| Wednesday, 11th October 2023, 1:51 pm

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം; 2400 ലധികം പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹെറാത്: അഫ്ഗാനിസ്ഥാനിലെ ഹെറാത് നഗരത്തില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 5.10 ഓടുകൂടിയാണ് നോര്‍ത്ത് ഹെറാത്തിലെ 28 കിലോമീറ്റര്‍ പ്രദേശത്ത് ഭൂകമ്പം അനുഭവപ്പെട്ടത്.
സംഭവത്തില്‍ 100 ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അഫ്ഗാനിസ്ഥാനില്‍ നിരന്തരമായി ഭൂകമ്പങ്ങള്‍ ഉണ്ടാകുന്ന ഹിന്ദു കുഷ് മലനിരകള്‍ തന്നെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച ഹെറാത് നഗരത്തിന്റെ വടക്കു പടിഞ്ഞാറായി ഒന്നിലധികം ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് ഒക്ടോബര് 11 ന് വീണ്ടും ഭൂകമ്പം ഉണ്ടായത്.

യു.എന്‍ കണക്കുപ്രകാരം 12,000 ആളുകളെ ഭൂകമ്പം നേരിട്ട് ബാധിച്ചിട്ടുണ്ട്. മരണസംഖ്യയില്‍ പ്രാദേശിക – ദേശീയ ഔദ്യോഗിക കണക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. സംഭവത്തില്‍ 2445 ആളുകള്‍ കൊല്ലപ്പെട്ടതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചതായി ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂകമ്പം ആണിത്. 2400 ലധികം ആളുകള്‍ കൊല്ലപ്പെട്ടതായും 80 പേര്‍ക്ക് പരിക്കേറ്റതായുമാണ് അല്‍ ജസീറയുടെ റിപ്പോര്‍ട്ട്.

ഹെറാത് സമീപ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഹെറാത് ഗവര്‍ണ്ണര്‍ പറഞ്ഞു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഹെറാത് ടോര്‍ഗുണ്ടി ഹൈവേ അടച്ചിട്ടിരിക്കുകയാണെന്ന് വിവര മാന്ത്രാലയ വക്താവ് അബ്ദുല്‍ വാഹിദ് റയോണ്‍പറഞ്ഞു.

ഈ വര്‍ഷം തുര്‍ക്കിയിലും സിറിയയിലും നടന്ന വന്‍ഭൂകമ്പങ്ങള്‍ക്ക് ശേഷം നടന്ന ഏറ്റവും വലിയ ഭൂകമ്പമാണിതെന്ന് അഫ്ഗാനിസ്ഥാന്‍ ദേശീയ ദുരന്ത മാനേജ്മന്റ് അതോറിറ്റി വക്താവ് മുല്ലഹ് സൈക് അറിയിച്ചു.

പ്രകമ്പനത്തെ തുടര്‍ന്ന് 2000 വീടുകളും 20 ഗ്രാമങ്ങളും തകര്‍ന്നു. പ്രധാനമായും വിദേശ സഹായത്തെ ആശ്രയിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. എന്നാല്‍ താലിബാന്‍ ഭരണകൂടം വന്നതിനുശേഷം രണ്ട് വര്‍ഷത്തോളമായി അന്തര്‍ദേശീയ സഹായങ്ങള്‍ എല്ലാം തന്നെ നിലച്ച നിലയിലാണ്.

ദുരന്തത്തിന് പിന്നാലെ അഞ്ച് മില്യണ്‍ ഡോളര്‍ ധനസഹായം യുണൈറ്റഡ് നേഷന്‍സ് ഹ്യുമാനിറ്റേറിയന്‍ ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിരമായി മെഡിക്കല്‍ രക്ഷാപ്രവര്‍ത്തനങ്ങളും ഭക്ഷണ വിതരണവും അഭയകേന്ദ്രങ്ങളും ഒരുക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

Content Highlight:  6.3 magnitude earthquake shakes part of western Afghanistan

We use cookies to give you the best possible experience. Learn more