| Saturday, 1st June 2024, 7:09 pm

സംസ്‌കൃത പാഠപുസ്തകത്തിന്റെ ഭാഗമാകുന്ന അയ്യങ്കാളി, അടുക്കളയില്‍ ജോലി ചെയ്യുന്ന പുരുഷനും; ചര്‍ച്ചയായി പാഠപുസ്തകങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സമത്വത്തിലേക്ക് മാറുന്ന അടക്കുളയെയും അയ്യങ്കാളിയുടെ ജീവചരിത്രത്തിന്റെ ഭാഗവും കേരളത്തിലെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയത് ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ. മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലാണ് സമത്വത്തെ ഉയര്‍ത്തിക്കാട്ടുന്ന പാഠഭാഗം ഉള്‍പ്പെടുത്തിയത്. ഏഴാം ക്ലാസിലെ സംസ്‌കൃത പാഠപുസ്തകത്തിലാണ് അയ്യങ്കാളിയുടെ ജീവചരിത്രത്തിന്റെ ഭാഗം ഉള്‍പ്പെടുത്തിയത്.

അടുക്കളയിലെ ജോലികള്‍ സ്ത്രീകളുടെത് മാത്രമെന്ന പരമ്പരാഗത കാഴ്ചപ്പാടുകള്‍ മാറ്റുന്നതാണ് പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രം.

വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള എന്ന തലക്കെട്ടോടെയാണ് ചിത്രം നല്‍കിയിരിക്കുന്നത്. കുടുംബം ഒന്നാകെ അടുക്കളയിലെ ജോലികളില്‍ പങ്കാളികളാകുന്നതാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.

മുന്‍കാലങ്ങളില്‍ അടുക്കള പണികള്‍ സ്ത്രീകളുടെത് മാത്രമെന്ന കാഴ്ച്ചപ്പാടിനെ തിരുത്തി അച്ഛനും അമ്മയും മക്കളുമെല്ലാം ഒരുമിച്ച് ഭാഗമാകുന്ന അടുക്കളെയാണ് കുട്ടികള്‍ക്ക് മുന്നിലേക്ക് മാതൃകാപരമായ ചിത്രമായി എത്തുന്നത്. ഭക്ഷണം പാകം ചെയ്യുന്ന അമ്മയ്‌ക്കൊപ്പം തേങ്ങ ചിരവി അടുക്കള ജോലിയില്‍ സഹായിക്കുന്ന അച്ഛനുമുണ്ട് ചിത്രത്തില്‍.

അതോടെപ്പം തന്നെ പാവയുമായി കളിക്കുന്ന ആണ്‍കുട്ടിയെയും ചിത്രത്തില്‍ കാണാം. കുട്ടിക്കാലം മുതല്‍ ഭൂരിഭാഗം വീടുകളിലും കുട്ടികള്‍ക്കിടയില്‍ തെറ്റായി പകര്‍ന്ന് നല്‍കുന്ന കാര്യമാണ് പാവകള്‍ ഉപയോഗിച്ച് കളിക്കേണ്ടത് പെണ്‍കുട്ടികളാണെന്നും ബാറ്റും ബോളും കാറുമൊക്കെയാണ് ആണ്‍കുട്ടികളുടെ കളിപ്പാട്ടമെന്നും. എന്നാല്‍ ഇത്തരം തെറ്റായ കാഴ്ചപ്പാടുകള്‍ തിരുത്തുന്നതാണ് മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ അടുക്കള ഭാഗം.

കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. .

Content Highlight: Textbooks in Kerala as discussion

We use cookies to give you the best possible experience. Learn more