കരാര്‍ പ്രാബല്യത്തിലായാല്‍ യു.എസും ഐക്യരാഷ്ട്രസംഘടനയും യൂറോപ്യന്‍ യൂണിയനും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന് അവസാനമാകും. ഇത് രാജ്യാന്തര എണ്ണവിപണിയിലേക്കുള്ള ഇറാന്റെ മടങ്ങിവരവിന് ഇടയാക്കുകയും ചെയ്യും. ചൊവ്വാഴ്ച കരാറിന് അന്തിമധാരണയുണ്ടായത്.
ആണവായുധവ്യാപനം തടയുന്നതും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് തടയിടുന്നതുമാണ് കരാര്‍. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ഐക്യരാഷ്ട്രസഭാ ആണവപരിശോധകര്‍ക്ക് വിപുലമായ പരിശോധനയ്ക്കുള്ള വ്യവസ്ഥകളുണ്ടാവുകയും ഇറാന്റെ ആണവപദ്ധതികള്‍ക്ക് കര്‍ക്കശനിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യും. തങ്ങളുടെ ഒട്ടുമിക്ക ആണവസൗകര്യങ്ങളും ഒഴിവാക്കാന്‍ ഇറാനും സമ്മതിച്ചിട്ടുണ്ട്.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസ്, ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മെയര്‍, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഫെഡെറിക്ക മൊഗെരിനി, ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ്, ഇറാന്‍ ആണവോര്‍ജസംഘടനാ തലവന്‍ അലി അക്ബര്‍ സലേഹി, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്രോവ്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമ്മോന്‍, യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, യു.എസ്. ഊര്‍ജസെക്രട്ടറി എണസ്റ്റ് മോനിസ് എന്നിവരാണ് അവസാനവട്ടചര്‍ച്ചയില്‍ പങ്കെടുത്തത്.