| Sunday, 3rd December 2023, 5:19 pm

സഞ്ജുവിന്റെ ആറാട്ട്, പോണ്ടിച്ചേരിയെ വലിച്ചുകീറി; വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് അഞ്ചാം വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയില്‍ നവംബര്‍ മൂന്നിന് നടന്ന മത്സരത്തില്‍ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് മിന്നും വിജയം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കേരളം 32.2 ഓവറില്‍ 116 റണ്‍സിന് പോണ്ടിച്ചേരിയെ തകര്‍ക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 19.5 ഓവറില്‍ അനായാസമായി 121 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. ഇതോടെ കളിച്ച ആറു മത്സരങ്ങളില്‍ അഞ്ച് വിജയമാണ് കേരളം എ ലിസ്റ്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

കേരളത്തിനുവേണ്ടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആയിരുന്നു. 13 പന്തില്‍ മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും അടക്കം 35 റണ്‍സ് ആണ് സഞ്ജു അടിച്ചെടുത്തത്. 269.23 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു ആറാടിയത്.

മുഹമ്മദ് അസറുദ്ദീന്‍ 11 പന്ത് കളിച്ച് എട്ട് റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ രോഹന്‍ എസ്. കുന്നുമ്മല്‍ 28 പന്തില്‍ നിന്നും നാല് ബൗണ്ടറികളുമായി 23 റണ്‍സ് നേടി ടീമിന് താളം കണ്ടെത്താന്‍ സഹായിച്ചു. ശേഷം ഇറങ്ങിയ സച്ചിന്‍ ബേബി 38 പന്തില്‍ 25 റണ്‍സ് നേടിയും വിഷ്ണു വിനോദ് 21 പന്തില്‍ 22 റണ്‍സ് നേടിയ കളി മുന്നോട്ടു കൊണ്ടുപോയി. തുടര്‍ന്ന് അബ്ദുള്‍ ബാസിത് അഞ്ച് റണ്‍സിന് പുറത്തായതോടെ ആറാമനായി ക്യാപ്റ്റന്‍ സഞ്ജുവിന്റെ വരവായിരുന്നു അടുത്തത്.

ചുരുങ്ങിയ റണ്‍സ് ആണെങ്കില്‍ പോലും ആക്രമിച്ച് കളിച്ച് തന്റെ മിന്നും ഫോമാണ് സഞ്ജു ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്തത്. സിക്കിമിനോടുള്ള കഴിഞ്ഞ മത്സരത്തില്‍ സഞ്ജു ബൗള്‍ ചെയ്തു ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഒരു ഓവര്‍ എറിഞ്ഞ് മൂന്ന് ഇക്കണോമി റേറ്റില്‍ വെറും മൂന്ന് റണ്‍സ് മാത്രമാണ് സഞ്ജു വഴങ്ങിയത്.

കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും സഞ്ജുവിന് ബാറ്റിംഗില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലായിരുന്നു. എന്നാല്‍ പോണ്ടിച്ചേരിക്ക് എതിരെയുള്ള മത്സരത്തില്‍ സഞ്ജു തന്റെ മിന്നും ഫോം തിരിച്ചെടുത്തിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്നും സഞ്ജു 136 റണ്‍സ് ആണ് നേടിയിട്ടുള്ളത്.

പോണ്ടിച്ചേരിക്ക് വേണ്ടി ഫാബിത് അഹമ്മദ് 49 പന്തില്‍ നിന്നും 44 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ആകാശ് ആനന്ദ് കര്‍കാവെ 27 പന്തില്‍ നിന്നും 25 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. സിദ്ധക് സിങ് 38 പന്തില്‍ 12 റണ്‍സ് നേടി പൊരുതിയില്‍ നിന്നു.

കേരളത്തിന്റെ മികച്ച ബൗളിങ്ങില്‍ തല കുനിക്കുകയായിരുന്നു തുടക്കക്കാര്‍. സിജോ മോന്‍ ജോസഫ് 3.2 ഓവറില്‍ ഒരു മെയ്ഡന്‍ ഓവറടക്കം രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്തതാണ് മൂന്ന് കിടിലന്‍ വിക്കറ്റുകള്‍ നേടിയത്. 0.6 ഇക്കണോമിയിലാണ് സിജോ മോന്‍ ബോളിങ്ങില്‍ തകര്‍ത്താടിയത്. അഖില്‍ സക്കറിയ ഒരു മെയ്ഡന്‍ അടക്കം 15 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റും നേടി ബൗളിങ് നിരയെ ശക്തിപ്പെടുത്തി. അഖിന്‍ സത്താര്‍ 40 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും ബേസില്‍ തമ്പി 39 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും നേടി കേരളത്തിന് മികച്ച സംഭാവന നല്‍കി. നാല് ഗോള്‍ഡന്‍ ഡക്കുകള്‍ അടക്കമായിരുന്നു കേരളത്തിന്റെ ബൗളിങ് നിര പോണ്ടിച്ചേരിയെ വലിച്ചു കീറിയത്.

പോണ്ടിച്ചേരിയുടെ അരുള്‍പ്രകാസം അരവിന്ദ് രാജ് ഏഴ് ഓവറില്‍ 61 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയിരുന്നു. ഗൗരവ് യാദവ് 42 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി. എന്നാലും കേരളത്തിന്റെ ഇടിവെട്ട് ബാറ്റിങ്ങില്‍ പോണ്ടിച്ചേരി തലകുനിക്കുകയായിരുന്നു.

പോണ്ടിച്ചേരിക്കെതിരെ സഞ്ജു നിറഞ്ഞാടിയത് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു മുന്നറിയിപ്പ് തന്നെയാണ്. വരാനിരിക്കുന്ന സൗത്ത് ആഫ്രിക്കന്‍ പരമ്പരയിലെ മൂന്ന് ഏകദിനത്തില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുമുണ്ട്. സഞ്ജുവിന്റെ മികവ് കാണിക്കാന്‍ കിട്ടിയ മികച്ച അവസരമാണ് സൗത്ത് ആഫ്രിക്കയുമായുള്ള ഏകദിന പരമ്പര.

Content Highlight: 5th victory for Kerala in Vijay Hazare Trophy

We use cookies to give you the best possible experience. Learn more