്‍ അംഗങ്ങളാകും; പ്രഖ്യാപനം
World News
ആറ് രാജ്യങ്ങള്‍ കൂടി ബ്രിക്‌സില്‍ അംഗങ്ങളാകും; പ്രഖ്യാപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th August 2023, 2:57 pm

ന്യൂദല്‍ഹി: ആറ് രാജ്യങ്ങളെ ബ്രിക്‌സില്‍ സ്ഥിരാംഗങ്ങളാകാന്‍ ക്ഷണിക്കുമെന്ന് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ. ഈജിപ്ത്, ഇറാന്‍, എത്യോപ്യ, അര്‍ജന്റീന, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ബ്രിക്‌സില്‍ ചേരുകയെന്നും അദ്ദേഹം അറിയിച്ചു. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലാണ് അംഗത്വം പ്രാബല്യത്തില്‍ വരുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈജിപ്ത്, ഇറാന്‍, എത്യോപ്യ, അര്‍ജന്റീന, യു.എ.ഇ, സൗദി അറേബ്യ എന്നിവരെ ബ്രിക്‌സിലേക്ക് സ്ഥിരാംഗങ്ങളായി ക്ഷണിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 2024 ജനുവരി മുതലാണ് അംഗത്വം പ്രാബല്യത്തില്‍ വരുക. ഞങ്ങളെല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമാണിത്,’ ജോഹനാസ്ബര്‍ഗില്‍ മാധ്യങ്ങളോട് സംസാരിക്കവെ സിറില്‍ റമഫോസ പറഞ്ഞു.

റമഫോസയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആറ് രാജ്യങ്ങളെയും ബ്രിക്‌സിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ബ്രിക്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കുന്നതിനായി മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ബ്രിക്‌സിലേക്ക് ആറ് രാജ്യങ്ങളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ രാജ്യങ്ങളിലെ നേതാക്കളെയും ജനങ്ങളെയും അഭിനന്ദിക്കുന്നു. ഈ രാജ്യങ്ങളുമായി ഇന്ത്യക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. സമൃദ്ധിയുടെയും സഹകരണത്തിന്റെയും പുതിയ ഒരു യുഗത്തിനായി ഞങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് ഞാന്‍ കരുതുന്നു,’ മോദി പറഞ്ഞു. ബ്രിക്‌സിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സമവായമുണ്ടാക്കുന്നതിനായി ഇന്ത്യ മുന്‍കൈ എടുത്തതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അംഗങ്ങള്‍ക്കിടയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നരേന്ദ്ര മോദി പൂര്‍ണ പിന്തുണ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബഹിരാകാശ പരിവേക്ഷണത്തിലുള്ള സഹകരണവും നിര്‍ദേശത്തിലുണ്ട്. ‘ബ്രിക്‌സ് അംഗത്വ വിപുലീകരണത്തെ ഇന്ത്യ പൂര്‍ണമായും പിന്തുണക്കുകയും സമവായത്തോടെ മുന്നോട്ട് പോകുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു,’ മോദി പറഞ്ഞു.

അതേസമയം, ഇതിനകം 20ലധികം രാജ്യങ്ങള്‍ ബ്രിക്‌സില്‍ അംഗത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്. ബ്രിക്‌സ് വിപുലീകരണത്തെ ചൈന പ്രസിഡന്റ് ഷി ജിന്‍പിങും പിന്തുണച്ചു.

Content Highlights: 6 Countries will join brics next year