പൂനെ: ഒന്നാം മഹായുതി സർക്കാരിൻ്റെ രണ്ടര വർഷത്തെ ഭരണകാലത്ത് മാത്രം മഹാരാഷ്ട്രയിൽ 6,740 കർഷകർ ആത്മഹത്യ ചെയ്തതായി നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവ് അംബദാസ് ദൻവേ. നിലവിൽ 8 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിൻ്റെ കടബാധ്യതയെന്ന് പ്രതിപക്ഷ നേതാവ് ആശങ്ക പ്രകടിപ്പിച്ചു.
2022 ജൂലൈ 1 നും 2024 നവംബർ 30 നും ഇടയിൽ ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ രേഖപ്പെടുത്തിയത് നാഗ്പൂർ, അമരാവതി ജില്ലകളിൽ നിന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന നിയമസഭയുടെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ ഗവർണർ സി.പി. രാധാകൃഷ്ണൻ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കവെയാണ് ശിവസേന (യു.ബി.ടി) എം.എൽ.സി ഈ പ്രസ്താവന നടത്തിയത്.
കർഷകരുടെ മോശമായ അവസ്ഥയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ഡിസംബറിൽ രണ്ടാം ഭരണം ആരംഭിച്ച ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ അവരുടെ പ്രശ്‌നങ്ങൾ അവഗണിക്കുകയാണെന്നും ആരോപിച്ചു.
പരുത്തിക്ക് ക്വിൻ്റലിന് 6,000 രൂപ മിനിമം താങ്ങുവില (എം.എസ്പി) നൽകുമെന്ന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും കർഷകർക്ക് ഇതുവരെ ഈ തുക ലഭിച്ചിട്ടില്ലെന്ന് ദൻവെ പറയുന്നു. കൂടാതെ, സോളാർ പമ്പുകൾ നിർമിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
കർഷകർ 12 ലക്ഷം സോളാർ പമ്പുകൾ ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന സർക്കാരിന് 1.39 ലക്ഷം യൂണിറ്റുകൾ മാത്രമേ വിതരണം ചെയ്യാനായുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കർഷകർക്ക് സോളാർ പമ്പുകൾ നൽകുന്നതിന് പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന് ദൻവെ ആവശ്യപ്പെട്ടു.
നിലവിലെ കടബാധ്യത 8 ലക്ഷം കോടി രൂപയാണെന്നും അത് സംസ്ഥാനത്തിന്റെ പുരോഗതിയെ തടസപ്പെടുത്തുകയും കൃഷി, ഗ്രാമവികസനം തുടങ്ങിയ സുപ്രധാന മേഖലകളിൽ നിക്ഷേപം നടത്താനുള്ള കഴിവിനെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlight: 6,740 farmer suicides in Maharashtra under previous Mahayuti govt: LoP Danve