കൊളംബൊ: അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്ത് ഇന്ന് രാവിലെ മുതല്‍ നടന്ന ഏറ്റുമുട്ടലില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആറ് ഭീകരരും 9 സിവിലിയന്‍സുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ 6 പേര്‍ കുട്ടികളാണെന്ന് മേജര്‍ ജനറല്‍ അരുണ ജയശേഖര പറഞ്ഞു.
സ്‌ഫോടക വസ്തുശേഖരമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിനിടെ ചാവേറുകളായ മൂന്ന് ഭീകരര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റുള്ളവര്‍ വെടിവെയ്പിലാണ് മരിച്ചത്. മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സിവിലിയന്‍സിന് ഭീകരരുമായുള്ള ബന്ധം പരിശോധിച്ച് വരികയാണെന്ന് ശ്രീലങ്കന്‍ സൈന്യം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ എന്‍.ടി.ജെയുടെ പ്രമുഖനായ മുഹമ്മദ് നിയാസ് എന്നയാളും ഉണ്ടായിരുന്നതായി സൈന്യം പറഞ്ഞു. ഇയാള്‍ ഈസ്റ്റര്‍ ദിന ആക്രമണങ്ങള്‍ക്ക് നേതൃത്വം വഹിച്ച സഹ്‌റാന്‍ ഹാഷിമിന്റെ ബന്ധുവാണ്.
ഭീകരര്‍ രാജ്യത്ത് തുടര്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഭീഷണി കണക്കിലെടുത്ത വന്‍ പരിശോധനയാണ് നടത്തുന്നത്. രാജ്യത്തെ എല്ലാ വീടുകളും പരിശോധനാ വിധേയമാക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞിരുന്നു. രാജ്യത്തെ മുഴുവന്‍ സ്ഥിരതാമസക്കാരുടെയും ലിസ്റ്റ് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഞായറാഴ്ചയിലെ പള്ളികളിലെ പ്രാര്‍ത്ഥനകള്‍ അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെക്കാന്‍ കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് നിര്‍ദേശം നല്‍കിയിരുന്നു. കലാപ സാധ്യത മുന്നില്‍ക്കണ്ട് മുസ്‌ലിംങ്ങളോട് വീടുകളില്‍ നിന്ന് പ്രാര്‍ത്ഥന നടത്താനുള്ള നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ശ്രീലങ്കന്‍ ജനസംഖ്യയില്‍ 10 ശതമാനം മാത്രമാണ് ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും ഉള്ളത്. കൂടുതലും ബുദ്ധമത വിശ്വാസികളാണുള്ളത്.