| Sunday, 16th June 2024, 12:38 pm

മദ്യ ഫാക്ടറിയിൽ നിർബന്ധിത ബാലവേല; മധ്യപ്രദേശിൽ 58 കുട്ടികളെ രക്ഷപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: ദേശീയ ബാലാവകാശ കമ്മീഷനും പൊലീസും മദ്യ ഫാക്ടറിയിൽ നിർബന്ധിത ബാലവേല ചെയ്തിരുന്ന 58 കുട്ടികളെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ റൈസണിലെ സോം ഡിസ്റ്റിലറീസ് മദ്യ ഫാക്ടറിയിലാണ് അനധികൃതമായി കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിപ്പിച്ചിരുന്നത്. രക്ഷപ്പെടുത്തിയതിൽ 20 പേർ പെൺകുട്ടികളാണ്.

ബിയർ, ഇന്ത്യൻ നിർമിത വിദേശമദ്യം എന്നിവ നിർമിക്കുന്നതും വിതരണം ചെയ്യുന്നതുമായ ഐ.എസ്.ഒ സാക്ഷ്യപ്പെടുത്തിയ കമ്പനികളുടെ ഗ്രൂപ്പ് ആണ് സോം ഡിസ്റ്റലറീസ്.

ദേശീയ ബാലാവകാശ കമ്മീഷന്റെ ഒരു സംഘം സോം ഡിസ്റ്റിലറീസിന്റെ പരിസരത്തു നടത്തിയ പരിശോധനയിലാണ് ബാലവേല നടക്കുന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിന്റെ സഹായത്തോടെ കുട്ടികളെ രക്ഷിക്കുകയായിരുന്നു.

രാസവസ്തുക്കളുടെ സമ്പർക്കം മൂലം പല കുട്ടികളുടെയും കൈകൾക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക കൂനംഗോ പറഞ്ഞു.

ഫാക്ടറി ഉടമകൾക്കും മാനേജ്മെന്റിനുമെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റൈസൺ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒപ്പം ഫാക്ടറികൾ സീൽ ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് വേതനമോ ഭക്ഷണമോ ഉടമകൾ നൽകിയില്ലെന്നും നിർബന്ധിതമായി ബാലവേല ചെയ്യിപ്പിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതോടൊപ്പം കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കുട്ടികൾക്ക് അവർ വേതനം നൽകിയിരുന്നില്ല. മാത്രമല്ല ദിവസം 12 -14 മണിക്കൂർ ഇവർ ജോലിചെയ്യേണ്ടി വന്നിരുന്നു. പല കുട്ടികളുടെയും കൈകൾക്ക് പൊള്ളലുണ്ട് മദ്യനിർമാണത്തിനായുള്ള രാസവസ്തുക്കൾ കൈയിലായതാണ് പൊള്ളലിന് കാരണം,’ റൈസൺ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബീഹാർ ,ജാർഖണ്ഡ്, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 14 നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.

കച്ചവടക്കാരും മധ്യസ്ഥരും നൽകുന്ന വ്യാജ വാഗ്ദാനങ്ങളിൽ രക്ഷിതാക്കൾ വീഴുന്നതിനാലാണ് കുട്ടികൾ ഇത്തരം ഇടങ്ങളിൽ എത്തിപ്പെടുന്നതെന്ന് ബാലാവകാശ കമ്മീഷന്റെ ചെയർപേഴ്സൺ പ്രിയങ്ക കൂനംഗോ പറഞ്ഞു

ഡിസ്റ്റിലറിയുടെ പരിസരത്ത് പ്രവർത്തിച്ചിരുന്ന എക്സൈസ് ഉദ്യോഗസ്ഥനെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Content Highlight : 58 child workers with burnt hands rescued from Som Distilleries liquor factory in Madhya Pradesh’s Raisen

We use cookies to give you the best possible experience. Learn more