പനാജി: 49ാമത് അന്താരാഷ്ട്ര ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ നിന്നും 6,7 സിനിമകള്‍ ദേശീയ വികാരത്തിനെതിരാണെന്ന് കാണിച്ച് തിരസ്‌കരിച്ചതായി സംവിധായകനും ജൂറി അംഗവുമായ ഉജ്ജ്വല്‍ ചാറ്റര്‍ജി.
മലയാളത്തില്‍ നിന്നും 45 സിനിമകളായിരുന്നു മേളയ്ക്കയച്ചത്. എന്നാല്‍ അതില്‍ മിക്കതും നക്സല്‍ നീക്കങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ചില സിനിമകള്‍ ദേശവിരുദ്ധമായതിനാല്‍ അപ്പോള്‍ തന്നെ വേണ്ടെന്നു വച്ചു ഉജ്ജ്വല്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉജ്ജ്വലിന്റെ വെളിപ്പെടുത്തല്‍.
“വിമര്‍ശനങ്ങളോട് ഞങ്ങള്‍ക്ക് വിരോധമില്ല. എന്നാല്‍ ഒരു സിനിമയും ഏതെങ്കിലും ജന വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്താന്‍ പാടില്ല. ഏതെങ്കിലും സിനിമയ്ക്ക് വ്യക്തിപരമായ എന്തെങ്കിലും കാഴ്ചപ്പാട് അവതരിപ്പിക്കണമെങ്കില്‍ കൂടി അത് ദേശീയതയുടെ കാഴ്ചപ്പാടിലൂടെ പറഞ്ഞു പോകണം. സിനിമകളിലൂടെ ദേശീയ വിരുദ്ധമായ, രാജ്യത്തിനെതിരെ മോശം പ്രയോഗങ്ങളുള്ള, രാജ്യത്തെയോ ഏതെങ്കിലും മതങ്ങളെയോ മോശമായി ചിത്രീകരിക്കുന്ന ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല”- ദേശീയ വിരുദ്ധത എന്നത് കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന റിപ്പോര്‍ട്ടറിന്റെ ചോദ്യത്തിന് മറുപടിയായി ഉജ്ജ്വല്‍ പറഞ്ഞു.
Also Read തൃപ്തി ദേശായിയ്ക്ക് ശബരിമല ദര്‍ശനം സാധ്യമാക്കണം; പിന്തുണയുമായി കേരളത്തിലെ ഫെമിനിസ്റ്റ് കൂട്ടായ്മ
ദൃശ്യങ്ങളിലും സംസ്‌കാരത്തിലും പൂര്‍ണ്ണമായി ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന സിനിമകളാണ് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുക എന്നും വന്നതില്‍ 6, 7 സിനിമകള്‍ ഇന്ത്യയെ തെറ്റായി പ്രതിനിധാനം ചെയ്തു കൊണ്ടുള്ളതാണെന്നും ഉജ്ജ്വല്‍ പറഞ്ഞു.
ഹിന്ദു ദേശീയ നേതാക്കളുടെ സംശയാസ്പദമായ മരണങ്ങളെക്കുറിച്ച് താന്‍ സിനിമ ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്നും ചാറ്റര്‍ജി ന്യൂസ് 18 നോട് പറഞ്ഞു.
Also Read ശബരിമല വിഷയവുമായി പിറവം പള്ളി വിധിയെ താരതമ്യം ചെയ്യരുത്: ഹൈക്കോടതി
2017 ചലച്ചിത്ര മേളയില്‍ എല്ലാ ദിവസവും 37 തവണ ദേശീയ ഗാനം ആലപിച്ചിരുന്നതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ വര്‍ഷം സ്മൃതി ഇറാനിയുടെ കീഴിലുള്ള കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം ന്യൂഡ്, എസ്.ദുര്‍ഗ എന്ന സിനിമയും പൊടുന്നന്നെ മേളയില്‍ നിന്ന് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതും വിവാദമായിരുന്നു.