ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബിന്റെ പേരിലുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കോളേജിലേക്ക് ഹിജാബ് ധരിച്ചുവെന്ന കാരണത്തല്‍ 58 വിദ്യാര്‍ത്ഥിനികളെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ശക്തമാവുന്നത്.
കര്‍ണാടക, ഷിവമോഗ ജില്ലയിലെ ഷിരാല്‍കൊപ്പയിലെ കേളേജിലാണ് ഹിജാബ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികലെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഹിജാബ് മാറ്റാനാവശ്യപ്പെട്ടിട്ടും വിസമ്മതിക്കുകയും പ്രകടനം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് കോളേജിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടിയുണ്ടായിരിക്കുന്നത്.
വെള്ളിയാഴ്ച തങ്ങളെ സസ്‌പെന്റ് ചെയ്‌തെന്നും, ഇനി കോളേജിലേക്ക് വരേണ്ടതില്ല എന്നാണ് കോളേജ് അധികൃതര്‍ തങ്ങളോട് പറഞ്ഞിരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ശനിയാഴ്ച അവര്‍ കോളേജിലെത്തുകയും ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
‘ഞങ്ങള്‍ കോളേജിലേക്കെത്തിയപ്പോള്‍ നിങ്ങളെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്തതാണെന്നും നിങ്ങള്‍ കോളേജിലേക്ക് വരേണ്ട എന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്. പൊലീസും ഞങ്ങളോട് പോകരുതെന്നാണ് ആവശ്യപ്പെടുന്നത്. ഞങ്ങള്‍ ഇക്കാര്യം സംസാരിക്കാനാണ് ഇവിടെയെത്തിയിരിക്കുന്നത്. എന്നാല്‍ ആരും തന്നെ ഞങ്ങളോട് സംസാരിക്കാന്‍ പോലും തയ്യാറാവുന്നില്ല,’ വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.
അതേസമയം, ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മതാചാരമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ അത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ല ഹിജാബ് നിരോധനമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാടെടുത്തത്.
കര്‍ണാടക സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗിയാണ് കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് വിലക്കിയതിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്ന ഹൈക്കോടതി ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഇക്കാര്യം അറിയിച്ചത്.
ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് നിയമാനുസൃതമാണെന്നും അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും എ.ജി പറഞ്ഞു.
‘ഉത്തരവ് വിദ്യാഭ്യാസ നിയമവുമായി യോജിച്ചുപോകുന്നതാണെന്നാണ് ആദ്യമായി പറയാനുള്ളത്. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമില്‍ അനിവാര്യമായ മതപരമായ ആചാരത്തില്‍ പെടുന്നില്ല എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. മൂന്നാമത്തേത്, ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനാപരമായ അവകാശത്തില്‍ ഉള്‍പ്പെടുന്ന ഒന്നല്ല’, നവദ്ഗി കോടതിയില്‍ കൂട്ടിച്ചേര്‍ത്തു.
മതപരമായ വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഉത്തരവ് വ്യക്തമാണെന്നും ഇക്കാര്യത്തില്‍ രേഖാമൂലം അപേക്ഷ തന്നാല്‍ മാത്രമേ തങ്ങള്‍ക്ക് ഇടപെടാനാകൂവെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
Content Highlight: 58 girls suspended from colleges in Karnataka’s Shiralakoppa for wearing Hijab, holding protest