ഹൈദരബാദ്: ഹൈദരബാദില്‍ രാമനവമി ഘോഷയാത്രക്കിടെ പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വീഡിയോ വിവാദത്തില്‍. ഹൈദരബാദിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി മാധവി ലതയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഹൈദരാബാദില്‍ ബുധനാഴ്ച നടന്ന രാമനവമി ഘോഷയാത്രക്കിടെയാണ് പള്ളിക്ക് നേരെ സ്ഥാനാര്‍ത്ഥി അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്.
വീഡിയോ വിവാദമായതോടെ ന്യായീകരണവുമായി മാധവി ലത രംഗത്തെത്തി. ആംഗ്യം കാരണം ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായി അവര്‍ പറഞ്ഞു.
എന്നാല്‍ വിദ്വേഷ പ്രചരണത്തിന് ശേഷം മാപ്പ് ചോദിച്ചിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വീഡിയോയെ വിമര്‍ശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും രംഗത്തെത്തി
രാജ്യത്തെ സമാധാനം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. തെലങ്കാനയിലെയും ഹൈദരബാദിലെും ജനങ്ങള്‍ ബി.ജെ.പിയുടെ ഉദ്ദേശമെന്തെന്ന് മനസ്സിലാക്കിയതിന് ശേഷം കരുതലോടെ വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രകോപനപരമായ നീക്കം സംസ്ഥാനത്തെ വോട്ടര്‍മാര്‍ ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിഷയത്തോട് പ്രതികരിച്ചത്.
Content Highlight: Video of BJP Hyderabad poll candidate ‘shooting arrow’ at mosque sparks controversy