ഫുട്ബോൾ ലോകകപ്പിൽ രണ്ട് താരങ്ങളുടെ ഗോൾനേട്ടം തുല്യമായാൽ ഗോൾഡൻ ബൂട്ട് ആർക്ക് നൽകുമെന്നതിന് വിശദീകരണം നൽകിയിരിക്കുകയാണ് ഫിഫ. ഖത്തർ ലോകകപ്പിൽ ലയണൽ മെസിയുടെയും കിലിയൻ എംബാപ്പെയുടെയും ഗോളുകളുടെ എണ്ണം തുല്യമായ പശ്ചാത്തലത്തിൽ ആരാധകർക്കിടയിൽ ചോദ്യമുയർന്നതിനെ തുടർന്ന് ഫിഫയുടെ വിശദീകരണം തേടുകയായിരുന്നു.
മെസിയും എംബാപ്പെയും അഞ്ച് ഗോളുകൾ വീതമാണ് ഖത്തറിൽ നേടിയത്. രണ്ട് താരങ്ങൾ ഒരുപോലെ ഗോളടിച്ച് ഒന്നാം സ്ഥാനം പങ്കിട്ടാൽ രണ്ട് പേർക്കും ഒരുമിച്ച് പുരസ്‌കാരം നൽകാനോ രണ്ട് പേരിൽ ഒരാൾക്ക് നൽകാതിരിക്കാനോ സാധിക്കില്ലെന്നും ഇത്തരമൊരു സാഹചര്യമുണ്ടായാൽ ആർക്കാണ് ഗോൾഡൻ ബൂട്ട് നൽകേണ്ടത് എന്നതിനെ സംബന്ധിച്ച് തങ്ങൾക്ക് കൃത്യമായ മാർഗനിർദേശങ്ങളുണ്ടെന്നാണ് ഫിഫ വ്യക്തമാക്കുന്നത്.
കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളവർ, അത് രണ്ട് പോരോ മൂന്ന് താരങ്ങളോ എത്രയോ ആയിക്കൊള്ളട്ടേ ഇവരിൽ ആരാണ് ഏറ്റവുമധികം നോൺ പെനാൽട്ടി ഗോളുകളടിച്ചത് എന്ന കാര്യമാണ് ഫിഫ ഇക്കാര്യത്തിൽ ആദ്യം പരിഗണിക്കുക. ഇതിലും സമനില തുടരുകയാണെങ്കിൽ ആരാണ് ഏറ്റവുമധികം അസിസ്റ്റ് നൽകിയത് എന്ന കാര്യം പരിഗണിക്കും.
ഇനിയിപ്പോൾ അസിസ്റ്റുകളുടെ കാര്യത്തിലും തുല്യത പാലിക്കുകയാണെങ്കിൽ ഏത് താരമാണ് കളിക്കളത്തിൽ ഏറ്റവും കുറവ് സമയം ചെലവഴിച്ചത് എന്നതിനെ ആശ്രയിച്ചാണ് പുരസ്‌കാര നിർണയം. അർജന്റീനയുടെ എല്ലാ മത്സരത്തിലും മെസി 90 മിനിട്ടും കളത്തിലുണ്ടായിരുന്നു. എന്നാൽ ഫ്രാൻസ് പരാജയപ്പെട്ട ടുണീഷ്യക്കെതിരായ മത്സരത്തിൽ 27 മിനിട്ട് മാത്രമാണ് എംബാപ്പെ കളത്തിലുണ്ടായിരുന്നത്.
ഫ്രാൻസിലെയോ അർജന്റീനയിലെയോ താരങ്ങൾക്കാവും ഗോൾഡൻ ബൂട്ട് ലഭിക്കുക എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അഞ്ച് ഗോൾ നേടിയ എംബാപ്പെക്കും മെസിക്കും പുറമെ ഫ്രാൻസിന്റെ സൂപ്പർ താരം ഒലിവർ ജിറൂഡാണ് ഗോൾഡൻ ബൂട്ടിലേക്ക് കണ്ണുവെക്കുന്ന മറ്റൊരു താരം. നിലവിൽ നാല് ഗോളാണ് ജിറൂഡിന്റെ പേരിലുള്ളത്.
സ്‌പെയ്‌നിന്റെ ആൽവാരോ മൊറാട്ട, ഇംഗ്ലണ്ട് താരങ്ങളായ ബുക്കായോ സാക്ക, മാർക്കസ് റാഷ്‌ഫോർഡ്, ഡച്ച് സൂപ്പർ താരം കോഡി ഗാപ്‌കോ, ഇക്വഡോർ താരം എന്നർ വലൻസിയ, ബ്രസീൽ താരം റിച്ചാർലിസൺ എന്നിവരാണ് മൂന്ന് ഗോളുമായി ഇവർക്ക് പിന്നിലുള്ള താരങ്ങൾ. ഇവരുടെ ടീമുകളെല്ലാം ഇതിനോടകം തന്നെ പുറത്തായതിനാൽ ഇവർക്കിനി സുവർണ പാദുകം സ്വപ്‌നം കാണാൻ സാധിക്കില്ല.
2018 റഷ്യ ലോകകപ്പിൽ ആറ് ഗോളുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌നാണ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.