വാഹനങ്ങളോട് ഏറെ പ്രിയമുള്ളവരാണ് മലയാള സിനിമയിലെ മിക്കതാരങ്ങളും. മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയുമൊക്കെ വാഹനപ്രേമം പലര്‍ക്കും അറിയാവുന്നതുമാണ്. പുതിയ പുതിയ മോഡല്‍ വാഹനങ്ങളുടെ കളക്ഷന്‍സുള്ള മറ്റൊരു താരമാണ് നടന്‍ പൃഥ്വിരാജ്. പൃഥ്വിയുടേയും
ഇന്ദ്രജിത്തിന്റേയും വാഹനങ്ങളെ കുറിച്ചുള്ള രസകരമായ ചില കമന്റുകള്‍ പറയുകയാണ് ഇരുവരുടേയും അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വാഹനങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തോടുള്ള മല്ലികയുടെ തഗ്ഗ് മറുപടികള്‍.
പൃഥ്വിയുടേയും ഇന്ദ്രജിത്തിന്റേയും എല്ലാ വാഹനങ്ങളിലും കയറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘കയറി ലോങ് ട്രിപ്പൊന്നും പോയതല്ല വണ്ടികള്‍ ഷോറൂമില്‍ നിന്ന് എടുത്ത് വരുന്ന വഴി തന്റെ വീട്ടില്‍ കയറുമൊന്നും അവിടെ വെച്ച് ഒന്ന് കയറുമെന്നുമായിരുന്നു’ മല്ലികയുടെ മറുപടി.
സത്യം പറയാലോ ഈ ലംബോര്‍ഗിനി എന്ന് പറയുന്ന വണ്ടിയില്‍ കയറിയപ്പോള്‍ ഇറങ്ങാന്‍ ക്രെയിന്‍ വേണ്ടി വരുമോ എന്ന് എനിക്ക് തോന്നിപ്പോയി (ചിരി). സത്യമാണ് ഇത്. എന്റെ പൊന്നുമോനെ അമ്മയെ ഇതിനകത്ത് മാത്രം നീ കയറ്റരുതെന്ന് ഞാന്‍ പറഞ്ഞുപോയി. നിന്റെ റേഞ്ച് റോവറും ബി.എം.ഡബ്ല്യുയുവും എല്ലാം കൊള്ളാം. പക്ഷേ ഇതിനകത്തുനിന്ന് ഇറങ്ങണമെങ്കില്‍, നമ്മള്‍ തൂങ്ങിപ്പിടിച്ച് കാല് വെളിയിലോട്ടൊക്കെ ഇട്ട് കഷ്ടപ്പെടണം. ഈ ലംബോര്‍ഗിനി നമ്മളെപ്പോലുള്ളവര്‍ക്ക് പറ്റില്ല. ഇല്ലെങ്കില്‍ ഒര് അഞ്ചാറെണ്ണം വാങ്ങിച്ചിടാമായിരുന്നു(ചിരി).
രാജുവിന്റെ കാറില്‍ എനിക്ക് ഏറ്റവും ഇഷ്ടം റേഞ്ച് റോവറാണ്. അല്‍പം പൊക്കമൊക്കെയുള്ള നമ്മുടെ വണ്ണമൊക്കെ വെച്ച് വിശാലമായി ഇറങ്ങാനൊക്കെ പറ്റുന്ന വണ്ടി. അതുപോലെ ഇന്ദ്രന്റെ കയ്യില്‍ വോള്‍വോയുടെ ഒരു വണ്ടിയുണ്ട്. നല്ല സുഖമാണ്. പിന്നെ ഇന്ദ്രന്റെ കൂടെ പോകുമ്പോള്‍ എനിക്കൊരു കോണ്‍ഫിഡന്‍സ് കൂടുതലാണ്. അവന്‍ വലിയ സ്പീഡിലൊന്നും പോകില്ല. പക്ഷേ രാജു ഒറ്റ വിടീലാണ്. 20 മിനുട്ടുകൊണ്ട് നെടുമ്പാശേരിയൊക്കെ എത്തും, ലൈറ്റുമൊക്കെയിട്ട്. കാരണം അവന്‍ നേരത്തെ ബോര്‍ഡിങ് പാസ്സൊക്കെ എടുത്തിട്ട് ലേറ്റായിട്ടേ ഇറങ്ങുകയുള്ളൂ. എന്തൊക്കെയാണോ എന്തോ.
രണ്ട് പേര്‍ക്കുമുള്ള ടൂ വീലറുകളില്‍ ഏതിലെങ്കിലും കയറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് സുകുവേട്ടന്‍ വിളിച്ചിട്ട് കയറിയിട്ടില്ല പിന്നല്ലേ എന്നായിരുന്നു മല്ലികയുടെ മറുപടി.
