പാട്ന: ബീഹാറിൽ വീണ്ടും പാലം തകർന്ന് വീണു. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ സംഭവമാണിത്. സംസ്ഥാനത്തിൻ്റെ വടക്കേ അറ്റത്ത്, നേപ്പാളിൻ്റെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മധുബാനി ജില്ലയിലാണ് സംഭവം. നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. ഭൂതാഹി നദിക്ക് കുറുകെ ഏകദേശം മൂന്ന് കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്.
75 മീറ്റർ നീളമുള്ള പാലത്തിൻ്റെ നിർമാണ ചുമതല ഏൽപ്പിച്ച റൂറൽ വർക്ക്സ് ഡിപ്പാർട്ട്‌മെൻ്റ് വൃത്തങ്ങൾ ദിവസങ്ങൾക്ക് മുമ്പ് തൂണുകളിലൊന്ന് ഒലിച്ചുപോയതായി സ്ഥിരീകരിച്ചെങ്കിലും ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ തയ്യാറായിട്ടില്ല.
കഴിഞ്ഞയാഴ്ച, അരാരിയ, സിവാൻ, കിഴക്കൻ ചമ്പാരൻ തുടങ്ങിയ ജില്ലകളിലും പാലം തകർന്ന് വീണിരുന്നു. ചമ്പാരൻ ജില്ലയിൽ പാലം തകർന്നതിനെ തുടർന്ന് വ്യാപക പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. അരാരിയ ജില്ലയിൽ തകർന്നതും പുതുതായി നിർമാണത്തിലിരിക്കുന്ന പാലമായിരുന്നു.
പാലം തകർന്നത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എക്‌സിൽ പാലം തകർന്ന് വീഴുന്നതിന്റെ വീഡിയോ പങ്കിട്ടു.
‘ബീഹാറിൽ മറ്റൊരു പാലം തകർന്നു. നിങ്ങൾ അറിഞ്ഞോ? ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് ഊഹിക്കുക,’ എന്നായിരുന്നു തേജസ്വി യാദവിന്റെ പ്രതികരണം. നിർമാണത്തിലിരിക്കുന്ന പാലങ്ങൾ തകർന്ന് വീഴുന്നത് ഭരണപക്ഷത്തിന്റെ അഴിമതിയാണ് സൂചിപ്പിക്കുന്നതെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പാലം നിർമിക്കാനുപയോഗിക്കുന്ന വസ്തുക്കൾ ഗുണനിലവാരം കുറഞ്ഞവയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
Content Highlight: 5th bridge collapse in a week: Bihar’s infrastructure under scrutiny