| Friday, 3rd March 2023, 11:47 am

എ.ഐയുടെയും ചാറ്റ് ജി.പി.ടിയുടെയും കണ്ടുപിടുത്തത്തിന് പിന്നില്‍ സംഗമഗ്രാമനെന്ന് മാതൃഭൂമി; വാദം നിഷേധിച്ച് ചാറ്റ് ജി.പി.ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), ചാറ്റ് ജി.പി.ടി എന്നിവയുടെ കണ്ടെത്തലിന് പിന്നില്‍ 14ാം നൂറ്റാണ്ടില്‍ ഇരിങ്ങാലക്കുടയില്‍ ജീവിച്ചിരുന്ന ഗണിത ശാസ്ത്രജ്ഞന്‍ സംഗമഗ്രാമനാണെന്ന് മാതൃഭൂമി.

എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സംഗമഗ്രാമന് തന്റെ നിര്‍മാണത്തില്‍ യാതൊരു പങ്കുമില്ലെന്ന് ചാറ്റ് ജി.പി.ടി തന്നെ മറുപടിയും നല്‍കി. വാര്‍ത്തക്ക് താഴെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ നിരവധി പേരാണ് പങ്കുവെച്ചത്.

നിര്‍മിത ബുദ്ധിക്കും ചാറ്റ് ജി.പി.ടിയ്ക്കും അടിസ്ഥാനമായത് സംഗമഗ്രാമ മാധവന്റെ പഠനങ്ങളാണെന്നാണ് ഡാറ്റ സയന്‍സ് ഗവേഷകനെന്ന് മാതൃഭൂമി പരിചയപ്പെടുത്തിയ സന്തോഷ് കൃഷ്ണന്റെ വാദം.

ഐസക് ന്യൂട്ടന് 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കാല്‍ക്കുലസ് ഗണിത സിദ്ധാന്തം ആവിഷ്‌കരിച്ച വ്യക്തിയാണ് സംഗമഗ്രാമനെന്നും പൈ സിദ്ധാന്തത്തിനും ഇന്‍ഫിനിറ്റീവ് സീരീസിനും പിന്നില്‍ ഇദ്ദേഹമാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, റോബോട്ടിങ്, ചാറ്റ് ജി.പി.ടി എന്നിവയുടെ കണ്ടുപിടുത്തത്തിന് പിറകിലും സംഗമഗ്രാമനാണെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.
മാത്രമല്ല സംഗമഗ്രാമന്റെ പഠനങ്ങള്‍ അമേരിക്കയിലും ജപ്പാനിലും ബ്രിട്ടനിലുമുള്ള സര്‍വകലാശാലകളില്‍ പാഠ്യവിഷയമാണെന്നും സന്തോഷ് കൃഷ്ണന്‍ അവകാശപ്പെടുന്നു.

എന്നാല്‍ ഇതേ വിഷയം ചാറ്റ് ജി.പി.ടിയോട് ചോദിച്ച സമയത്ത് തന്റെ നിര്‍മാണത്തിന് പിറകില്‍ ടെക് കമ്പനിയായ ഓപ്പണ്‍ എ ഐ ആണെന്നും സംഗമഗ്രാമന് യാതൊരു പങ്കില്ലെന്നുമാണ് മറുപടി ലഭിച്ചത്. കൂട്ടത്തില്‍ 14ാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ച സംഗമഗ്രാമന്‍ ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും പഠനം നടത്തിയ വ്യക്തിയാണെന്നും ചാറ്റ് ജി.പി.ടി മറുപടി നല്‍കി.

വിവാദമായ വാര്‍ത്തയെ പരിഹസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. സംഗമഗ്രാമനെക്കുറിച്ചുള്ള ചാറ്റ് ജി.പി.ടിയുടെ മറുപടിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ടെക് കമ്പനിയായ ഓപ്പണ്‍ എ.ഐ അവതരിപ്പിച്ച ചാറ്റ് ജി.പി.ടി.യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ന് സജീവമാണ്. വ്യത്യസ്ത ഭാഷകള്‍ മനസിലാക്കി വിഷയങ്ങള്‍ ക്രോഡീകരിച്ച് ഡാറ്റകള്‍ നല്‍കുന്ന എ.ഐ പ്രോഗാമാണിത്.

ചാറ്റ് ജി.പി.ടിയുടെ കടന്ന് വരവോടെ ഇന്റര്‍നെറ്റ് സെര്‍ച്ചിങ് രീതിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് ടെക് ലോകത്ത് നിന്നുള്ളവാര്‍ത്തകള്‍. ലോകത്ത് നിലവിലുള്ള മലയാളമടക്കമുള്ള നിരവധി ഭാഷകളില്‍ ചാറ്റ് ജി.പി.ടിയില്‍ വിവരങ്ങള്‍ തേടാവുന്നതാണ്.

Content Highlight: Chat GPT denied news sangagramas contribution in its invention

We use cookies to give you the best possible experience. Learn more