‘അദ്ദേഹത്തിന് കുറേക്കാലം ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു നീ ഇങ്ങോട്ട് കേറ് നിന്റെ തോന്നലാണ് ഇതില്‍ കയറിയാല്‍ മറിഞ്ഞടിച്ച് വീഴുമെന്ന്. എത്ര പെണ്ണുങ്ങള്‍ പോകുന്നുണ്ട് എന്നൊക്കെ അദ്ദേഹം പറയുമായിരുന്നു. സ്വന്തം ഭര്‍ത്താവ് വിളിച്ചിട്ട് പോലും ആ വണ്ടിയില്‍ കയറാന്‍ എനിക്ക് ധൈര്യമുണ്ടായിട്ടില്ല. ഇതിലൊഴിച്ച് വേറെ ഏത് വണ്ടിയില്‍ വേണേല്‍ കയറാമെന്നായിരുന്നു എന്റെ മറുപടി. ചെറുപ്പത്തില്‍ എനിക്ക് ഇത്ര വണ്ണമൊന്നുമില്ല. അന്നും കയറിയിട്ടില്ല, ഇപ്പോള്‍ തീരെ കയറത്തില്ല. ഞാന്‍ ഇരിക്കുന്ന വശം ഇങ്ങോട്ട് ചരിയുമെന്നൊക്കെ ഞാന്‍ പറയും. ഇന്ദ്രന്‍ എപ്പോഴും പറയും അമ്മേ ഒന്ന് ഇരുന്ന് നോക്ക് എന്ന്.
രാജു സുകുവേട്ടനെ പോലെയാണ്. അദ്ദേഹത്തിന് പണ്ടേ വണ്ടികള്‍ വലിയ ക്രേസാണ്. സുകുവേട്ടന്‍ ആദ്യം വാങ്ങിച്ചതില്‍ ഒന്ന് കര്‍ണാടക രജിസ്‌ട്രേഷന്‍ ബെന്‍സ് ആയിരുന്നു. അത് മദ്രാസില്‍ കൊണ്ടുവന്ന് നമ്പര്‍ മാറ്റി. മാരുതി ഇറങ്ങിയപ്പോള്‍ ഇന്ത്യയിലെ 40ാമത്തെ മാരുതിയായിരുന്നു ഞങ്ങളുടേത്. അതൊക്കെ നല്ല ഓര്‍മയുണ്ട്. അതിന് മുന്‍പ് ഒരു അംബാസിഡര്‍ ഉണ്ടായിരുന്നു. അത് എവിടുന്നെങ്കിലും കിട്ടാന്‍ വഴിയുണ്ടോ എന്ന് അന്വേഷിച്ച് ഇപ്പോള്‍ രാജു നടക്കുന്നുണ്ട്. ഒരു പച്ച അംബാസിഡറായിരുന്നു.
അച്ഛന്‍ ആദ്യം വാങ്ങിച്ച കാര്‍ ഏതാണെന്ന് പലരും ചോദിച്ചെന്നും അത് എവിടെ ആയിരിക്കും അമ്മേ എന്നും രാജു ചോദിക്കാറുണ്ട്. സുകുവേട്ടന്‍ ആദ്യം വാങ്ങിച്ച വണ്ടി ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിച്ചത് ഞാനാണ്. അത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞായിരുന്നു ഞങ്ങളുടെ വിവാഹം. ഏതാ പൂജിക്കാന്‍ കൊണ്ടുവന്ന കാറെന്ന് അന്ന് ചിലരൊക്കെ ചോദിച്ചു. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളുടേതാണെന്ന് (ചിരി) പറഞ്ഞ് ഒപ്പിച്ച് കാര്‍ പൂജിച്ച് വന്നു, മല്ലിക പറഞ്ഞു.
നിങ്ങള്‍ എല്ലാവരും ഒരുമിച്ച് ഒരു ഫാമിലി ട്രിപ്പ് പോയതിന്റെ ഒരു ഫോട്ടോ പോലുമില്ലല്ലോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു യാത്ര പോയിട്ടില്ലെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മല്ലികയുടെ മറുപടി.
പൂര്‍ണിമ ഇപ്പോള്‍ വലിയ പരാതി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് പറ്റത്തില്ല നമ്മള്‍ എല്ലാവരും കൂടി ഒന്നുകില്‍ അമേരിക്കയില്‍ മാമന്റെ അടുത്തെങ്കിലും പോകാമെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ എങ്ങനെയാണ് രാജുവിനെ ഫ്രീ ആക്കി എടുക്കുമ്പോള്‍ ഇന്ദ്രന്‍ ഇല്ല. ഇന്ദ്രനെ ഫ്രീ ആക്കുമ്പോള്‍ രാജുവില്ല. ഇവര്‍ രണ്ടുപേരും പത്ത് ദിവസം ഫ്രീ ആണെന്ന് പറയുമ്പോള്‍ എനിക്ക് എവിടുന്നും ഇല്ലാത്ത പോലൊരു സിനിമ കിട്ടും. അത് വേണ്ട എന്റെ സിനിമ കളഞ്ഞിട്ട് പോണ്ട എന്ന് ഞാനും പറയും(ചിരി). ഇതാണ് ഞങ്ങളുടെ വീട്ടില്‍ നടക്കുന്നത്, മല്ലിക പറയുന്നു.
Content Highlight: Mallika Sukumaran about Prithviraj and Indrajith Cars