അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത. പുതിയ മന്ത്രിസഭയില്‍ റാണ ഗുര്‍ജീത് സിംഗിനെ ഉള്‍പ്പെടുത്തരുതെന്ന് ആറ് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യമാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് ഇവര്‍ കത്തയച്ചു. ഖനന അഴിമതിയില്‍ ഉള്‍പ്പെട്ട റാണയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് ഇവരുടെ ആവശ്യം.
നേരത്തെ അമരീന്ദറിന് പകരം മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത ചരണ്‍ജിത് സിംഗ് ചന്നി മന്ത്രിമാരുടെ അന്തിമ പട്ടിക പുറത്തുവിട്ടിരുന്നു. കോണ്‍ ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഹൈക്കമാന്റ് എന്നിവരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമായിരുന്നു ചന്നി പട്ടിക പുറത്തുവിട്ടത്.
ഇതില്‍ റാണയും ഉള്‍പ്പെട്ടിരുന്നു. 2018 ല്‍ ഖനന അഴിമതിയില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് റാണയെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് അമരീന്ദര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞത്. അമരീന്ദറിനെതിരെ ചില എം.എല്‍.എമാരും രംഗത്തുവന്നിരുന്നു. ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞായിരുന്നു അദ്ദേഹം രാജിവെച്ചത്.
എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തേക്ക് സിദ്ദു എത്താതിരിക്കാന്‍ താന്‍ എന്തും ചെയ്യുമെന്നും സിദ്ദുവിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.
Content Highlight: 6 Congress MLAs demand removal of Rana Gurjeet Singh’s name from proposed Punjab cabinet list