സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു; സി.ബി.ഐ അഞ്ചാം ഭാഗത്തിന് നാളെ തുടക്കം
Film News
സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു; സി.ബി.ഐ അഞ്ചാം ഭാഗത്തിന് നാളെ തുടക്കം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th November 2021, 5:47 pm

മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറായ സി.ബി.ഐ സീരിസിലെ അഞ്ചാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് നംവംബര്‍ 29ന് ആരംഭിക്കും. ഒട്ടേറെ പുതുമകളുമായാണ് സേതുരാമയ്യര്‍ ഒരിക്കല്‍ കൂടി വെള്ളിത്തിരയിലെത്തുന്നത്.

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ഇത്തവണ കൂട്ടിലുണ്ടാവും. സായ്കുമാര്‍, രണ്‍ജി പണിക്കര്‍ സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ടാവും.

സി.ബി.ഐ സീരീസില്‍ മുമ്പുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. സംവിധായകന്‍ കെ. മധുവും, തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനനുമാണ് ആ മൂന്ന് പേര്‍.

ഇത്തവണ സി.ബി.ഐ ടീമില്‍ സേതുരാമയ്യര്‍ക്കൊപ്പം രണ്ട് ലേഡി ഓഫീസര്‍മാരും ഉണ്ടാവും. അവരുടെ കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടില്ല. സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് എറണാകുളത്താണ് തുടങ്ങുന്നത്.

ഇപ്പോള്‍ ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പഴനിയിലാണ് മമ്മൂട്ടി ഉള്ളത്. കനത്ത മഴയെത്തുടര്‍ന്ന് അവിടുത്തെ വര്‍ക്കുകള്‍ വൈകിയിട്ടുണ്ട്. അതാണ് സി.ബി.ഐ ഷെഡ്യൂളിനെയും ബാധിച്ചിരിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍.

ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുകേഷും സായ്കുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രം പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്നായിരുന്നു സി.ബി.ഐ 5.

ലോക സിനിമയില്‍ ആദ്യമായാണ് ഒരേ നായകനും, എഴുത്തുകാരനും, സംവിധായകനുമായി ചേര്‍ന്ന് ഒരു സിനിമയ്ക്ക് നാല് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്നും, തങ്ങള്‍ ഒന്നിച്ചുള്ള മുന്നേറ്റം തുടരുകയാണെന്നുമായിരുന്നു സംവിധായകനായ കെ. മധു ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 5th movie in CBI series starts tomorrow