ന്യൂദൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ UDISE ഡാറ്റ പ്രകാരം രാജ്യത്തെ 57 ശതമാനം സ്‌കൂളുകളിൽ മാത്രമേ പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ ഉള്ളൂ. അതിൽ തന്നെ 53 ശതമാനം സ്‌കൂളുകളിൽ മാത്രമാണ് ഇൻ്റർനെറ്റ് സൗകര്യമുള്ളത്. രാജ്യത്തുടനീളമുള്ള സ്കൂൾ വിദ്യാഭ്യാസ ഡാറ്റ സംയോജിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം പരിപാലിക്കുന്ന ഒരു ഡാറ്റാ അഗ്രഗേഷൻ പ്ലാറ്റ്ഫോമാണ് ഏകീകൃത ജില്ലാ ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ (UDISE) പ്ലസ്.
90 ശതമാനത്തിലധികം സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, ലിംഗാധിഷ്‌ഠിത ടോയ്‌ലറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, ഫങ്ഷണൽ ഡെസ്‌ക്‌ടോപ്പ്, ഇൻ്റർനെറ്റ് ആക്‌സസ്, ഹാൻഡ്‌റെയിലുകളുള്ള റാമ്പുകൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഇപ്പോഴും പരിമിതമായി തന്നെ തുടരുകയാണ്.
57.2 ശതമാനം സ്‌കൂളുകളിൽ മാത്രമേ പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ ഉള്ളൂ. അതിൽ തന്നെ 53.9 ശതമാനം സ്കൂളുകളിലാണ് ഇന്റർനെറ്റ് സൗകര്യം ഉള്ളത്. വിദ്യാലയത്തിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 2023-24ൽ മൊത്തം വിദ്യാർത്ഥികളുടെ എണ്ണത്തിൽ 37 ലക്ഷം കുറവുണ്ടായി.
മിഡിൽ, സെക്കണ്ടറി ലെവലുകൾ യഥാക്രമം 89.5 ശതമാനം 66.5 ശതമാനം കുട്ടികളാണ് ചേർന്നത്. ഉന്നത വിദ്യാഭ്യാസ തലങ്ങളിൽ കൊഴിഞ്ഞുപോക്ക് നിരക്ക് കുത്തനെ ഉയർന്നു. മിഡിൽ സ്കൂളിലെ കൊഴിഞ്ഞ് പോക്ക് 5.2 ശതമാനമാണ്. ഇത് സെക്കൻഡറി ഘട്ടത്തിൽ എത്തുമ്പോൾ 10.9 ശതമാനമായി വർധിച്ചു.
‘2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കീഴിലുള്ള ശ്രമങ്ങൾക്കിടയിലും, അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൾ സാർവത്രിക വിദ്യാഭ്യാസത്തിലേക്കുള്ള നമ്മുടെ പുരോഗതിയെ തടസപ്പെടുത്തുന്നു,’ വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു
Content Highlight: 57 pc schools have functional computers, 53 pc have Internet access: Education ministry