മുംബൈ: ദംഗല്‍ സിനിമയിലെ ദേശീയ ഗാന രംഗത്തിനിടെ എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് മുംബൈ തിയേറ്ററില്‍ 59 കാരന് മര്‍ദ്ദനം.
അമല്‍രാജ് ദാസന്‍ എന്നയാളാണ് മര്‍ദ്ദനത്തിന് ഇരയായത്. തിയേറ്ററില്‍ അടുത്തിരുന്ന ആള്‍ അമല്‍രാജന്റെ മുഖത്ത് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
“ദംഗല്‍” പ്രദര്‍ശിപ്പിക്കുന്ന ഗോരിഗാവണ്‍ തിയേറ്ററിലായിരുന്നു. അമല്‍രാജിനെ മര്‍ദ്ദിച്ച ശ്രീരിഷ് മധുകര്‍ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
തന്നെ മര്‍ദ്ദിച്ചതിന് ശേഷം അയാള്‍ തന്നെ ചീത്തവിളിച്ചെന്നും ദാസന്‍ പറയുന്നു. സിനിമയുടെ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനം വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതിനോടൊപ്പം സിനിമയില്‍ ദേശീയഗാനം കേള്‍ക്കുമ്പോഴും എഴുന്നേറ്റ് നില്‍ക്കേണ്ടതുണ്ടോയെന്നും ദാസന്‍ ചോദിക്കുന്നു.
നായക കഥാപാത്രം മഹാവീര്‍ ഫൊഗട്ടിന്റെ മകള്‍ ഗീത ഫൊഗട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ഒരു രംഗമുണ്ട് ദംഗലില്‍. സമ്മാന ദാന ചടങ്ങില്‍ പശ്ചാത്തലമായി ദേശീയ ഗാനവും കടന്നുവരുന്നുണ്ട്. ഈ സമയത്ത് എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ചായിരുന്നു അമല്‍രാജ് ദാസന് മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ ഐ.പി.സി സെഷന്‍ 323,504 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് പറഞ്ഞു.